Friday, September 14, 2018 Last Updated 15 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 12.51 AM

ജില്ലയിലെ നിര്‍മാണ പ്രവൃത്തികളിലെ തടസം നീക്കും: മന്ത്രി രവീന്ദ്രനാഥ്‌

കൊച്ചി: ജില്ലയിലെ പൂര്‍ത്തിയാകാത്ത നിര്‍മ്മാണ-വികസന പദ്ധതികളും അതിനോടനുബന്ധിച്ച സ്‌ഥലം ഏറ്റെടുക്കലും വേഗത്തില്‍ നടപ്പാക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്‌. പദ്ധതിപുരോഗതി കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യുകയും തടസങ്ങള്‍ നീക്കാന്‍ വേഗത്തില്‍ ഇടപെടുകയും ചെയ്യും. നിര്‍മാണപദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ കലക്‌റേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
തമ്മനം - പുല്ലേപ്പടി റോഡ്‌ വികസനം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണെന്ന്‌ എം.എല്‍.എമാരായ ഹൈബി ഈഡനും പി.ടി. തോമസും പറഞ്ഞു. തമ്മനം-പുല്ലേപ്പടി റോഡ്‌ എന്ന പേര്‌ മാറ്റി എം.ജി. റോഡ്‌- കളമശേരി എന്ന്‌ നാമകരണം ചെയ്യണമെന്നും എം.ജി.റോഡ്‌ മുതല്‍ പുല്ലേപ്പടി, തമ്മനം, ബൈപ്പാസ്‌, ചിറ്റേത്തുകര, ഇന്‍ഫോപാര്‍ക്‌ വഴി കളമശേരിയിലേക്ക്‌ ബന്ധിപ്പിക്കുന്ന റോഡാകണം ഇതെന്നും പിടി തോമസ്‌ എംഎല്‍എ പറഞ്ഞു. ഇതിനായി ഒമ്പത്‌ കിലോമീറ്റര്‍ റോഡ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുക്കണമെന്നും പി.ടി. തോമസ്‌ എം.എല്‍.എ പറഞ്ഞു. കോര്‍പറേഷന്റെ ഉടമസ്‌ഥതയിലുള്ള ഈ സ്‌ഥലം പൊതുമരാമത്തുവകുപ്പിന്റെ ഉടമസ്‌ഥതയിലാക്കി നിര്‍മാണപ്രവൃത്തികള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കണം. തമ്മനം-പുല്ലേപ്പടി ഭാഗത്തെ 2.12 കിലോമീറ്റര്‍ ദൂരം മാത്രമാണ്‌ പ്രാഥമിക പഠനം (ഇന്‍വെസ്‌റ്റിഗേഷന്‍) പൂര്‍ത്തിയായിട്ടുള്ളത്‌. ഒമ്പതുകിലോമീറ്ററും പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്‌ സമര്‍പ്പിക്കും.
സീപോര്‍ട്‌-എയര്‍പോര്‍ട്‌ റോഡിന്റെ രണ്ടാംഘട്ട വികസനത്തിന്‌ എച്ച്‌.എം.ടിയുടെയും എന്‍.എ.ഡിയുടെയും സ്‌ഥലം വിട്ടുകിട്ടാത്തത്‌ തടസമാണ്‌. ഇതിന്‌ ഉടന്‍ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. സീപോര്‍ട്‌- എയര്‍പോര്‍ട്‌ റോഡിലെ എന്‍.എ.ഡി റോഡ്‌ മുതല്‍ മഹിളാലയം വരെയുള്ള സ്‌ഥലമേറ്റെടുക്കല്‍ ഉടന്‍ തുടങ്ങുമെന്ന്‌ ഉദ്യോഗസ്‌ഥര്‍ യോഗത്തില്‍ അറിയിച്ചു. അറ്റ്‌ലാന്റിസ്‌ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി 65 സെന്റ്‌ സ്‌ഥലം കൂടി ഏറ്റെടുക്കേണ്ടതുണ്ട്‌. അമ്പത്‌ കോടി രൂപയാണ്‌ അറ്റ്‌ലാന്റിസ്‌ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി കിഫ്‌ബി അനുവദിച്ചത്‌. തുടര്‍ന്നുള്ള സ്‌ഥലമേറ്റെടുക്കലുള്‍പ്പെടെ 94 കോടി രൂപയ്‌ക്കുള്ള പുതുക്കിയ എസ്‌റ്റിമേറ്റ്‌ തയാറാക്കിയിട്ടുണ്ടെന്ന്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
കുമ്പളം- തേവര പാലം നിര്‍മാണത്തിനായി പണ്ഡിറ്റ്‌ കറുപ്പന്‍ റോഡില്‍ കൂടുതല്‍ സ്‌ഥലമേറ്റെടുക്കേണ്ടി വരും. എം.എല്‍.എമാരായ ഹൈബി ഈഡന്‍, എം. സ്വരാജ്‌, ജോണ്‍ ഫെര്‍ണാണ്ടസ്‌ എന്നിവരും തദേശ സ്വയംഭരണസ്‌ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി ഇതു സംബന്ധിച്ച്‌ ഉദ്യോഗസ്‌ഥര്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന്‌ മന്ത്രി നിര്‍ദേശിച്ചു.
കുണ്ടന്നൂര്‍ - നെട്ടൂര്‍ സമാന്തരപാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശിച്ചു. തൃപ്പൂണിത്തുറയിലെ അപകടാവസ്‌ഥയിലുള്ള ഇരുമ്പുപാലം നവീകരിച്ച്‌ സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ എം. സ്വരാജ്‌ എം.എല്‍.എ ആവശ്യപ്പെട്ടു.
വൈക്കം റോഡ്‌ നവീകരണവുമായി ബന്ധപ്പെട്ട്‌ പൂത്തോട്ട - എസ്‌.എന്‍ ജങ്‌ഷന്‍ റോഡിലെ നവീകരണം വേഗത്തിലാക്കണമെന്നും എം. സ്വരാജ്‌ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇവിടെ ഭൂമി ഏറ്റെടുക്കേണ്ടി വരും. പ്രാഥമിക പരിശോധന (ഇന്‍വെസ്‌റ്റിഗേഷന്‍) തുടങ്ങുന്ന ഘട്ടത്തിലാണ്‌ ഈ പ്രവൃത്തികള്‍ എന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. കാക്കനാട്‌- കോതമംഗലം പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കണമെന്ന്‌ ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. കോതമംഗലം- കാക്കനാട്‌ പാതയുടെ ബാക്കിയുള്ള 20 കിലോമീറ്റര്‍ നിര്‍മാണത്തിനായുള്ള പ്ര?പ്പോസല്‍ കിഫ്‌ബിക്കു സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

Ads by Google
Advertisement
Tuesday 10 Jul 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW