Tuesday, July 16, 2019 Last Updated 52 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 01.07 AM

വാക്കുകള്‍ കൊരുത്തെടുക്കാനാവാതെകണ്ണീരോടെ അവര്‍...

uploads/news/2018/07/230921/1.jpg

കൊച്ചി: അഭിമന്യുവിന്റെ വേര്‍പാടില്‍ കണ്ണീര്‍വീണു നനഞ്ഞ മഹാരാജാസിലെ സെന്റിനറി ഹാളില്‍ അവന്റെ കൂട്ടുകാരും അധ്യാപകരും വീണ്ടും ഒത്തുകൂടി. രണ്ടു ദിവസം മുമ്പ്‌ അഭിമന്യുവിന്റെ ജീവനറ്റശരീരം കിടത്തിയ വേദിയില്‍ ഇന്നലെ വാക്കുകള്‍ കിട്ടാതെ അവര്‍ വിതുമ്പി.
നിറകണ്ണുകളോടെയാണു പലരും അഭിമന്യുവിന്റെ അനുസ്‌മരണ യോഗത്തില്‍ പങ്കെടുക്കാന്‍ മഹാരാജാസ്‌ കോളജിന്റെ ഓഡിറ്റോറിയത്തിലേക്കെത്തിയത്‌. ആയിരത്തോളം പേര്‍ തിങ്ങി നിറഞ്ഞ ഓഡിറ്റോറിയത്തില്‍ തളംകെട്ടിയത്‌ കനത്ത മൂകത.
'ഇവിടെ പഠിക്കുന്ന രണ്ടായിരത്തോളം വിദ്യാര്‍ഥികളില്‍ എനിക്കു നേരിട്ടു പരിചയമുള്ള കുട്ടിയായിരുന്നു അഭിമന്യു. ഇപ്പോള്‍ ഞാനാലോചിക്കുന്നുണ്ട്‌ എന്തിനു വേണ്ടിയായിരുന്നു ഞാനവനെ പരിചയപ്പെട്ടത്‌. ഇതിനു വേണ്ടിയായിരുന്നോ നീയെന്നെ പരിചയപ്പെട്ടത്‌.... വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കോളജ്‌ പ്രിന്‍സിപ്പല്‍ കെ.എന്‍. കൃഷ്‌ണകുമാറിനു കഴിഞ്ഞില്ല. രണ്ടു നിമിഷം മൗനമായി തുടര്‍ന്ന്‌ പ്രസംഗം പൂര്‍ത്തിയാക്കാതെ അദ്ദേഹം ഇരിപ്പിടത്തിലേക്കു മടങ്ങി.
തുടര്‍ന്ന്‌ അധ്യാപകരും വിദ്യാര്‍ഥികളും സംസാരിക്കുമ്പോള്‍ സദസ്‌ കണ്ണീര്‍പുഴയായി മാറി.
അവനെന്റെ കുട്ടിയാണ്‌ എന്നു പറഞ്ഞുകൊണ്ടാണ്‌ ഹോസ്‌റ്റല്‍ വാര്‍ഡന്‍ ഡോ. എം.എസ്‌. സലൂജ സംസാരമാരംഭിച്ചത്‌. ഹോസ്‌റ്റലിലെ എല്ലാ കാര്യങ്ങള്‍ക്കും അവന്‍ മുന്നിലുണ്ടായിരുന്നു. മിസ്സേ മിസ്സേ എന്നു വിളിച്ച്‌ പരാതിപറയാന്‍ അവന്‍ ഇനി വരില്ലല്ലോ.. ഡോ. എം.എസ്‌. സലൂജയ്‌ക്കും തുടരാനായില്ല.
എന്‍.എസ്‌.എസ്‌. കോര്‍ഡിനേറ്റര്‍ ജൂലി ചന്ദ്ര അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ പലപ്പോഴും പൊട്ടിക്കരഞ്ഞു.
അഭിമന്യുവിന്റെ സത്യസന്ധതയും ആത്മാര്‍ഥതയും സേവനസന്നദ്ധതയും താന്‍ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഓര്‍മകള്‍ വാക്കുകളെ തടയുമ്പോഴും, അവനെക്കുറിച്ച്‌ എനിക്ക്‌ ഇനിയും പറയണം, അഭിമന്യുവിനെ ലോകം അറിയണം, കുട്ടികള്‍ മാതൃകയാക്കണം എന്നു ജൂലി ചന്ദ്ര ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രസംഗിച്ചു തീര്‍ന്നയുടന്‍ വേദിയില്‍ പോലും ഇരിക്കാതെ ടീച്ചര്‍ നിറകണ്ണുകളുമായി സ്‌റ്റാഫ്‌് റൂമിലേക്കു പോയി.
അഭിമന്യുവിന്റെ അമ്മയുടെ കണ്ണീര്‍ ഈ ഓഡിറ്റോറിയത്തില്‍ ഇപ്പോഴുമുണ്ടെന്ന്‌ ഗവേണിങ്‌ കൗണ്‍സില്‍ അംഗം ഡോ. എസ്‌. ഷാജിത ബീവി പറഞ്ഞു.
മറ്റ്‌ അധ്യാപകര്‍ സംസാരിച്ചുകഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ വീണ്ടുമെഴുന്നേറ്റു.
മൈക്കിനു മുന്നിലെത്തിയ അദ്ദേഹം അഭിമന്യുവിന്റെ പിതാവിന്റെ വിലാപമാണ്‌ ഇപ്പോഴും തന്റെ ഓര്‍മകളിലെന്നു പറഞ്ഞു. നമ്മളും രക്ഷിതാക്കളാണല്ലോ. എങ്ങനെ സഹിക്കാനാകും.
ഹോസ്‌റ്റലിലെ പ്രശ്‌നങ്ങള്‍ സംസാരിക്കാനാണ്‌ അവന്‍ ആദ്യമായി എന്റെ മുന്നില്‍ എത്തിയത്‌. വിനയത്തോടെയുള്ള സംസാരം. പ്രതിഷേധത്തിന്റെ സ്വരമില്ല. ചിരിക്കുന്ന മുഖത്തോടെയല്ലാതെ ഒരിക്കലും ഞാനവനെ കണ്ടിട്ടില്ല- പ്രിന്‍സിപ്പല്‍ പറഞ്ഞു.
വൈസ്‌ പ്രിന്‍സിപ്പല്‍ റീത്താ മാനുവല്‍, കോളജ്‌ അലുമ്‌നി പ്രസിഡന്റ്‌ സി.ഐ.സി.സി. ജയചന്ദ്രന്‍, കെമിസ്‌ട്രി വിഭാഗം മേധാവി കെ.പി. അശോകന്‍, വിദ്യാര്‍ഥി പ്രതിനിധി വിദ്യ തുടങ്ങിയവര്‍ അനുസ്‌മരണ പ്രസംഗം നടത്തി.
രണ്ടു ദിവസത്തിനുശേഷം ഇന്നലെയാണു കോളജില്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ ക്ലാസുകളും ബിരുദാനന്തര ബിരുദ ക്ലാസുകളും ആരംഭിച്ചത്‌. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഒമ്പതിന്‌ ആരംഭിക്കും.

Ads by Google
Advertisement
Thursday 05 Jul 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW