Sunday, February 17, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.22 AM

അതിജീവനത്തിന്‌ എന്നും പോരാട്ടവഴിയില്‍

uploads/news/2018/07/232610/1.jpg

അതിജീവനത്തിന്റെ പര്യായമാണ്‌ ഇടുക്കിയിലെ ജനത. അന്നത്തെ അന്നത്തിനായി മണ്ണിനോടും രോഗങ്ങളോടും പ്രകൃതിയോടും പടവെട്ടി ജീവിതം മുന്നോട്ടു നയിച്ചവര്‍. കാലങ്ങള്‍ക്കിപ്പുറമുള്ള സമ്പല്‍ സമൃദ്ധിയുടെ പിന്നില്‍ ഇടുക്കിക്കാര്‍ക്കു പറയാനുള്ളത്‌ പ്രകൃതിയും വന്യമൃഗങ്ങളുമായി നടത്തിയ മല്‍പ്പിടുത്തത്തിന്റെ കഥകളാണ്‌.
നിബിഢവനങ്ങളെ കൃഷിയിടങ്ങളാക്കാന്‍ കുടിയേറിയെത്തുമ്പോള്‍ കര്‍ഷകര്‍ക്കു മുന്നിലുണ്ടായിരുന്നതു ജീവനു ഭീഷണിയാകുന്ന തടസങ്ങളായിരുന്നു.
ആദ്യം വനമെന്ന രൂപത്തിലും പിന്നീട്‌ വന്യമൃഗങ്ങളുടെ രൂപത്തിലും മലമ്പനിയുള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളുടെ രൂപത്തിലും പ്രതിബന്ധങ്ങള്‍ കര്‍ഷകരെ തേടിയെത്തി. എന്നാല്‍ ഇച്‌ഛാശക്‌തി ആയുധമാക്കി മുന്നേറിയ ഇടുക്കിയിലെ കര്‍ഷകര്‍ അതിജീവനമെന്ന വാക്കിന്‌ ജീവിതംകൊണ്ടു നിര്‍വചനം കുറിച്ചു.
കുടിയേറി ഭക്ഷണം കണ്ടെത്താന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ തന്നെ കുടിയിറങ്ങാന്‍ ഉത്തരവുമായെത്തി. ആദ്യം പ്രകൃതിയോടു പടവെട്ടേണ്ടി വന്ന ഇടുക്കിക്കാരനു പിന്നീട്‌ സ്വന്തം നിലനില്‍പ്പിനുവേണ്ടി അധികാരകേന്ദ്രങ്ങളോടു സമരം പ്രഖ്യാപിച്ചു. ഭക്ഷണത്തിനുവേണ്ടി മാത്രം ഭൂമിയെ വിനിയോഗിക്കുകയെന്നതു സാധ്യമല്ലാതെ വന്നതോടെ അധ്വാനിച്ചു സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്‌ഥാവകാശമെന്ന ആവശ്യത്തെ നിരസിച്ച സര്‍ക്കാരിനോടുള്ള സമരം ഇന്നും തുടരുകയാണ്‌.
കുടിയേറ്റത്തിന്റെ തുടക്കംഇടുക്കിയിലേക്കുള്ള കുടിയേറ്റത്തിനു തുടക്കമാകുന്നത്‌ 400 വര്‍ഷം മുന്‍പാണെന്നു ചരിത്രം പറയുന്നു. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ തോട്ടങ്ങളില്‍ തൊഴിലാഴികളായി നിരവധിപേരെ എത്തിക്കുകയുണ്ടായി. എന്നാല്‍ ഇവര്‍ ആരും തന്നെ കര്‍ഷകരായിരുന്നില്ല. ഇപ്രകാരം വന്നവര്‍ക്കു ചെമ്പുപട്ടയവും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കി ഹൈറേഞ്ചില്‍ തന്നെ തുടരാന്‍ അനുവാദം നല്‍കി. ഇതോടെയാണ്‌ ഇടുക്കിയുടെ ജനവാസ ചരിത്രത്തിന്‌ തുടക്കമാകുന്നത്‌. പിന്നീട്‌ 1940 ന്റെ ആരംഭത്തില്‍ കര്‍ഷകരുടെ കുടിയേറ്റത്തിന്‌ തുടക്കമായി. രണ്ടാംലോകമഹായുദ്ധം സൃഷ്‌ടിച്ച പ്രത്യാഘാതങ്ങളിലൊന്നായ പട്ടിണി മലയാളക്കരയിലുമെത്തി. ഈ അവസരത്തിലാണു കൃഷി ചെയ്‌ത്‌ വിളവെടുത്ത്‌ പട്ടിണി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗ്രോ ഫോര്‍ ഫുഡ്‌ പദ്ധതി രംഗപ്രവേശം ചെയ്യുന്നത്‌. ഉപയോഗശൂന്യമായ ഭൂമിയില്‍ കൃഷിചെയ്‌ത്‌ വിളവുണ്ടാക്കി ഭക്ഷ്യ ക്ഷാമത്തിനു പരിഹാരം കാണുക എന്നതായിരുന്നു പദ്ധതി. തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളൊഴികെയുള്ള കുടിയേറ്റ കര്‍ഷകരുടെ കടന്നുവരവിന്‌ ഇതോടെ തുടക്കമായി. മദ്ധ്യതിരുവിതാംകൂറില്‍ നിന്നുള്ളവരാണു കുടുംബസമേതം ആദ്യകാലങ്ങളില്‍ ഇവിടെ എത്തുന്നത്‌. മീനച്ചില്‍, തൊടുപുഴ എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷക കുടുംബങ്ങളാണ്‌ എത്തിയവരില്‍ ഏറെയും.
സംസ്‌ഥാന രൂപീകരണത്തിനുശേഷം പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ തമിഴ്‌നാടിനു സ്വന്തമാകാതിരിക്കാന്‍ രൂപീകരിച്ച ഹൈറേഞ്ച്‌ കുടിയേറ്റ പദ്ധതിയുടെ ഭാഗമായി നിരവധി പേര്‍ക്കു ഭൂമി നല്‍കി കൃഷി ചെയ്യാന്‍ പ്രോത്സാഹനവും നല്‍കി. എന്നാല്‍ ഇതേ സര്‍ക്കാര്‍ തന്നെ 1960ല്‍ കുടിയിറക്കു വിജ്‌ഞാപനം പുറത്തിറക്കി. കര്‍ഷകരെ കുടിയിറക്കാനാരംഭിച്ചു. നിലനില്‍പ്പിനും ഭൂമിക്കും വേണ്ടിയുള്ള കര്‍ഷക ജനതയുടെ സമരങ്ങള്‍ക്ക്‌ ഇവിടെ തുടക്കമാകുകയായിരുന്നു. ഫാ. വടക്കന്‍, എ.കെ.ജി. തുടങ്ങിയവര്‍ മുന്‍നിരയിലെത്തിയ അമരാവതി സത്യഗ്രഹത്തിനുള്‍പ്പടെ ഹൈറേഞ്ച്‌ സാക്ഷിയായി. തുടര്‍ന്ന്‌ കുടിയേറ്റ വിഷയങ്ങളെക്കുറിച്ചു പഠിക്കാന്‍ മൂന്ന്‌ പാര്‍ലമെന്റ്‌ അംഗങ്ങള്‍ അടങ്ങുന്ന മണിയങ്ങാടന്‍ കമ്മിഷനെ 1965 ല്‍ നിയോഗിച്ചു.1968 ല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും ചെയ്‌തു. റിപ്പോര്‍ട്ടില്‍ കര്‍ഷകരെ യാതൊരു കാരണവശാലും കുടിയിറക്കാന്‍ പാടില്ല എന്നും ഇവരുടെ കൈവശ ഭൂമിക്കു പട്ടയം നല്‍കണമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു.
1968 വരെ കുടയേറി ഭൂമിക്കു പട്ടയം നല്‍കാന്‍ തീരുമാനമായി. കുടിയേറ്റം ഇനി പാടില്ലെന്നും തീരുമാനമായി. 1964 ലെ ഭൂപതിവ്‌ ചട്ടങ്ങളാണ്‌ ഇതിനായി ഉപയോഗിച്ചത്‌. എന്നാല്‍ കുടിയേറ്റം തുടര്‍ന്നു. 1977ല്‍ കേരളാ നിയമസഭയില്‍ എ.കെ ആന്റണി ഉന്നയിച്ച ആവശ്യപ്രകാരം 1-1-1977 വരെയുള്ളവര്‍ക്ക്‌ പട്ടയം നല്‍കുമെന്ന പ്രഖ്യാപനമുണ്ടായി. ഇതു പ്രകാരം പട്ടയം ലഭിക്കാന്‍ അര്‍ഹരായ നിരവധിപേര്‍ ഇപ്പോഴും ശേഷിക്കുന്നു. ഈ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 1980 ല്‍ എത്തിയ വന സംരക്ഷണ നിയമപ്രകാരം കൃഷിക്കായി വിനിയോഗിച്ച വനഭൂമി വീണ്ടെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. ഇതോടെ 1977ലെ പ്രഖ്യാപന പ്രകാരം പട്ടയം ലഭിക്കാന്‍ അവശേഷിക്കുന്നവരുടെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു. പട്ടയനടപടികള്‍ ഇതോടെ നീണ്ടുപോയി.
1993 ല്‍ കെ.എം. മാണി മുന്‍കൈയെടുത്ത്‌ 1968 നും 1977 നും ഇടയില്‍ കുടിയേറ്റം നടത്തിയ ഭൂമിക്ക്‌ 1964 ലെ ഭൂപതിവ്‌ ചട്ടങ്ങള്‍ പ്രകാരം പട്ടയം നല്‍കണമെന്ന ആവശ്യമുന്നയിച്ചു. എന്നാല്‍ പട്ടയ വിതരണം ആരംഭിച്ചപ്പോള്‍ തന്നെ തിരുവാംങ്കുളം നേച്ചര്‍ ലവേഴ്‌സ്‌ മൂവ്‌മെന്റ്‌ എന്ന പരിസ്‌ഥിതി സംരക്ഷക സംഘടന ഇതിനെതിരേ ഹൈക്കോടതിയില്‍ കേസ്‌ നല്‍കി. 1999 ല്‍ കേസില്‍ കര്‍ഷകര്‍ക്ക്‌ അനുകൂലമായി വിധി പുറുപ്പെടുവിച്ചു. എന്നാല്‍ ഇതേസംഘടന സുപ്രീം കോടതിയെ സമീപിക്കുകയും 2000 മുതല്‍ 2009 വരെ കേസ്‌ അവധിക്കു വയ്‌ക്കുകയും ചെയ്‌തു. ഒടുവില്‍ ഹൈറേഞ്ച്‌ സംരക്ഷണ സമിതി ഇതില്‍ ഇടപെടുകയും തുടര്‍ന്ന്‌ കേസില്‍ കര്‍ഷകര്‍ക്കനുകൂലമായി വിധി ഉണ്ടാകുകയും ചെയ്‌തു. എന്നാല്‍ 1993 ലെ നിയമത്തില്‍ ചട്ടം 15 പ്രകാരം കൈവശഭൂമിയി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന ഉപാധി ഉള്‍പ്പെടുത്തിയിരുന്നു. കര്‍ഷകരുടെ മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ ഈ നിയമം തടസമായി നിന്നു. ഹൈറേഞ്ച്‌ സംരക്ഷണ സമിതി ഉള്‍പ്പടെയുള്ള സംഘടനകള്‍ നടത്തിയ നിരന്തര സമരങ്ങളുടെ ഫലമായി 2010ലെ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ പട്ടയത്തെ ഉപാധിരഹിതമായി പ്രഖ്യാപിച്ചു. എന്നാല്‍ ഒരേക്കര്‍ ഭൂമിക്കു മാത്രമേ പട്ടയം ലഭിക്കൂ, 25 വര്‍ഷത്തേക്കു കൈമാറ്റം പാടില്ല, പട്ടയത്തിന്റെ അപേക്ഷകന്‌ വാര്‍ഷിക വരുമാന പരിധി ഒരുലക്ഷം രൂപയില്‍ താഴെ മാത്രമേ പാടുള്ളൂ, പട്ടയഭൂമി രേഖകള്‍ ഉപയോഗിച്ച്‌ വായ്‌പ ലഭിക്കില്ല തുടങ്ങിയ നിബന്ധനകളെയെല്ലാം സമരങ്ങളിലൂടെ മാത്രം നേരിട്ട്‌ അനുകൂലമാക്കിയെടുക്കുകയായിരുന്നു ഇടുക്കിയിലെ ജനത.
1977 മുല്‍ ആരംഭിച്ച നിയമപോരാട്ടങ്ങള്‍ക്ക്‌ ഒടുവില്‍ പരിഹാരമായത്‌ 2016 ലാണ്‌. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ നാലായിരത്തോളം പേര്‍ക്കു പട്ടയം നല്‍കി. പിന്നീട്‌ എത്തിയ യു.ഡി.എഫ്‌ സര്‍ക്കാര്‍ 24000 പേര്‍ക്ക്‌ പട്ടയം നല്‍കി. നിലവിലെ സര്‍ക്കാര്‍ 17000 പേര്‍ക്കു പട്ടയം നല്‍കി. ഇനിയും 45000 ത്തോളം പേര്‍ക്ക്‌ ഇപ്പോഴും പട്ടയം ലഭിക്കാനുണ്ട്‌. വികസന മുരടിപ്പിന്റെ പ്രധാനകാരണം പട്ടയം അനുവദിച്ചു കിട്ടാത്തു മൂലമാണെന്നു കര്‍ഷകര്‍ പറയുന്നു.


(തുടരും)

Ads by Google
Advertisement
Thursday 12 Jul 2018 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW