പാലക്കാട്: നഗരസഭയില്‍ ബി.ജെ.പി കൗണ്‍സിലറുടെ ഭാര്യയ്ക്ക് താല്‍ക്കാലിക നിയമനം നല്‍കിയതിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ചെയര്‍പേഴ്സന്റെ മുന്‍കൂര്‍ അനുമതിയോടെ നടത്തിയ നിയമനത്തില്‍ പ്രതിഷേധം ശക്തമായതോടെ സഭ പിരിഞ്ഞു.
യോഗം ആരംഭിച്ചയുടന്‍ യു.ഡി.എഫ് അംഗങ്ങളാണ് വിഷയം ഉന്നയിച്ച് രംഗത്തെത്തിയത്. രണ്ടുതവണ കൗണ്‍സില്‍ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാനായില്ല. ഇതേതുടര്‍ന്നാണ് അജണ്ടകള്‍ മാറ്റിവെച്ച് മറ്റു ചര്‍ച്ചകളില്ലാതെ പിരിഞ്ഞത്.
ബി.ജെ.പി. കൗണ്‍സിലര്‍ എം. സുനിലിന്റെ ഭാര്യയടക്കം രണ്ട് പേരെയാണ് കരാറടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമിച്ചിട്ടുള്ളത്. മുന്‍കൂര്‍ അനുമതിയോടെയുള്ള നിയമനത്തിന് കൗണ്‍സില്‍ അംഗീകാരം തേടി അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ്. ബഹളം തുടങ്ങിയത്. ചെയര്‍പേഴ്സണും കൗണ്‍സിലറും സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായും ആക്ഷേപമുയര്‍ന്നു.
നിയമനം ചട്ട ലംഘനമാണെന്ന് എല്‍.ഡി.എഫും ആരോപിച്ചു. എന്നാല്‍, തൊഴിലുറപ്പുപദ്ധതിയുടെ നടത്തിപ്പിന് അടിയന്തിരമായി നടത്തേണ്ടതിനാലാണ് നിയമനത്തിന് മുന്‍കൂര്‍ അനുമതി നല്‍കിയതെന്ന് വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ചാണ് നിയമനമെന്നും കൗണ്‍സിലറുടെ ഭാര്യയ്ക്ക് നഗരസഭയില്‍ ജോലി നല്‍കരുതെന്ന് മുനിസിപ്പല്‍ ആക്ടില്‍ പറഞ്ഞിട്ടില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
ചേമ്പറിനു മുന്നില്‍ പ്രതിപക്ഷ ബഹളം ശക്തമായതോടെ കൗണ്‍സില്‍ നിര്‍ത്തിവെച്ചു. വീണ്ടും കൗണ്‍സില്‍ ചേര്‍ന്നെങ്കിലും യു.ഡി.എഫ്. ബഹളം തുടര്‍ന്നു. നിയമനവിഷയം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്നും ചെയര്‍പേഴ്സണ്‍ ഉള്‍പ്പെട്ട പ്രശ്നമായതിനാല്‍ ചര്‍ച്ച നടത്തുമ്പോള്‍ ചെയര്‍പേഴ്സണ്‍ പങ്കെടുക്കരുതെന്നുമായിരുന്നു യു.ഡി.എഫ് ആവശ്യം.
ബഹളത്തില്‍ മുങ്ങിയതിനാല്‍ മറ്റ് ചര്‍ച്ചകളിലേക്ക് കടക്കാതെ യോഗം അവസാനിപ്പിച്ചു. നിയമനത്തിനെതിരേ സമയം ശക്തമാക്കാനാണ് യു.ഡി.എഫ്. തീരുമാനം.