Wednesday, June 13, 2018 Last Updated 30 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.34 AM

കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നു; നെല്‍ക്കര്‍ഷകര്‍ ആശങ്കയില്‍

uploads/news/2018/06/225421/1.jpg

എടത്വാ: ദിവസങ്ങളായി തുടരുന്ന കനത്തമഴയില്‍ കുട്ടനാട്ടില്‍ ജലനിരപ്പ്‌ ഉയര്‍ന്നു. ഇന്നലെ നാല്‌ പാടശേഖരങ്ങളില്‍ മടവീണു. നെല്‍ക്കര്‍ഷകര്‍ ആശങ്കയില്‍. പേമാരിയും കിഴക്കന്‍ വെള്ളത്തിന്റെ വരവും ശക്‌തിപ്രാപിച്ചതാണ്‌ ജലനിരപ്പ്‌ ക്രമാതീതമായി ഉയരാന്‍ കാരണം. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഗ്രാമീണ മേഖലകള്‍ ഒറ്റപ്പെട്ട അവസ്‌ഥയാണ്‌. ഇടറോഡുകള്‍ ഏറെയും വെള്ളത്തില്‍ മുങ്ങി.
വീടുകളില്‍ വെള്ളം കയറിതുടങ്ങി. കഴിഞ്ഞ സീസണിനേക്കാള്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്‌. പ്രധാന നദീതീരങ്ങളും തോടുകളും കരകവിഞ്ഞൊഴുകാന്‍ തുടങ്ങി. ഇന്നലെ മഴ ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ്‌ നിലച്ചില്ല. നദികളുടെയും തോടുകളുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ അതാത്‌ പഞ്ചായത്ത്‌ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്‌.
തോട്ടപ്പള്ളി സ്‌പില്‍വേ തുറക്കാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചു. ജെ.സി.ബിയും മോട്ടറും അടക്കമുള്ള ഉപകരണങ്ങളുമായി ഇറിഗേഷന്‍ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ തോട്ടപ്പള്ളിയില്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. കുട്ടനാട്ടില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നിട്ടും റവന്യു വകുപ്പ്‌ മുന്നൊരുക്കങ്ങള്‍ ആരംഭിക്കാത്തതിനെതിരേ പ്രതിഷേധമുണ്ട്‌.
അമ്പലപ്പുഴ, തകഴി, എടത്വാ, വീയപുരം, ചെറുതന പഞ്ചായത്തിലാണ്‌ വെള്ളക്കെടുതി കൂടുതല്‍ അനുഭവപ്പെടുന്നത്‌. കുട്ടനാട്ടിലെ നെല്‍ക്കര്‍ഷര്‍ക്കാണ്‌ കടുത്ത ആശങ്ക. നദി കരകവിഞ്ഞും മഴ ശക്‌തിയാര്‍ജിച്ചും രണ്ടാംകൃഷി ഇറക്കിയ പാടങ്ങളില്‍ വെള്ളം കയറിതുടങ്ങി. സംരക്ഷഭിത്തി നിര്‍മിക്കാത്ത ബണ്ടുകള്‍ക്ക്‌ ഉയരക്കുറവുള്ള പാടശേഖരങ്ങളില്‍ കര്‍ഷകര്‍ പാടത്തുചുറ്റും ജാഗ്രതയോടെയാണ്‌ കാത്തുനില്‍ക്കുന്നത്‌.
കുട്ടനാട്ടില്‍ 2000 ഹെക്‌ടറോളം പാടത്ത്‌ വിതയിറക്കിയിട്ടുണ്ട്‌. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച്‌ ഇക്കുറി രണ്ടാംകൃഷി കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം 7200 ഹെക്‌ടറില്‍ രണ്ടാംകൃഷി ഇറക്കിയിരുന്നു. മഴ തുടര്‍ന്നാല്‍ ആദ്യവിത ഉപേക്ഷിക്കേണ്ട അവസ്‌ഥയാണ്‌ കര്‍ഷകര്‍ക്ക്‌. രണ്ടാംകൃഷി ഇറക്കിയ പാടത്ത്‌ ഒട്ടുമിക്ക കര്‍ഷകരും ചെറുകിടകൃഷിക്കാരും പാട്ടക്കര്‍ഷകരുമാണ്‌. പണം പലിശയ്‌ക്കെടുത്തും കടം വാങ്ങിയുമാണ്‌ മിക്കവരും കൃഷി ഇറക്കിയത്‌. കനത്ത മഴയും വെള്ളപ്പൊക്കവും കര്‍ഷകരുടെ പ്രതീക്ഷയ്‌ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തുകയാണ്‌.

Ads by Google
Advertisement
Wednesday 13 Jun 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW