Wednesday, November 21, 2018 Last Updated 57 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 12.23 AM

തടയാന്‍ സമരസമിതി, സ്‌ഥലത്ത്‌ സംഘര്‍ഷസാധ്യത

കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത്‌ പ്രീത ഷാജിയുടെ കിടപ്പാടം ഒഴിപ്പിക്കാനുള്ള കോടതി നിര്‍ദേശം പുലര്‍ച്ചെ നടപ്പാക്കാന്‍ പോലീസ്‌. തടയുമെന്നു സമരസമിതി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കിടപ്പാടം ഒഴിപ്പിച്ച്‌ രാവിലെ 11-നു മുന്‍പായി കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ പോലീസിനുള്ള നിര്‍ദേശം.
പോലീസ്‌ സഹായത്തോടെ രാവിലെ എട്ടരയോടെ കിടപ്പാടം ഒഴിപ്പിക്കണമെന്നാണ്‌ ഉത്തരവിലുള്ളത്‌. ഒഴിപ്പിക്കാനുള്ള നടപടികള്‍ പോലീസ്‌ പുലര്‍ച്ചെതന്നെ തുടങ്ങുമെന്നാണു സൂചന. തൃക്കാക്കര അസി. കമ്മിഷണര്‍ക്കാണു ചുമതല.
എന്തു വില കൊടുത്തും ജപ്‌തി നടപടികള്‍ തടയാനാണ്‌ സമരസമിതിയുടെയും നാട്ടുകാരുടെയും കുടുംബത്തിന്റെയും തീരുമാനം. കുടിയിറങ്ങേണ്ടി വന്നാല്‍ മരണം മാത്രമായിരിക്കും മുന്നിലുള്ള പോംവഴിയെന്നു പ്രീതയും ഭര്‍ത്താവായ ഷാജിയും പറയുന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ വന്‍ പോലീസ്‌ സന്നാഹം സ്‌ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്‌.
ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ ഇന്നലെയും ഒത്തുതീര്‍പ്പു ചര്‍ച്ച നടത്താനിരുന്നെങ്കിലും ലേലത്തില്‍ ഷാജിയുടെ സ്‌ഥലം വാങ്ങിയ രതീഷ്‌ എത്തിയില്ല. 1994-ല്‍ സുഹൃത്തിന്‌ രണ്ടുലക്ഷം രൂപ വായ്‌പയെടുക്കാന്‍ ജാമ്യം നിന്ന്‌ കിടപ്പാടം ബാങ്ക്‌ ലേലം ചെയ്‌ത കേസില്‍ കുടിശിക ഈടാക്കാനാണ്‌ ജപ്‌തി നടപടി.
രണ്ടരക്കോടി വിലമതിക്കുന്ന ഷാജിയുടെ പുരയിടമാണ്‌ സ്വകാര്യ ബാങ്ക്‌ വായ്‌പയുടെ പേരില്‍ 38 ലക്ഷത്തിനു വിറ്റത്‌. രണ്ടു ലക്ഷം വായ്‌പയിന്‍മേല്‍ രണ്ടു കോടി 70 ലക്ഷം കുടിശികയായെന്നു കാണിച്ചാണ്‌ എച്ച്‌.ഡി.എഫ്‌.സി. ബാങ്കിന്റെ നടപടി.
സ്‌ഥലം ഒഴിപ്പിക്കാന്‍ പോലീസ്‌ സംരക്ഷണം നല്‍കണമെന്നു നേരത്തെയുള്ള ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്നു കാണിച്ച്‌ ആലങ്ങാട്‌ സ്വദേശി എന്‍.എന്‍. രതീഷ്‌ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. സംഘര്‍ഷ സാധ്യതയുണ്ടന്ന്‌ കാണിച്ച്‌ രണ്ടാഴ്‌ച കൂടി അനുവദിക്കണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ അനുവദിച്ചിരുന്നില്ല.
മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്‌ഥാനം, സര്‍ഫാസി ബാങ്ക്‌ ജപ്‌തി വഞ്ചനയ്‌ക്കെതിരായ സമരസമിതി, ബ്ലേഡ്‌ ബാങ്ക്‌ ജപ്‌തി വിരുദ്ധ സമിതി എന്നീ സംഘടനകളാണ്‌ കുടുംബത്തിനു പിന്തുണയുമായി രംഗത്തുള്ളത്‌.
കുടിയിറക്കലിനെതിരേ ചിതയൊരുക്കി ജനങ്ങളുടെ പിന്തുണയോടെ ഷാജി നടത്തുന്ന സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്‌.
കുടിയിറക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ്‌ പുനഃപരിശോധിക്കണമെന്നും ജപ്‌തി നടത്തില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ്‌ പാലിക്കണമെന്നും ആവശ്യപ്പെട്ട്‌ ചിതയൊരുക്കി സമരം നടത്തുന്നതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഡെബ്‌റ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നില്‍ 17, 18 തീയതികളില്‍ രാപ്പകല്‍ സമരം നടത്താന്‍ തീരുമാനിച്ചിരുന്നു.

Ads by Google
Advertisement
Monday 09 Jul 2018 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW