Tuesday, November 13, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 12.14 AM

പത്തനംതിട്ട നഗരസഭ സ്‌ഥാനമാറ്റത്തിന്‌ അന്ത്യശാസനം നല്‍കിയെന്ന്‌ കെ.പി.സി.സി.

uploads/news/2018/06/229476/1.jpg

പത്തനംതിട്ട: സംസ്‌ഥാനത്തെ മുഴുവന്‍ തദ്ദേശ സ്‌ഥാപനങ്ങളിലും കോണ്‍ഗ്രസ്‌ ജനപ്രതിനിധികള്‍ക്കിടയില്‍ അധികാര കൈമാറ്റം സംബന്ധിച്ച്‌ ഉണ്ടാക്കിയിട്ടുള്ള ധാരണകള്‍ പാലിക്കണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ എം.എം. ഹസന്‍ നിര്‍ദേശം നല്‍കിയതായി ഡി.സി.സി പ്രസിഡന്റ്‌ ബാബു ജോര്‍ജ്‌ അറിയിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപിനോട്‌ സ്‌ഥാനമൊഴിയാന്‍ കെ.പി.സി.സി പ്രസിഡന്റ്‌ ഫോണില്‍ നേരിട്ട്‌ ആവശ്യപ്പെട്ടുവെന്നും പറയുന്നു. എന്നാല്‍, തന്നോട്‌ ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ രജനി പ്രദീപ്‌ മംഗളത്തോടു പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ ചേര്‍ന്ന കെ.പി.സി.സി. എക്‌സിക്യൂട്ടീവ്‌ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച്‌ ഹസന്‍ പ്രസ്‌താവന നടത്തിയത്‌. ചിലയിടത്തെ തദ്ദേശസ്‌ഥാപനങ്ങളില്‍ മാത്രമാണ്‌ ധാരണ പാലിക്കപ്പെട്ടിട്ടുള്ളതെന്നും ഇനിയും ധാരണയുള്ള സ്‌ഥലങ്ങളില്‍ അത്‌ പാലിക്കപ്പെടണമെന്നുമാണ്‌ ഹസന്‍ അറിയിച്ചത്‌. ഇതിന്റെ ഭാഗമായി ബുധനാഴ്‌ച രാത്രി ഹസന്‍ നേരിട്ട്‌ രജനിയെ വിളിച്ച്‌ രാജി ആവശ്യപ്പെട്ടുവെന്നാണ്‌ പറയുന്നത്‌.
എന്നാല്‍, രാജിവയ്‌ക്കാനുള്ള കാലാവധി പറഞ്ഞിട്ടല്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌ വരെയാണ്‌ രജനിക്ക്‌ ചെയര്‍പേഴ്‌സണ്‍ സ്‌ഥാനത്ത്‌ തുടരാന്‍ കെ.പി.സി.സി. അനുവദിച്ചിരുന്നത്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ സ്‌ഥിതിക്ക്‌ ഉടന്‍ രാജിവയ്‌ക്കേണ്ടതാണ്‌ എന്നാണ്‌ കെ.പി.സി.സി. നിര്‍ദേശം.
തന്നോട്‌ ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനൊരു ധാരണ നിലവില്‍ ഇല്ലെന്നുമുള്ള നിലപാടില്‍ രജനി പ്രദീപ്‌ തുടരുകയാണ്‌. ജില്ലയിലെ കോണ്‍ഗ്രസ്‌ നേതൃത്വത്തെ ഈ നിലപാട്‌ വെട്ടിലാക്കിയിരിക്കുകയാണ്‌. കൗണ്‍സിലില്‍ 16 സീറ്റാണ്‌ കോണ്‍ഗ്രസിനുള്ളത്‌. കേരളാ കോണ്‍ഗ്രസ്‌-എമ്മിന്റെ നാലും ലീഗിന്റെ രണ്ടും കൂടി ചേരുമ്പോള്‍ യു.ഡി.എഫിന്റെ അംഗസംഖ്യ 22 ആകും. കൗണ്‍സിലിന്റെ ആകെ അംഗബലം 32 ആണ്‌. ഒമ്പതു പേരാണ്‌ ഇടതുപക്ഷത്തുള്ളത്‌. ശേഷിച്ച ഒരാള്‍ എസ്‌.ഡി.പി.ഐക്കാരിയാണ്‌.
കോണ്‍ഗ്രസിന്റെ 16 കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷവും രജനിക്കൊപ്പമാണ്‌. 11 പേരുടെ പിന്തുണയാണ്‌ രജനി അവകാശപ്പെടുന്നത്‌. ശേഷിക്കുന്നത്‌ അഞ്ചുപേരാണ്‌.
ഡി.സി.സി നിര്‍ദേശം അവഗണിച്ച്‌ തുടരുന്ന രജനിയെ ഇനി അവിശ്വാസത്തിലുടെ പുറത്താക്കുകയാണ്‌ ലക്ഷ്യം. ഘടക കക്ഷികളുടെ ആറും കൂടി ചേര്‍ത്താല്‍, അവിശ്വാസത്തിന്‌ നോട്ടീസ്‌ നല്‍കാനുള്ള 11 എന്ന മാജിക്‌ അക്കത്തില്‍ യു.ഡി.എഫിന്‌ എത്താം. രജനി വിരുദ്ധ പാളയത്തില്‍ നിന്ന്‌ ഇനിയും കൊഴിഞ്ഞു പോക്കുണ്ടായാല്‍ അതും നടക്കാതെ വരും.
താന്‍ രാജി വയ്‌ക്കില്ലെന്ന്‌ രജനി അസന്നിഗ്‌ധമായി പ്രഖ്യാപിച്ചതോടെ നേതൃത്വം വെട്ടിലായിരിക്കുകയാണ്‌. പ്രതിപക്ഷത്തിന്റെ പിന്തുണയും രജനി പ്രദീപിനാണുള്ളത്‌. അവിശ്വാസത്തിന്‌ നോട്ടീസ്‌ നല്‍കുക എന്ന കടമ്പ കടക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്‌. വെല്ലുവിളിച്ച്‌ രജനി തുടര്‍ന്നാല്‍ അത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ നാണക്കേടുമാകും.

Ads by Google
Advertisement
Saturday 30 Jun 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW