Friday, September 14, 2018 Last Updated 47 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 20 Jul 2018 12.23 AM

മഴ ശക്‌തമായി തുടരുന്നു: തെന്മല ഡാം തുറന്നു

uploads/news/2018/07/234634/2.jpg

കൊല്ലം: മഴ വീണ്ടും ശക്‌തിപ്രാപിച്ചതോടെ ജില്ലയില്‍ വന്‍ നാശനഷ്‌ടം. ജലനിരപ്പ്‌ ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ തെന്മല ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ രാവിലെ തുറന്നു.
ജലനിരപ്പ്‌ 114.56ല്‍ എത്തിയതിനെ തുടര്‍ന്നാണ്‌ ഡാമിന്റെ മുന്നു ഷട്ടറുകള്‍ അഞ്ചു സെന്റീമീറ്റര്‍ തുറന്നത്‌. ഇതോടെ കല്ലടയാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു ജില്ല കലക്‌ടര്‍ മുന്നറിയിപ്പു നല്‍കി.
മഴ ശക്‌തമായി തുടരുന്നതിനാല്‍ മണ്‍ട്രോതുരുത്തില്‍ ജലനിരപ്പ്‌ ഉയരുന്നതായി റിപ്പോര്‍ട്ടുണ്ട്‌.
ഇതിന്റെ അടിസ്‌ഥാനത്തില്‍ പെരുങ്ങാലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ നാളെയും മറ്റന്നാളും അവധിയായിരിക്കും. ഇന്നലെ പെരുങ്ങാലം സ്‌കൂളില്‍ നിന്നു കുട്ടികളെ കൊണ്ടുപോകുന്നതിനായി ഒരു അഡീഷണല്‍ ബോട്ട്‌ സര്‍വീസ്‌ പെരുങ്ങാലത്തിനും കോയിവിളക്കും ഇടയില്‍ ജില്ലാ കലക്‌ടര്‍ ഏര്‍പ്പെടുത്തി.
ദുരിതാശ്വാസ ക്യാമ്പ്‌ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി ക്ലാപ്പന വരവിള എല്‍.പി. സ്‌കൂളിന്‌ ഇന്നും നാളെയും അഥവാ ക്യാമ്പ്‌ അവസാനിക്കുന്നതുവരെ അവധി നല്‍കി.
ജില്ലയില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി നിരവധിപേരെ പാര്‍പ്പിച്ചിരിക്കുന്നു. കരുനാഗപ്പള്ളി ഓച്ചിറ വേലുക്കുട്ടി സ്‌മാരക മന്ദിരത്തില്‍ നാലു കുടുംബങ്ങളിലെ 18 പേരും കരുനാഗപ്പള്ളി ക്ലാപ്പന വരവിള എല്‍.പി.എസില്‍ 41 കുടുംബങ്ങളിലെ 85 പേരും കൊറ്റങ്കര ഗോപികാസദനം ഗവ. എല്‍.പി.എസില്‍ 31 കുടുംബങ്ങളിലെ 159 പേരും തൃക്കോവില്‍വട്ടം വില്ലേജില്‍ ചെറിയേല ഗവ. എല്‍.പി.എസില്‍ 19 കുടുംബങ്ങളിലെ 65 പേരും കഴിയുന്നു.
തൃക്കോവില്‍വട്ടം വില്ലേജില്‍ താഴംപണ, നടുവിലക്കര ഭാഗങ്ങളില്‍ വെള്ളം കയറിയ 19 വിടുകളിലെ 31 പുരുഷന്മാര്‍, 29 സ്‌ത്രീകള്‍, അഞ്ചു കുട്ടികള്‍ ഉള്‍പ്പടെ 65 പേരെ ചെറിയേല ഗവ. എല്‍.പി സ്‌കൂളിലേക്ക്‌ മാറ്റി പാര്‍പ്പിച്ചു.
ശാസ്‌താംകോട്ട: കനത്ത മഴയില്‍ മൈനാഗപ്പള്ളി തുഷാര പ്രസിന്‌ സമീപം പ്രവര്‍ത്തിക്കുന്നഅങ്കണവാടി കെട്ടിടത്തിലെ കഞ്ഞിപ്പുര തകര്‍ന്നു വീണു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 40 വര്‍ഷം പഴക്കമുള്ള വാടക കെട്ടിടത്തിലാണ്‌ അങ്കണവാടി പ്രവര്‍ത്തിച്ചുവന്നത്‌.
കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടത്തില്‍ ഭയന്നാണ്‌ 16 കുട്ടികളും ജീവനക്കാരും എത്തിയിരുന്നത്‌. നിരവധി തവണ അധികൃതര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ നടപടിയെടുത്തില്ലെന്ന്‌ ആക്ഷേപമുണ്ട്‌.
കൊല്ലം-തേനി ദേശീയപാതയില്‍ ഭരണിക്കാവ്‌ കടപുഴ ഉപരികുന്നം ക്ഷേത്രത്തിന്‌ സമീപം ചരുവിലായി നിന്ന മരം മരം കടപുഴകി വീണ്‌ റോഡ്‌ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. തലനാരിഴയ്‌ക്കാണ്‌ വന്‍ അപകടം ഒഴിവായത്‌. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ്‌ റോഡിലേക്ക്‌ വലിയ ശബ്‌ദത്തോടെ മരം കടപുഴകി വീണത്‌.
ഈ സമയം റോഡില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എതിര്‍വശത്തെ ലാന്റ്‌ ബേക്കറിക്ക്‌ നാശനഷ്‌ടം സംഭവിച്ചു. അഞ്ചോളം വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. ഇതുമൂലം പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും തടസപ്പെട്ടു.
ശാസ്‌താംകോട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മരം മുറിച്ചു മാറ്റുന്നതിനുള്ള മെഷീന്‍ ഇല്ലാത്തതിനാല്‍ കുണ്ടറയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്‌ഥലത്തെത്തി.
ദേശീയപാതയിലെ ഗതാഗതക്കുരുക്കു മാറ്റുന്നതിനായി കൊല്ലം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കാരാളിമുക്കു വഴിയും ഭരണിക്കാവില്‍ നിന്നുള്ള വാഹനങ്ങള്‍ ചീക്കല്‍കടവു വഴിയും തിരിച്ചുവിട്ടു.

Ads by Google
Advertisement
Friday 20 Jul 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW