Friday, November 16, 2018 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 01.04 AM

സഹോദരനെ വിദേശത്തേക്കു യാത്രയാക്കാന്‍ പോയ യുവാവും 4 സുഹൃത്തുക്കളും കാറപകടത്തില്‍ മരിച്ചു

uploads/news/2018/07/234727/1.jpg

പെരുമ്പാവൂര്‍: സുഹൃത്തുക്കളെ യാത്രയാക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുവന്ന യുവാക്കള്‍ സഞ്ചരിച്ച കാര്‍ അമിതവേഗത്തില്‍ ശബരിമല തീര്‍ഥാടകരുടെ ബസിലിടിച്ച്‌ ഇടുക്കി ഏലപ്പാറ സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്ക്‌. ഒരാളുടെ നില ഗുരുതരം. ബുധനാഴ്‌ച അര്‍ധരാത്രി 12.45ന്‌ പെരുമ്പാവൂര്‍ കാരിക്കോട്‌ വളവിലാണ്‌ അപകടം.
ഏലപ്പാറ ഫയര്‍ ഫീല്‍ഡ്‌ എസ്‌റ്റേറ്റില്‍ തണ്ണിക്കാനം സ്‌റ്റീഫന്റെ മകന്‍ ജിനീഷ്‌(22), മൂലയില്‍ വില്‍സന്‍ മകന്‍ വിജയ്‌ (25), സെബിന്‍ വാരി എസ്‌റ്റേറ്റില്‍ ഹരിയുടെ മകന്‍ കിരണ്‍(22), ചെമ്മണ്ണ്‌ എസ്‌റ്റേറ്റില്‍ റോയിയുടെ മകന്‍ ഉണ്ണി(22), പുത്തന്‍പുരയ്‌ക്കല്‍ യേശുദാസിന്റെ മകന്‍ ജെറിന്‍ (20) എന്നിവരാണു മരിച്ചത്‌. ജെറിന്റെ സഹോദരന്‍ ജെബിനെ(24)യും മറ്റുരണ്ടുപേരെയും ഒമാനിലേക്കു യാത്രയാക്കാനാണ്‌ സംഘം രണ്ടുകാറുകളിലായി തിരിച്ചത്‌. ജെബിനും കറ്റുമുടി സോമരാജന്റെ മകന്‍ സുജിത്തി(22)നുമാണു പരുക്കേറ്റത്‌. സുജിത്തിന്റെ നില ഗുരുതരമാണ്‌. ഇരുവരും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കാറിലുണ്ടായിരുന്നവരാണ്‌അപകടത്തില്‍പ്പെട്ടവരെല്ലാം. ഏഴുപേരാണ്‌ അപകടസമയം കാറിലുണ്ടായിരുന്നത്‌.
ജെബിനൊപ്പം ഏലപ്പാറ സ്വദേശികളായ വിഷ്‌ണുവും തോമസുമാണ്‌ ജോലിക്കായി ഒമാനിലേക്കു തിരിച്ചത്‌. വിജയ്‌ ആയിരുന്നു ജെബിന്‍ കയറിയ ഷെവര്‍ലെ ബീറ്റ്‌ കാര്‍ ഓടിച്ചത്‌. അഞ്ചുപേരുമായിട്ടായിരുന്നു കാര്‍ ഏലപ്പാറയില്‍നിന്നു യാത്ര തുടങ്ങിയത്‌. മറ്റുളളവര്‍ വിഷ്‌ണുവിനും തോമസിനുമൊപ്പം മറ്റൊരു കാറിലും. ഇടയ്‌ക്കു ഭക്ഷണം കഴിച്ചശേഷം രണ്ടുപേര്‍ കൂടി ജിബിന്റെ കാറില്‍ കയറി. വിഷ്‌ണുവും സംഘവും മുന്നിലായിരുന്നു. ഇവര്‍ക്കൊപ്പമെത്താനുള്ള ശ്രമവും വിമാനത്താവളത്തിലെത്താന്‍ വൈകിയെന്ന ആധിയുമാണ്‌ അമിതവേഗത്തിലേക്കു നയിച്ചതെന്നു കരുതുന്നു. കാരിക്കോട്‌ വളവില്‍വച്ച്‌ എതിരേവന്ന തടിലോറിക്കു പിന്നിലുണ്ടായിരുന്ന ബസിലേക്ക്‌ കാര്‍ ഇടിച്ചു കയറുകയായിരുന്നു. ആന്ധ്രയില്‍നിന്നുവന്ന ശബരിമല തീര്‍ഥാടകരുടേതായിരുന്നു ബസ്‌. ഇടിച്ചുകയറിയ കാറും ബസിന്റെ മുന്‍വശവും തകര്‍ന്നു.
വിമാനത്താവളത്തില്‍ എത്തിയ സുഹൃത്തുക്കള്‍ ജെബിനെയും സംഘത്തെയും തുടര്‍ച്ചയായി വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ചെക്ക്‌ഇന്‍ സമയമായതുകൊണ്ട്‌ വിഷ്‌ണുവും തോമസും വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചു. അവര്‍ക്ക്‌ ഒപ്പമുണ്ടായിരുന്നവര്‍ വിളി തുടര്‍ന്നപ്പോഴാണ്‌ അപകടമറിഞ്ഞത്‌. എന്നാല്‍ വിമാനത്തിന്റെ സമയമായതോടെ വിഷ്‌ണുവും തോമസും യാത്ര തുടരാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ജയയാണ്‌ വിജയ്‌യുടെ അമ്മ. ഭാര്യ: അശ്വതി. ആറു മാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്‌. പൊതുദര്‍ശനത്തിനു ശേഷം വിജയിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പരേതയായ ജിന്‍സ്‌ മേരിയാണ്‌ ജനീഷിന്റെ അമ്മ. സഹോദരി ജനീഷ. സംസ്‌കാരം ബോണാമി സി.എസ്‌.ഐ പള്ളിയില്‍ നടത്തി. ക്രിസ്‌റ്റീനയാണ്‌ ജെറിന്റെ അമ്മ. സംസ്‌കാരം ഇന്ന്‌ ബോണാമി സി.എസ്‌.ഐ പള്ളിയില്‍. സുധയാണ്‌ കിരണിന്റെ അമ്മ. സഹോദരങ്ങള്‍: സുജിത്ത്‌, ഹരിത. പ്രമീളയാണ്‌ ഉണ്ണിയുടെ അമ്മ. സഹോദരന്‍: അനിയന്‍. കിരണിന്റേയും ഉണ്ണിയുടേയും സംസ്‌കാരം ഇന്ന്‌ ചെമ്മണ്ണിലെ പൊതുശ്‌മശാനത്തില്‍ നടക്കും.

Ads by Google
Advertisement
Friday 20 Jul 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW