Tuesday, September 25, 2018 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.36 AM

തൃശൂരിലും താരമായി കലക്‌ടര്‍ അനുപമ

uploads/news/2018/06/225436/2.jpg

തൃശൂര്‍: വിട്ടുവീഴ്‌ചയില്ലാത്ത നടപടികളുമായി ജനങ്ങളുടെ മനസില്‍ ഇടംപിടിച്ച കലക്‌ടര്‍ ടി.വി. അനുപമ തൃശൂര്‍ ജില്ലയിലും ഹീറോയിന്‍. തിങ്കളാഴ്‌ച കൊടുങ്ങല്ലൂരില്‍ തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടു നടന്ന ഉപരോധത്തിനിടെയാണ്‌ അനുപമയോടുള്ള തൃശൂരുകാരുടെ സ്‌നേഹം വെളിപ്പെട്ടത്‌. ജില്ലയില്‍ അനുപമയെ കാത്തിരുന്ന ആദ്യ വെല്ലുവിളിയായിരുന്നു തീരദേശവാസികളുടെ സമരം. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട്‌ സമരക്കാര്‍ വാശിയോടെ മുന്നേറിയതോടെ പോലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തി. സമരക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ച്‌ പോലീസും റവന്യൂ ഉദ്യോഗസ്‌ഥരും പരാജയപ്പെട്ടു.
ഉപരോധ വാര്‍ത്തയറിഞ്ഞ്‌ ജില്ലാ കലക്‌ടര്‍ സ്‌ഥലത്തെത്തി. വാര്‍ത്തകളിലെ താരമായ ടി.വി. അനുപമയെ കണ്ടതും ജനം ആര്‍പ്പുവിളിച്ചു. കാറില്‍നിന്നിറങ്ങിയ കലക്‌ടറെ കൈയടിയോടെയാണ്‌ അവര്‍ സ്വീകരിച്ചത്‌. തികഞ്ഞ പക്വതയോടെ നയചാതുരിയോടെ ടി.വി. അനുപമ സമരക്കാരോട്‌ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. കലക്‌ടര്‍ എന്ന ഉത്തരവാദിത്വത്തോടെയുള്ള അനുപമയുടെ ഇടപെടലുകള്‍ പോലീസിനും സഹപ്രവര്‍ത്തകര്‍ക്കും മാതൃകാപരമായിരുന്നു. സമരക്കാര്‍ക്ക്‌ പറയാനുള്ളത്‌ അനുപമ ക്ഷമയോടെ കേട്ടു. താത്‌കാലിക തടയണ, കടല്‍ഭിത്തി പുനര്‍നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ പരമാവധി വേഗത്തില്‍ നടപ്പിലാക്കുമെന്ന്‌ അനുപമ പറഞ്ഞതോടെ തീരദേശവാസികള്‍ ഉപരോധം അവസാനിപ്പിച്ചു.
എല്ലാം ഉടനടി ശരിയാക്കാമെന്ന നടക്കാത്ത വാഗ്‌ദാനങ്ങളൊന്നും താന്‍ നല്‍കുന്നില്ലെന്ന്‌ അനുപമ സമരക്കാരെ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും പറഞ്ഞു. കടല്‍ക്ഷോഭ ബാധിത പ്രദേശം സന്ദര്‍ശിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ച്‌ കലക്‌ടര്‍ എറിയാട്‌ ചന്തക്കടപ്പുറത്തെത്തി. കൊടുങ്ങല്ലൂര്‍ എറിയാട്‌ കടല്‍ഭിത്തി ഇല്ലാത്തതിനാല്‍ വീടുകളിലേക്ക്‌ വെള്ളം അടിച്ചുകയറി തീരദേശവാസികളുടെ ജീവിതം ദുഃസഹമാണ്‌. ഈ ഭാഗത്ത്‌് കടല്‍ഭിത്തി വേണമെന്നത്‌ കഴിഞ്ഞ 10 വര്‍ഷമായുള്ള നാട്ടുകാരുടെ ആവശ്യമാണ്‌. ഓഖി ദുരന്തമുണ്ടായപ്പോഴും ഇതേ ആവശ്യവുമായി അധികൃതരുടെ മുന്നിലെത്തിയിരുന്നു. കടല്‍ക്ഷോഭം മൂലം വീടും മറ്റു വിലപിടിപ്പുള്ളതെല്ലാം നഷ്‌ടപ്പെട്ടവര്‍ തങ്ങളുടെ ദുരിതങ്ങള്‍ കലക്‌ടര്‍ക്കു മുന്നില്‍ വിശദീകരിച്ചു.
എറിയാട്‌ പഞ്ചായത്തിലെ കടല്‍ക്ഷോഭ ബാധിതരാണ്‌ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസ്‌ കവാടം തടഞ്ഞ്‌ ഉപരോധസമരം നടത്തിയത്‌. ഉപരോധം നാലരമണിക്കൂര്‍ നീണ്ടു. ദേശീയപാത ഉപരോധത്തെ തുടര്‍ന്ന്‌ തൃശൂര്‍ - എറണാകുളം ജില്ലകളുടെ തീരമേഖല പൂര്‍ണമായും സ്‌തംഭിച്ചു. രാവിലെ പത്തരയ്‌ക്ക് ആരംഭിച്ച സമരം ജില്ലാ കലക്‌ടര്‍ അനുപമ നേരിട്ടെത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ മൂന്നുമണിയോടെ അവസാനിച്ചു. കൊടുങ്ങല്ലൂരില്‍നിന്ന്‌ കലക്‌ടറെ അഭിവാദ്യങ്ങളര്‍പ്പിച്ച്‌ മുദ്രാവാക്യം വിളിച്ചാണ്‌ സമരക്കാര്‍ യാത്രയാക്കിയത്‌.

Ads by Google
Advertisement
Wednesday 13 Jun 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW