മൂവാറ്റുപുഴ: കൊട്ടിഘോഷിച്ച് കെ.എസ്.ഇ.ബി. നടപ്പിലാക്കിയ എ.ബി.സി സംവിധാനത്തിലെ തകരാറിന് ഒരുമാസമായിട്ടും പരിഹാരമായില്ല. മൂവാറ്റുപൂഴ നഗരത്തില്‍ ആശ്രമം ഫീഡറില്‍ കച്ചേരിത്താഴത്ത് നിന്നും കാവുംപടി റോഡിലൂടെ കടന്നുപോകുന്ന കേബിളിലാണ് തകരാര്‍ സംഭവിച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ നിന്നുമുള്ള വിദഗ്ധര്‍ മൂന്നുവട്ടം മൂന്നിടങ്ങളിലായി പരിശോധന നടത്തിയെങ്കിലും തകരാര്‍ കണ്ടെത്താനാകാത്തത് അധികൃതരെ കുഴക്കുകയാണ്.
തകരാറുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസവും നഗരത്തിലെ വൈദ്യുതി ബന്ധം വിഛേദിക്കേണ്ടി വന്നു. ഇത് വ്യാപക പരാതിക്കും ഇടവന്നിട്ടുണ്ട്. ലതാ പാലത്തിന് സമീപം 11 കെ.വി. ലൈന്‍ എ.ബി.സി. കേബിളില്‍ ടച്ച് ചെയ്തതാണ് തകരാറിന് ഇടയാക്കിയത്. 2014 ല്‍ വേണ്ടത്ര പഠനങ്ങളില്ലാതെ എ.ബി.സി. സംവിധാനം ഏര്‍പ്പെടുത്തിയതാണ് ഇപ്പോള്‍ വിനയാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുകയാണ്. നിലവില്‍ 11 കെ.വി. ലൈന്‍ പോകുന്ന പോസ്റ്റിലൂടെ തന്നെ എ.ബി.സി. വലിച്ചതാണ് പ്രധന പ്രശ്നം.
ഇതുമൂലം ചെറിയ തകരാറുകള്‍ക്ക് വരെ ലൈന്‍ ഓഫ് ചെയ്യേണ്ടിവരുകയാണ്. കൂടാതെ 40 മീറ്റര്‍ എന്ന സാധാരണ പോസ്റ്റുകള്‍ക്കിടയിലെ ദൂരപരിധിയും എ.ബി.സി. ലൈനുകള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്.
ഇതുമൂലം പലയിടത്തും ലൈനുകള്‍ തൂങ്ങി തുടങ്ങിയിട്ടുണ്ട്. 25 മീറ്റര്‍ ദൂരത്തിനിടയില്‍ പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നാണ് എ.ബി.സിയുടെ നിയമം. തകരാറുകള്‍ പരിഹരിക്കാന്‍ കഴിയാത്തതോടെ സമീപത്തെ ഫീഡറുകളായ ആയവന, പെരുമറ്റം,
പൈനാപ്പിള്‍ സിറ്റി എന്നിവിടങ്ങളില്‍ നിന്നും വൈദ്യുതി ഏകോപിപ്പിച്ചാണ് ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്. ഇതുമൂലം ചെറിയ തടസങ്ങള്‍ പോലും നഗരത്തിലെ വൈദ്യുത വിതരണത്തെ ബാധിക്കുന്ന സാഹചര്യവും ഉണ്ടാകുകയാണ്.