Friday, September 14, 2018 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.37 AM

ശക്‌തി കുറയാതെ മഴ: തീരാദുരിതത്തില്‍ ജനം

uploads/news/2018/07/232646/1.jpg

കൊച്ചി: തുടര്‍ച്ചയായ നാലാം ദിനവും ശക്‌തി കുറയാതെ പെയ്യുന്ന മഴയില്‍ നഗരത്തിലെ വെള്ളക്കെട്ടിനു ശമനമില്ല. രാത്രി വൈകിയും തുടരുന്ന മഴ നീണ്ടുനില്‍ക്കുമെന്നാണു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. മഴയ്‌ക്കൊപ്പം കാറ്റും ശക്‌തി പ്രാപിച്ചിട്ടുണ്ട്‌. തീരദേശങ്ങളിലും താണപ്രദേശങ്ങളിലും വെള്ളക്കെട്ട്‌ തുടരുകയാണ്‌. മഴ തുടരുന്നതിനാല്‍ പലയിടത്തും ജനജീവിതം ദുസഹമായി. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വന്‍ ഗതാഗത കുരുക്കാണ്‌ അനുഭവപ്പെടുന്നത്‌. പ്രധാന റോഡുകളില്‍ മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന കുരുക്കാണ്‌ അനുഭവപ്പെടുന്നത്‌. വെള്ളക്കെട്ടായ റോഡുകളില്‍ നിരങ്ങിനീങ്ങിയാണ്‌ വാഹനങ്ങള്‍ പോകുന്നത്‌.
ശനിയാഴ്‌ച രാത്രിയോടെയാണ്‌ ജില്ലയില്‍ മഴ ശക്‌തമായി പെയ്‌തുതുടങ്ങിയത്‌. നഗരത്തിനു പുറമേ ജില്ലയുടെ കിഴക്കന്‍ മേഖലകളിലും മഴ ശക്‌തമായി തുടരുന്നു. ഇവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഉള്ളതിനാല്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കാര്‍ഷിക മേഖലകളിലും മഴ നാശം വിതച്ചിട്ടുണ്ട്‌. മഴ കനത്തതോടെ കൊച്ചിയില്‍ വെള്ളക്കെട്ട്‌ അതീവ രൂക്ഷമായി.
ഇന്നലെയും കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡും പരിസരവും വെള്ളത്താല്‍ നിറഞ്ഞു. മലിന ജലം സ്‌റ്റാന്റിനുള്ളിലേക്കു പ്രവേശിക്കുന്നത്‌ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. ജോസ്‌ ജംഗ്‌ഷന്‍ പരിസരത്ത്‌ റോഡിന്റെ ഇരുവശങ്ങളിലും വെള്ളം കയറിയത്‌ ഗതാഗതക്കുരുക്കിന്‌ ഇടയാക്കി. സൗത്ത്‌ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും ചെറിയ തോതില്‍ വെള്ളക്കെട്ട്‌ രൂപപ്പെട്ടത്‌ യാത്രക്കാരെ ബാധിച്ചു.
പാലാരിവട്ടം-കലൂര്‍ റോഡിലെ വെള്ളം കാനയിലേക്ക്‌ ഒലിച്ചിറങ്ങാതെ കെട്ടിക്കിടക്കുകയാണ്‌. കാനകളിലേക്കുള്ള ദ്വാരം അടഞ്ഞതാണ്‌ ഇവിടെ പ്രതിസന്ധിയായിരിക്കുന്നത്‌.
നാലു ദിവസമായി വെള്ളം റോഡില്‍ കെട്ടിക്കിടന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന്‌ പ്രദേശവാസികള്‍ ആരോപിക്കുന്നു. കതൃക്കടവ്‌ റോഡിലും സ്‌ഥിതി വിഭിന്നമല്ല. പലയിടത്തും വെള്ളം മണിക്കൂറുകളോളം കെട്ടിക്കിടക്കുന്നുണ്ട്‌. സീ പോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അതീവ രൂക്ഷമായിരുന്നു. ഇവിടെ വെള്ളക്കെട്ടില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നുണ്ട്‌.
വൈറ്റില ജങ്‌ഷനിലും മൊബിലിറ്റി ഹബിലും കെട്ടിക്കിടക്കുന്ന ചെളിവെള്ളം വാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും ദുരിതം വിതയ്‌ക്കുകയാണ്‌. നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഷണ്‍മുഖം റോഡിന്റെ സ്‌ഥിതിയും ഇതുതന്നെ.
ചില ഭാഗങ്ങളില്‍ ടൈല്‍ വിരിച്ചിട്ടുണ്ടെങ്കിലും വെള്ളം റോഡില്‍ കെട്ടിക്കിടക്കുന്നതാണ്‌ സ്‌ഥിതി. മേനകയില്‍ നിന്നും ബ്രോഡ്‌വേയിലേക്കുള്ള പ്രവേശന കവാടത്തില്‍ കഴിഞ്ഞദിവസം പകല്‍ മുഴുവന്‍ വെള്ളം കെട്ടിക്കിടന്നു. പേരണ്ടൂര്‍ കനാലിലെ ചെളി കോരാത്തതിനാല്‍ മഴയിലും വേലിയേറ്റത്തിലും എല്‍ ആന്‍ഡ്‌ ടി കോളനി ഉള്‍പ്പെടെ മുന്നൂറോളം വീടുകള്‍ ഇപ്പോള്‍ വെള്ളത്തിലാണ്‌. നഗരത്തിലെ പ്രധാന റോഡായ ബാനര്‍ജി റോഡില്‍ മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ഡി.എം.ആര്‍.സി നവീകരിച്ച കാനകളിലേക്ക്‌ വെള്ളം ഒഴുകി ഇറങ്ങുന്ന ഹോളുകള്‍ മണ്ണുമൂടി അടഞ്ഞിരിക്കുന്നതിനാല്‍ കച്ചേരിപ്പടി, കലൂര്‍, പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക്‌ തുടങ്ങി വിവിധ സ്‌ഥലങ്ങള്‍ വെള്ളക്കെട്ട്‌ ഭീഷണിയിലാണ്‌.

Ads by Google
Advertisement
Thursday 12 Jul 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW