Thursday, November 15, 2018 Last Updated 15 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 16 Jul 2018 12.42 AM

ശക്‌തമായ കാറ്റും മഴയും: ജില്ലയില്‍ വ്യാപക നാശനഷ്‌ടം

uploads/news/2018/07/233664/2.jpg

കൊല്ലം: ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന ശക്‌തമായ മഴയില്‍ വ്യാപക നാശനഷ്‌ടം. കൊല്ലം-പുനലൂര്‍ റെയില്‍ പാതയില്‍ മരംവീണ്‌ 40 മിനിട്ടോളം ഗതാഗതം തടസപ്പെട്ടു. കടല്‍ക്ഷോഭംമൂലം തീരദേശത്ത്‌ പല കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. താഴ്‌ന്ന പ്രദേശങ്ങളില്‍നിന്നും പലരെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക്‌ മാറ്റി.
കിളികൊല്ലൂര്‍ മണ്ണമലയില്‍ വീടിനു മുകളില്‍ മരണം വീണു നാലുപേര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌.
പ്രകൃതിക്ഷോഭം കണക്കിലെടുത്ത്‌ ജില്ലയിലെ ഉദ്യോഗസ്‌ഥര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അഞ്ചാലുംമൂട്‌, കിളികൊല്ലൂര്‍, പരവൂര്‍, ജില്ലയുടെ കിഴക്കന്‍ മേഖലയുള്‍പ്പെടെ പല ഭാഗങ്ങളിലും ശക്‌തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ്‌ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു.
കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ മൂന്നാംകുറ്റിക്ക്‌ സമീപവും ഇളമ്പള്ളൂര്‍-ചിറ്റുമല റോഡില്‍ കുണ്ടറ ഫയര്‍ സ്‌റ്റേഷനു സമീപവും മരം വീണ്‌ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
മയ്യനാട്‌ ധവളക്കുഴി വയലില്‍ വീട്ടില്‍ സോമനാഥന്‍പിള്ളയുടെ വീടിന്റെ ഓടു മേഞ്ഞ മേല്‍ക്കൂര തകര്‍ന്നു. ഇന്നലെ രാവിലെ 11-നായിരുന്നു സംഭവം. അകത്തെ മുറിയില്‍ വിശ്രമിക്കുകയായിരുന്ന സോമനാഥന്‍പിള്ള ശബ്‌ദം കേട്ട്‌ പുറത്തേക്ക്‌ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പ്രായാധിക്യം മൂലം അവശതയിലായ ഇയാള്‍ വീട്ടില്‍ ഒറ്റയ്‌ക്കാണ്‌ താമസം. വീടിന്റെ അറ്റകുറ്റപ്പണിക്കും പുതിയ വീടിനായും നിരവധി തവണ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഇദ്ദേഹം പറയുന്നു.
മുണ്ടയ്‌ക്കലെ തീരദേശ റോഡ്‌ തകര്‍ന്നു. പ്രദേശത്തെ വീടുകള്‍ക്ക്‌ നാശനഷ്‌ടം സംഭവിച്ചില്ല. ചിറക്കരയില്‍ വീടിന്റെ മുകളിലേക്ക്‌ കുന്ന്‌ ഇടിഞ്ഞുവീണ്‌ ഭാഗികനാശം സംഭവിച്ചു.
ഓച്ചിറ ഗ്രാമപഞ്ചായത്ത്‌ 12-ാം വാര്‍ഡില്‍ പ്രകൃതിക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്ന നാലു കുടുംബങ്ങളില്‍പ്പെട്ട 18 പേരെ ഓച്ചിറ വേലുക്കുട്ടി സ്‌മാരക മന്ദിരത്തില്‍ മാറ്റി പാര്‍പ്പിച്ചു.കരുനാഗപ്പള്ളിയില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും 30 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഉദ്ദേശം ആറുലക്ഷം രുപയുടെ നാശനഷ്‌ടമാണ്‌ കണക്കാക്കുന്നത്‌. താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്നു വെള്ളം ഒഴുക്കി വിടാനുള്ള ശ്രമം തുടര്‍ന്നുവരുന്നു. ആലപ്പാട്ട്‌ ഏതാനും വീടുകളില്‍ കടല്‍ വെള്ളം കയറി.
ചാത്തന്നൂര്‍: രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയിലും ശക്‌തമായ കാറ്റിലും കൂറ്റന്‍ തേക്ക്‌ മരം കടപുഴകി വീടിനുമുകളിലേക്ക്‌ വീണു.
വീടിന്റെ ഭിത്തിയും ഓടു മേഞ്ഞ മേല്‍ക്കൂരയും തകര്‍ന്നു. ഒഴുകുപാറ പോളച്ചിറ മേലെ മുക്കില്‍ കുമാരന്റെ (60) വീടിനു മുകളിലാണ്‌ തേക്ക്‌ മരം വേരോടെ പിഴുതു വീണത്‌.
ഇന്നലെ പുലര്‍ച്ചെ 4.30-ഓടെയായിരുന്നു സംഭവം. വീടിന്റെ ബെഡ്‌റൂമിന്റെ ഭാഗത്താണ്‌ മേല്‍ക്കൂരയിലേക്കു മരം കടപുഴകി വീണത്‌.
കുമാരനും ഭാര്യ ഗിരിജയും ഒരു മകളും ഒരു ചെറുമകളുമാണ്‌ വീട്ടില്‍ ഉണ്ടായിരുന്നത്‌. ഈ റൂമില്‍ ആരുമില്ലായിരുന്നതിനാല്‍ അപകടം ഒഴിവായി.
രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയിലും ശക്‌തമായ കാറ്റിലും ഇരുപത്‌ അടിയോളം വരുന്ന കുന്ന്‌ ഇടിഞ്ഞു വീടിനുമുകളിലേക്ക്‌ വീണു. വീടിന്റെ കിടപ്പുമുറി പൂര്‍ണമായി തകര്‍ന്നു.
ചാത്തന്നൂര്‍ ഉളിയനാട്‌ തൊടിയില്‍ വീട്ടില്‍ ദിനേശന്റെ (45) വീടിന്റെ റൂമാണ്‌ തകര്‍ന്നത്‌. ഇന്നലെ രാവിലെ നാലിനോടെയായിരുന്നു സംഭവം.
ദിനേശനും ഭാര്യയും രണ്ടു മക്കളുമാണ്‌ വീട്ടില്‍ ഉണ്ടായിരുന്നത്‌.
ഈ റൂമില്‍ ആരുമില്ലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ തോരാതെ പെയ്യുന്ന മഴയില്‍ കനത്ത നാശം. വിളക്കുടി ധര്‍മപുരിയില്‍ വീടിന്റെ മതിലിടിഞ്ഞു വീണതിനെ തുടര്‍ന്ന്‌ രണ്ടു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വിളക്കുടി അജ്‌മല്‍ മന്‍സിലില്‍ അഷ്‌റഫിന്റെ മതിലാണ്‌ അയല്‍വാസിയായ ആലിയത്ത്‌ മേലേതില്‍ ഷാജഹാന്റെ വീടിനു മുകളിലേക്ക്‌ ഇടിഞ്ഞു വീണത്‌. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.
അപകടാവസ്‌ഥയിലായിരുന്ന മതില്‍ ഉച്ചയോടെ വീണ്ടും ഇടിഞ്ഞു. വീടിനു ഭാഗികമായി കേടുപാടുകളും സംഭവിച്ചട്ടുണ്ട്‌. സംഭവത്തെ തുടര്‍ന്നു ഷാജഹാന്റെയും അഷ്‌റഫിന്റെയും കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്‌ മാറ്റി പാര്‍പ്പിച്ചു. ബന്ധപ്പെട്ട അധിക്യതരെ വിവരമറിയിച്ചട്ടും ഏറെ വൈകിയാണ്‌ എത്തിയതെന്നും ആക്ഷേപമുണ്ട്‌. കൊല്ലം-പുനലൂര്‍ റെയില്‍ പാതയില്‍ മരംവീണ്‌ ഏറെ നേരം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കുര റെയില്‍വേ സ്‌റ്റേഷനും കൊട്ടാരക്കരയ്‌ക്കും ഇടയിലുള്ള മൈലം ഭാഗത്താണ്‌ റെയില്‍വേ പാതയിലേക്ക്‌ മരം വീണത്‌. ഇതേ തുടര്‍ന്നു പുനലൂരില്‍ നിന്നും കൊല്ലത്തേയ്‌ക്കു പോയ പാസഞ്ചര്‍ ട്രെയിന്‍ 40 മിനിറ്റോളം നിര്‍ത്തിയിട്ടു. മരം മുറിച്ചു മാറ്റിയശേഷമാണ്‌ ഗതാഗതം പുനഃസ്‌ഥാപിച്ചത്‌.
ഓയൂര്‍: കനത്ത മഴയിലും കാറ്റിലും കുടവട്ടൂര്‍ ആശാന്‍മുക്കില്‍ നിര്‍മാണത്തിലിരുന്ന കോണ്‍ക്രീറ്റ്‌ വീട്‌ തകര്‍ന്നു. ആശാന്‍മുക്ക്‌ ലക്ഷംവീട്‌ കോളനിയില്‍ രാജമ്മയുടെ വീടാണ്‌ തകര്‍ന്നത്‌. കോണ്‍ക്രീറ്റ്‌ ചെയ്‌തശേഷം കഴിഞ്ഞദിവസമാണ്‌ തട്ടിളക്കിയത്‌. കശുവണ്ടിതൊഴിലാളിയായ രാജമ്മ കൊട്ടാരക്കര ബ്ലോക്കില്‍നിന്നും ഐ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച ധനസഹായത്തോടെ നിര്‍മിച്ച വീടായിരുന്നു. വീട്‌ പൂര്‍ണമായും തകര്‍ന്നത്‌ കുടുംബത്തിന്റെ തുടര്‍ന്നുള്ള ജീവിതം ആശങ്കയിലാക്കിയിരിക്കുകയാണ്‌.

Ads by Google
Advertisement
Monday 16 Jul 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW