Monday, February 18, 2019 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.27 AM

'സ്‌മാരകശിലകള്‍'

uploads/news/2018/07/232638/1.jpg

കോഴഞ്ചേരി: ഒരു പദ്ധതിയ്‌ക്കായി ഒന്നിലധികം തവണ പാകിയ ശിലകള്‍ കൗമാരവും കഴിഞ്ഞ്‌ യൗവനത്തിലേക്ക്‌ പദമൂന്നുന്നു. ആറന്മുളയെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെടുത്താനും ഇതിനായി സൗകര്യങ്ങള്‍ ഒരുക്കാനും പാകിയ ശിലകള്‍ക്കാണ്‌ 21 വയസ്‌ തികയുന്നത്‌. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു കല്ലിട്ട്‌ മടങ്ങുന്നതല്ലാതെ ഒന്നും മുകളിലേക്ക്‌ ഉയര്‍ന്നില്ല എന്ന്‌ മാത്രം. ഉതൃട്ടാതി ജലമേളയ്‌ക്കായി വാട്ടര്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ അന്നത്തെ ജലസേചന മന്ത്രി ബേബി ജോണ്‍ ശിലാസ്‌ഥാപനം നടത്തിയിട്ട്‌ ഇന്ന്‌ രണ്ട്‌ പതിറ്റാണ്ട്‌ പൂര്‍ത്തിയാക്കുകയാണ്‌.
ഫിനിഷിങ്‌ പോയന്റില്‍ സത്രം വളപ്പിലാണ്‌ ശിലപാകല്‍ നടന്നത്‌. ശിലാസ്‌ഥാപനംനടത്തിയ മന്ത്രി ബേബി ജോണ്‍,അധ്യക്ഷനായിരുന്ന അന്നത്തെ ആറന്മുള എം.എല്‍.എ കടമ്മനിട്ട രാമകൃഷ്‌ണന്‍,അഥിതിയായിരുന്ന പത്തനംതിട്ട എം.എല്‍.എ കെ.കെ.നായര്‍ എന്നിവര്‍ മരിച്ചിട്ട്‌ കാലങ്ങള്‍ ആയെങ്കിലും ശിലയിട്ടിടത്ത്‌ തന്നെ കിടക്കുന്നു. എല്ലാ വര്‍ഷവും ഉതൃട്ടാതി ജലമേളയില്‍ എത്തുന്ന കേന്ദ്ര സംസ്‌ഥാന നേതാക്കളുടെ പ്രഖ്യാപനങ്ങളുടെ ബാക്കി പത്രമായാണ്‌ പിന്നീട്‌ ശിലാസ്‌ഥാപനം. എല്ലാപദ്ധതികള്‍ക്കുമായി ആകെയുള്ളത്‌ സത്രം വളപ്പും.
വിപുലമായ സൗകര്യങ്ങളോടെയാണ്‌ അന്ന്‌ വാട്ടര്‍ സ്‌റ്റേഡിയം പ്രഖ്യാപിച്ചത്‌. വി.ഐ.പി ഗാലറി, നദിയുടെ ഇരുകരകളിലും എത്തുന്ന പള്ളിയോട പ്രേമികള്‍ക്കായി ഓപ്പണ്‍ ഗാലറി. പള്ളിയോടങ്ങള്‍ക്ക്‌ അപകടം കൂടാതെ അടുക്കാനുള്ള സൗകര്യം എന്നിവയെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി. മറ്റേതോ പദ്ധതികളില്‍ പല തവണകളായി ഉള്‍പ്പെടുത്തി അങ്ങിങ്ങ്‌ ആസൂത്രണമില്ലാതെ എന്തൊക്കെയോ ചെയ്‌തിരിക്കുകയാണ്‌. ഇതിന്‌ പിന്നാലെ രണ്ടായിരത്തില്‍ ആറന്മുള നദീജല നിരീക്ഷണ ഗോപുരത്തിന്‌ തറക്കല്ലിട്ടു.അന്നും കടമ്മനിട്ട തന്നെയായിരുന്നു എം.എല്‍.എ. സത്രക്കടവില്‍ നിര്‍മിക്കുന്ന ഗോപുരത്തില്‍ കയറിയാല്‍ ജലമേളയുടെ സ്‌റ്റാര്‍ട്ടിങ്‌ പോയന്റ്‌ മുതല്‍ കാണാമെന്നുംഇത്‌ വിദേശികള്‍ അടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക്‌ ഏറെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും പ്രഖ്യാപിച്ചു. ഈ ഗോപുരവും ഉയര്‍ന്നില്ല.
എ.പി.അനില്‍ കുമാര്‍ വിനോദ സഞ്ചാര മന്ത്രിയും കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ യും ആയിരുന്നപ്പോള്‍ വീണ്ടും കല്ലിട്ടു.ഇത്തവണ ആറന്മുള വിനോദ സഞ്ചാര പ്രദേശ വികസനമായിരുന്നു ലക്‌ഷ്യം. ഇതിനിടെ മന്ത്രി സഭ, പദ്ധതിയും നിലച്ചു. മാലേത്ത്‌ സരളാദേവി എം.എല്‍.എ ആയിരുന്നപ്പോഴും ആറന്മുള ജലമേള വികസനത്തിന്‌ കല്ലിട്ടു. ഇതും നടപ്പായില്ല.
കേന്ദ്ര സംസ്‌ഥാന നേതാക്കള്‍ കാലാ കാലങ്ങളില്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഒതുക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ പല പേരുകളില്‍ ഒരേ സ്‌ഥലത്തു കാണുന്ന ഈ ശിലകള്‍.
കോടി കണക്കിന്‌ രൂപയുടെ വികസനമാണ്‌ ജലമേള ഉദ്‌ഘാടന വേദിയില്‍ ഓരോ വര്‍ഷവും പ്രഖ്യാപിക്കുന്നത്‌. വെള്ളത്തില്‍ നടത്തുന്ന പണികള്‍ക്കല്ലാതെ ഒന്നിനും ഉദ്യോഗസ്‌ഥര്‍ക്കും കരാറുകാര്‍ക്കും ഇവിടെ താത്‌പര്യമില്ല. മണ്‍പുറ്റ്‌ നീക്കാന്‍ കോടികളുമായി നദിയില്‍ ഇറങ്ങിയിട്ട്‌ കൊല്ലം ഒന്ന്‌ കഴിഞ്ഞു. എന്നിട്ടും പുറ്റ്‌ അവിടെ തന്നെയുണ്ട്‌. ഇവിടം അപകട മേഖലയാകുകയും ചെയ്‌തു. നദീതീര പാതയുടെ സ്‌ഥിതിയും വ്യത്യസ്‌ഥമല്ല.
ഇത്‌ പൂര്‍ത്തിയാകുന്നതോടെ പള്ളിയോടങ്ങള്‍ക്ക്‌ കൂടുതല്‍ അപകട സാധ്യത എന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.എന്തായാലും പുതിയ വള്ള സദ്യക്കാലം പതിനഞ്ചിന്‌ ആരംഭിക്കും. ഇക്കുറിയും നേതാക്കളുടെ വാഗ്‌ദാനങ്ങള്‍ക്കായി കാത്തിരിക്കാം.

Ads by Google
Advertisement
Thursday 12 Jul 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW