മലപ്പുറം: ഉള്‍ക്കാട്ടിലെ ഗുഹയില്ജനിച്ച് കൊച്ചി കുസാറ്റില്‍ എം.എ പഠിക്കുകയായിരുന്ന ചോലനായ്ക്ക ആദിവാസി വിഭാഗത്തിലെ ആദ്യ ബിരുദ വിദ്യാര്‍ഥി ഇന്ന് ബിരുദാനന്തര ബിരുദധാരിയായി.
കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി(കുസാറ്റ്)യില്‍ അപ്ലൈഡ് ഇക്കണോമിക്സില്‍ 10ല്‍ 7.5 ഗ്രേഡുനേടിയാണ് ചോലനായ്ക്ക വിദ്യാര്‍ഥിയായ വിനോദ് ബിരുദാനന്തരബിരുദം നേടിയത്.
തനിക്കും കുടുംബത്തിനും ജീവിക്കാന്‍ ഇനിവേണ്ടത് ഒരു ജോലിയാണെന്നും ഇത് ലഭിച്ചുകഴിഞ്ഞാല്‍ പാര്‍ട്ട് ടൈം ആയി പഠനവും നടത്താനാണ് ആഗ്രഹമെന്നും വിനോദ് മംഗളത്തോട് പറഞ്ഞു. സര്‍ക്കാറിന്റെ കനിവുണ്ടെങ്കില്‍ ഈജോലി ട്രൈബര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ തന്നെ നല്‍കണമെന്നും വിനോദ് പറയുന്നു. തന്റെ വിഭാഗക്കാര്‍ക്കുവേണ്ടി ഈജോലിയിലൂടെയെങ്കിലും എന്തെങ്കിലും ചെയ്ാന്‍ സായധിക്കുമെന്നാണു വിനോദിന്റെ പ്രതീക്ഷ.
തന്റെ വിഭാഗക്കാര്‍ക്കെല്ലാം പ്രചോദനം നല്‍കാനായി ഒരു ഐ.എ.എസുകാരനാകാനാണ് മോഹം. ഈകടമ്പകടക്കാന് കുറച്ചു കഷ്ടപ്പെടണമെന്നതിനാല് തന്നെ ആദ്യഘട്ടത്തില്‍ എം.ഫില്‍ എടുക്കാനും ശ്രമിക്കുന്നുണ്ട്.
നാട്ടില്‍നിന്ന് 35കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലെ ഗുഹയിലും പരിസരങ്ങളിലുമായി വളര്‍ന്ന വിനോദിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തെ കുറിച്ചു 2016ഡിസംബര്‍ 27ന് 'ഊരുകളിലുമുണ്ട് ഉജ്വല രത്നങ്ങള്‍' എന്ന വാര്‍ത്താ പരമ്പരയിലൂടെ മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്തുതന്നെ അവശേഷിക്കുന്ന അഞ്ഞൂറില്താഴെയുള്ള ഗുഹാവാസികളായ ചോലനാക്കരുടെ പ്രതിനിധിയാണ് വിനോദ്.
വംശനാശത്തിന്റെ വക്കോളമെത്തിയ പ്രാക്തനവിഭാഗത്തിലെ യുവതലമുറയുടെ പ്രതിനിധിയാണു മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടെയും മകനായ ഈ ബിരുദനന്തര ബിരുദധാരി.
നിലമ്പൂര്‍ മാഞ്ചീരി കോളനിയിലെ വിനോദ് പ്ലസ്ടു പരീക്ഷയില്‍ 70% മാര്ക്ക്നേടിയാണ് വിജയിച്ചത്. സമപ്രായക്കാര്‍ വീടുകളുടെ സുരക്ഷിതത്വത്തില്‍ ചുവടുറപ്പിച്ചാണു നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ചതെങ്കില്, നാട്ടില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലെ ഗുഹയിലും പരിസരങ്ങളിലുമാണു വിനോദിന്റെ ബാല്യം പിച്ചവച്ചത്.
വനവാസികളിലെ അപൂര്വവിഭാഗമായ ചോലനായ്ക്കരില്‍ വലിയൊരു വിഭാഗം ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാതെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവരില്‍ വിനോദിന്റെ കുടുംബം ഉള്‍പ്പെടെ വിരലിലെണ്ണാവുന്നവരേ നാട്ടില്‍ സര്‍ക്കാര്‍ അനുവദിച്ച ആദിവാസി കോളനികളിലെത്തി താമസമുറപ്പിക്കാനും പൊതുസമൂഹവുമായി ഇടപഴകാനും താത്പര്യം കാട്ടിയിട്ടുള്ളൂ. ഇത്തരമൊരു വിഭാഗത്തില്‍നിന്നാണ് വിനോദ് എന്ന കാടിന്റെ പുത്രന് പരീക്ഷകള്‍ ഒന്നൊന്നായി ജയിച്ച് കൊച്ചിപോലൊരു മഹാനഗരത്തില്‍ പഠനം നടത്തി തിരിച്ചെത്തിയിരിക്കുന്നത്. വിനോദിന്റെ അച്ഛന് ചെല്ലന് വനവിഭവങ്ങള്‍ ശേഖരിച്ചും കൂലിപ്പണി ചെയ്തുമാണ് ഇപ്പോഴും ഉപജീവനം നടത്തുന്നത്.
കുടുംബത്തിന്റെ കഷ്ടപ്പാട് ഓര്‍ത്തപ്പോഴാണ് ജോലിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത്.
വിനോദിന് അഞ്ചുവയസുള്ളപ്പോഴാണ് കുടുംബം ഗുഹാജീവിതമവസാനിപ്പിച്ച് നാട്ടിന്‍പുറത്തുനിന്ന് 20 കിലോമീറ്റര്‍ ഇപ്പുറമുള്ള മാഞ്ചീരി കോളനിയിലേക്കു താമസം മാറ്റിയത്. ബാല്യത്തില്‍ കാട്ടുവിഭവങ്ങള്‍ മാത്രമായിരുന്നു ഭക്ഷണമെന്നു വിനോദ് ഓര്‍മിക്കുന്നു. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച്, ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (കിര്‍താഡ്സ്) ഡയറക്ടറായിരുന്ന എന്‍. വിശ്വനാഥന്നായരാണു വിനോദിനെ വിദ്യാഭ്യാസത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത്. ഇടയ്ക്കിടെയുള്ള കോളനി സന്ദര്‍ശനത്തിനിടെ വിനോദ് ഉള്‍പ്പെടെ മൂന്നുപേരെ വിശ്വനാഥന്‍നായര്‍ നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളി(എം.ആര്.എസ്)ല്‍ കൊണ്ടുപോയി ഒന്നാം ക്ലാസില്‍ ചേര്‍ത്തു. (എം.ആര്.എസ്. പിന്നീടു നിലമ്പൂരിലേക്കുമാറ്റി). 10-ാം ക്ലാസ് ജയിച്ച് പഠനം നിര്‍ത്തിയ വിനോദിനെ വീണ്ടും വിദ്യാഭ്യാസപാതയിലേക്കു നയിച്ചത് ഒരുകൂട്ടം സാമൂഹികപ്രവര്‍ത്തകരാണ്.
നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക ഹൈസ്കൂളില്‍നിന്നു ഫസ്റ്റ്ക്ലാസോടെ എസ്.എസ്.എല്‍.സി. വിജയിച്ച വിനോദ് ഉപരിപഠനത്തിന് അപേക്ഷിക്കാതെ ഊരില്‍ തിരിച്ചെത്തി വനവിഭവങ്ങള്‍ ശേഖരിക്കുന്ന പാരമ്പര്യത്തൊഴിലിലേക്കു മടങ്ങിയിരുന്നു. ഇതറിഞ്ഞ് ഹൈസ്കൂളിലെ ഒരുകൂട്ടം അധ്യാപകരും
വനംവകുപ്പ് അധികൃതരും അവനെക്കണ്ട് തുടര്‍പഠനത്തിന് അപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് എല്ലാവരുടെയും പിന്തുണയോടെ പത്തനംതിട്ട, വടശ്ശേരിക്കര എം.ആര്.എസില്‍ പ്ലസ്വണ് ഹ്യൂമാനിറ്റീസിനു ചേര്‍ന്നു. ആദ്യമൊക്കെ വിനോദിനെ പത്തനംതിട്ടയില്‍ കൊണ്ടുവിട്ടിരുന്നതും
തിരിച്ചെത്തിച്ചിരുന്നതും മഹിളാസമഖ്യ പ്രവര്‍ത്തകരായിരുന്നു. ആറുമാസം പിന്നിട്ടതോടെ യാത്രകള്‍ തനിച്ചായി. പിന്നീട് 70% മാര്‍ക്കോടെ പ്ലസ്ടു പാസായതു ചോലനായ്ക്കരുടെ ചരിത്രത്തില്‍ പുതിയൊരേടായി. കിര്‍താഡ്സ് കാമ്പസില്‍ തുടങ്ങിയ വംശീയവൈദ്യന്മാരുടെ ക്യാമ്പിലെ ശ്രദ്ധാകേന്ദ്രം വിനോദായിരുന്നു. പട്ടികവര്‍ഗവിഭാഗമായ ചോലനായ്ക്കരില്‍നിന്നുള്ള ആദ്യ പ്ലസ്ടു വിജയിക്ക് അന്നത്തെ വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി കാഷ് അവാര്‍ഡും സമ്മാനിച്ചു.
പാലേമാട് ശ്രീവിവേകാനന്ദ കോളജിലായിരുന്നു ബിരുദപഠനം. മാനേജര്‍ കെ.ആര്. ഭാസ്ക്കരപിള്ളയാണു പഠനച്ചെലവു മുഴുവന്‍ വഹിച്ചത്. കോളജില്‍ പ്രവേശനം നല്കിയതിനുപുറമേ സ്വന്തം വീട്ടില്‍തന്നെ വിനോദിനു താമസസൗകര്യവും ഒരുക്കിക്കൊടുത്തു ഈ മഹാമനസ്കന്. വീട്ടിലേക്ക് പോകാന്‍ കരുളായി വനമേഖലവരെ ബസില്പോകാം. അവിടെനിന്നു തേക്കുതോട്ടത്തിലൂടെ മാഞ്ചീരിവരെ ടാക്സിയില്‍ പോകണമെങ്കില്‍ 1500 രൂപയോളം നല്‍കണം.
ഈ പാതയില്‍ കാട്ടുമൃഗശല്യം രൂക്ഷമാണ്. വിനോദിന് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതിന് എത്രപണംവേണമെങ്കിലും നല്കാന് താന്‍ തെയ്യാറാണെന്നും
ഭാസ്ക്കരപിള്ള മംഗളത്തോട് പറഞ്ഞു.