ചടയമംഗലം: ജോലിഭാരം അധികമായതോടെ എല്‍. പി, യു.പി വിഭാഗങ്ങളിലെ പ്രധാനാധ്യാപകര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ആക്ഷേപം.
ഹൈസ്കൂള്‍തലം മുതല്‍ ക്ലര്‍ക്കുമാരാണ് ഓഫീസ് സംബന്ധമായ എഴുത്തുകുത്തുകള്‍ നിര്വഹിക്കുന്നതെങ്കില് എല്‍.പി, യു.പി വിഭാഗങ്ങളില്‍ ഇതെല്ലാം ചെയ്യേണ്ട ചുമതല പ്രധാന അധ്യാപകര്‍ക്കാണ്.
അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളത്തിനായി ബില്ലെഴുതുക, ഉച്ചഭക്ഷണത്തിനും മറ്റുമായി മാവേലി സ്റ്റോറുകളില്‍ പോയി അരിയും പലചരക്കു സാധനങ്ങളുമെത്തിക്കുക, പട്ടികജാതി,
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ തയാറാക്കി സമര്‍പ്പിക്കുന്നതോടൊപ്പം ബാങ്കില്‍ എത്തുന്ന പണം തിരികെയെടുത്തു വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുക,
ആഴ്ചയില്‍ അഞ്ചു പ്രവര്‍ത്തി ദിവസമുണ്ടെങ്കില്‍ രണ്ടു ദിവസം എ.ഇ.ഒ ഓഫീസും, മറ്റ് മൂന്ന് ദിവസം ഗ്രാമപഞ്ചായത്ത്, ബാങ്ക്, മാവേലി സ്റ്റോര്‍ എന്നിവടെങ്ങളിലൊക്കെ പോയിവരുമ്പോള്‍ ആഴ്ചയില്‍ ഒരുദിവസം പോലും സ്കൂളുകളിലെ കാര്യങ്ങള്‍ ഇവര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കുന്നുമില്ല.
മാത്രമല്ല സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം ഗ്രാമ പഞ്ചായത്ത് നിഷ്കര്‍ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, ഗ്രാമപഞ്ചായത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുക.സ്കൂളിന്റെ പൊതുവായ കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നിവയൊക്കെ പ്രധാനാധ്യാപകരുടെ ജോലികളാണ്.
പ്രധാനാധ്യാപകര്‍ വനിതകളായിട്ടുള്ള സ്കൂളുകളിലാണ് ബുദ്ധിമുട്ടുകള്‍ അധികവും നേരിടുന്നത്.
കിഴക്കന്‍മേഖലകളിലെ ഒട്ടുമിക്ക എല്‍.പി, യു.പി, സ്കൂളുകളിലേയും പ്രധാനാധ്യാപകര്‍ വനിതകളാണ്. പ്രധാന അധ്യാപകരുടെ ജോലിഭാരം കുറയ്ക്കണമെന്നാണു പൊതുവെയുള്ള ആവശ്യം.