Saturday, March 16, 2019 Last Updated 24 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.51 AM

ആറന്മുള വള്ളസദ്യ 15 ന്‌ ആരംഭിക്കും

uploads/news/2018/07/232963/1.jpg

പത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വഴിപാട്‌ വള്ളസദ്യകള്‍ 15 മുതല്‍ ഒക്‌ടോബര്‍ രണ്ട്‌ വരെ നടക്കും. ബുക്കിങ്‌ ഇതിനോടകം 325 കവിഞ്ഞു. ഈ വര്‍ഷവും വള്ളസദ്യ ക്രമീകരിക്കുന്നത്‌ ഏകജാലക സംവിധാനത്തില്‍ പാക്കേജുകളായിട്ടാണ്‌. ഒരു വള്ളസദ്യ നടത്തുന്നതിന്‌ കുറഞ്ഞത്‌ 250 പേര്‍ക്ക്‌ 65000 രൂപയും കൂടുതലായി വരുന്ന ഓരോ 50 പേര്‍ക്കും 6500 രൂപ നിരക്കിലുമായിരിക്കും. ഇതില്‍ ക്ഷേത്രത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന നെല്‍പറ, തെങ്ങിന്‍ പൂക്കുല ഉള്‍പ്പടെ വെച്ചൊരുക്ക്‌, നാഗസ്വരം, സ്വീകരണം, മാല-പൂവ്‌, മുത്തുക്കുട, ഓഡിറ്റോറിയം/പന്തല്‍ വാടക, സദ്യയുടെ തുക തുടങ്ങി എല്ലാ ചിലവുകളും അടങ്ങിയിരിക്കും. വഴിപാട്‌ നടത്തുന്ന ഭക്‌തന്‍ കരകള്‍ക്ക്‌ നല്‍കുന്ന ദക്ഷിണ ഒഴിച്ചുള്ള എല്ലാ ചെലവുകളും പാക്കേജ്‌ തുകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ദക്ഷിണ ഭക്‌തന്‍ തന്നെ പറ തളിച്ചതിന്‌ ശേഷം കരനാഥന്മാര്‍ക്ക്‌ സമര്‍പ്പിക്കണം. മറ്റൊരു ദക്ഷിണയും അനുവദിക്കുന്നതല്ല.
ഈ വര്‍ഷത്തെ വള്ളസദ്യകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ ഉദ്‌ഘാടനം ചെയ്യും.
വള്ളസദ്യ വഴിപാടുകള്‍ മികച്ച രീതിയില്‍ നടത്തുന്നതിന്‌ പള്ളിയോടസേവാസംഘം വിപുലമായ ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. വള്ളസദ്യ പന്തലുകളില്‍ വേണ്ട നിയന്ത്രണം നടത്തുന്നതിന്‌ ഓരോ കരയ്‌ക്കും അഞ്ചു ബാഡ്‌ജുകള്‍ വീതം നല്‍കും. കരനാഥന്മാര്‍ ഇവ ധരിച്ച്‌ കൊണ്ട്‌ തിരക്ക്‌ നിയന്ത്രിച്ച്‌ വഴിപാടുകാരേയും പള്ളിയോടത്തില്‍ വരുന്നവരേയും പന്തലില്‍ പ്രവേശിപ്പിക്കും. കൂടാതെ പ്രതിനിധികള്‍ അതാത്‌ കരകളുടെ സദ്യപന്തലുകളില്‍ ഉണ്ടായിരിക്കും. കരകളുടെയും കരനാഥന്മാരുടേയും സഹകരണം ഉറപ്പിക്കുവാന്‍ മൂന്നുമേഖലകളിലും മേഖല സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത്‌ അവരുടെ അഭിപ്രായം ആരായുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.
ആറന്മുള വള്ളസദ്യയില്‍ ഈ വര്‍ഷം ഹരിത നടപടിക്രമം പൂര്‍ണമായും പാലിക്കും. സ്‌റ്റീല്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കും. ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ രണ്ട്‌ ഊട്ടുപുരകള്‍, കൂടാതെ 200 പേര്‍ക്ക്‌ ഇരിക്കാവുന്ന എട്ട്‌ പന്തലുകള്‍ എന്നിവ ക്രമീകരിക്കും.
വള്ളസദ്യയുടെ നടത്തിപ്പിന്‌ മേല്‍നോട്ടം വഹിക്കുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പള്ളിയോടസേവാസംഘവും ഭക്‌തജന പ്രതിനിധികളും അടങ്ങുന്ന നിര്‍വഹണ സമിതി രൂപീകരിച്ചിട്ടുണ്ട്‌. പാചകത്തിന്‌ ഉപയോഗിക്കുന്ന വസ്‌തുക്കള്‍ ഗുണ നിലവാരമുള്ളതാണെന്നും വൃത്തിയുള്ള അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നുവെന്നും ഉറപ്പു വരുത്തുന്നതിനും ഫുഡ്‌ കമ്മിറ്റിയുടെയും വള്ളസദ്യ നിര്‍വഹണ സമിതിയുടെയും നേതൃത്വത്തില്‍ പാചകശാലകളില്‍ പരിശോധന നടത്തും.
ഈ വര്‍ഷത്തെ ഫുഡ്‌ കമ്മറ്റി കണ്‍വീനറായി ജി . സുരേഷ്‌കുമാര്‍ പുതുക്കുളങ്ങരെയും ജോയിന്റ്‌ കണ്‍വീനറായി വി.കെ. ചന്ദ്രന്‍ പിള്ളയേയും (ഇടനാട്‌) കിഴക്കന്‍ മേഖല കണ്‍വീനറായി പി.ആര്‍.വിശ്വനാഥന്‍ നായരേയും (ഇടക്കുളം) മദ്ധ്യമേഖല കണ്‍വീനറായി ഡി. രാജശേഖരന്‍ നായരേയും (ഇടയാറന്മുള) പടിഞ്ഞാറന്‍മേഖല കണ്‍വീനറായി കെ. എസ്‌. ഹരികുമാറിനേയും (പ്രയാര്‍) തെരഞ്ഞെടുത്തു.
14 ന്‌ അടുപ്പില്‍ അഗ്‌നി പകരും. വള്ളസദ്യയ്‌ക്ക്‌ തുടക്കം കുറിക്കുന്നതിനായി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മേല്‍ശാന്തി പകര്‍ന്നു നല്‍കുന്ന അഗ്‌നി 14 ന്‌ രാവിലെ 8.20 നും 8.50 നും മധ്യേ ഊട്ടുപുരയിലെ നിലവിളക്കില്‍ പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ ബി. കൃഷ്‌ണകുമാര്‍ കൃഷ്‌ണവേണി പകരും. അതിന്‌ ശേഷം പ്രധാന അടുപ്പില്‍ അഗ്‌നി പകരും.
ആറന്മുളയിലെ ഓണാഘോഷത്തിന്‌ തുടക്കം കുറിച്ച്‌ 15 മുതല്‍ വള്ളസദ്യ വഴിപാടുകള്‍ നടക്കും. അന്ന്‌ മുതലുള്ള 80 ദിവസം ആറന്മുളയുടെ ഉത്സവ കാലമാണ്‌. വഞ്ചിപ്പാട്ടിന്റേയും വഞ്ചി തുഴച്ചിലിന്റേയും താളങ്ങള്‍ പമ്പയില്‍ എങ്ങും ഉയരുന്ന 80 ദിവസത്തെ ഉത്സവകാലത്തെ വരവേല്‍ക്കാന്‍ 52 കരകളിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരുന്നു.
ഉ്രതട്ടാതി
ജലോത്സവം

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉ്രതട്ടാതി ജലോത്സവം ഓഗസ്‌റ്റ്‌ 29ന്‌ നടക്കും. ഉപരാഷ്ര്‌ടപതി എം. വെങ്കയ്യനായിഡു ഉദ്‌ഘാടനം ചെയ്യും. ഈ വര്‍ഷത്തെ ജലോത്സവത്തില്‍ എ ബാച്ചില്‍ 35ഉം ബി ബാച്ചില്‍ 17ഉം ഉള്‍പ്പെടെ 52 പള്ളിയോടങ്ങളാണ്‌ പങ്കെടുക്കുന്നത്‌.
തിരുവോണത്തോണി

തിരുവോണത്തോണിയുടെയും അറിയിപ്പു തോണിയുടെയും യാത്ര സുഗമമായി ക്രമീകരിക്കുന്നതിന്‌ പള്ളിയോട സേവാസംഘം ഈ വര്‍ഷം മുതല്‍ ഒരു സബ്‌ കമ്മറ്റി രൂപീകരിച്ച്‌ കണ്‍വീനറെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. സുരക്ഷയ്‌ക്കായി ബോട്ട്‌, യമഹവള്ളം എന്നിവ ഏര്‍പ്പെടുത്തും.
തിരുവോണത്തോണിക്ക്‌ അകമ്പടി സേവിക്കുന്നതിന്‌ കാട്ടൂര്‍ മഹാവിഷ്‌ണു ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങള്‍ക്ക്‌ ഈ വര്‍ഷം മുതല്‍ ആയിരം രൂപ വീതം ഗ്രാന്റ്‌ നല്‍കും. സാമൂഹിക സേവന പദ്ധതി - വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു. പള്ളിയോട സേവാ സംഘം 52 പള്ളിയോട കരകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓരോ കുട്ടിക്ക്‌ 3000 വീതം വിദ്യാഭ്യാസ ധനസഹായം നല്‍കും. 15 ന്‌ ഉച്ച കഴിഞ്ഞ്‌ രണ്ടിന്‌ ആറന്മുള എന്‍.എസ്‌.എസ്‌. ഗസ്‌റ്റ്‌ ഹൗസില്‍ കൂടുന്ന കരനാഥന്മാരുള്‍പ്പടെ ഉള്ളവര്‍ പങ്കെടുക്കുന്ന സംയുക്‌ത പൊതുയോഗത്തില്‍ വിദ്യാഭ്യാസ ധനസഹായവും കരകള്‍ക്കുള്ള അഡ്വാന്‍സ്‌ ഗ്രാന്റും വിതരണം ചെയ്യും.
അഷ്‌ടമിരോഹിണി വള്ളസദ്യ

ഓഗസ്‌റ്റ്‌ രണ്ടിന്‌ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വള്ളസദ്യയില്‍ 52 പള്ളിയോടങ്ങളില്‍ എത്തുന്നവര്‍ ഉള്‍പ്പടെ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന്‌ കരുതുന്നു. അഷ്‌ടമിരോഹിണി ദിവസം ഒരു പള്ളിയോടത്തിനു വള്ളസദ്യ നടത്തുന്നതിന്‌ 10,000 രൂപയുടെ കൂപ്പണുകളാണ്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ അംഗീകരിച്ചു നല്‍കിയിട്ടുള്ളത്‌. ഒരു വള്ളസദ്യ നടത്തുന്നവര്‍ക്ക്‌ 15 സദ്യ കൂപ്പണുകള്‍ നല്‍കും.
അഷ്‌ടമിരോഹിണി വള്ളസദ്യയുടെ കൂപ്പണ്‍ വിതരണോദ്‌ഘാടനം 19ന്‌ ഉച്ചയ്‌ക്ക്‌ 11.30ന്‌ പാര്‍ഥസാരഥി ക്ഷേത്രാങ്കണത്തില്‍ നടക്കും.

Ads by Google
Advertisement
Friday 13 Jul 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW