Wednesday, March 20, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 19 May 2018 12.52 AM

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ മാര്‍ച്ചും ധര്‍ണയും

uploads/news/2018/05/218153/1.jpg

പത്തനംതിട്ട: പന്തളം തെക്കേക്കര പഞ്ചായത്ത്‌ 12-ാം വാര്‍ഡ്‌ മെമ്പര്‍ മധുസൂദനന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ഭാര്യ മണി. സി.പി.ഐ. പ്രവര്‍ത്തകനായ ഇദ്ദേഹം പട്ടികജാതി സംവരണ വാര്‍ഡില്‍ നിന്നാണ്‌ പഞ്ചായത്ത്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്‌. യാതൊരു സാമ്പത്തിക ബാധ്യതയും മാനസിക പ്രയാസങ്ങളുമില്ലാത്ത ഇദ്ദേഹത്തെ മാര്‍ച്ച്‌ നാലിനാണ്‌ കാണാതായത്‌.
പുറത്തേക്ക്‌ പോയിട്ടുവരാം എന്നുപറഞ്ഞാണ്‌ വീട്ടില്‍ നിന്നും മധുസൂദനന്‍ ഇറങ്ങിയതെന്ന്‌ മണി പറഞ്ഞു. രാത്രി വളരെ വൈകിയിട്ടും എത്താതിരുന്നതിനെ തുടര്‍ന്ന്‌ അടുത്ത ദിവസം കൊടുമണ്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി.
അല്‍പ്പംകൂടി കാത്തിരിക്കാം എന്ന്‌ പറഞ്ഞ പോലീസ്‌ ആദ്യം പരാതി സ്വീകരിച്ചില്ല. ആറിന്‌ സി.പി.ഐ ലോക്കല്‍ സെക്രട്ടറിയുടെ അനുവാദം ചോദിച്ച ശേഷമാണ്‌ കൊടുമണ്‍ പോലീസ്‌ തന്റെ മൊഴിയെടുക്കാന്‍ തയാറായതെന്ന്‌ മണി പറയുന്നു. എന്നിട്ടും തുടരന്വേഷണം കാര്യക്ഷമമായി നടന്നില്ല.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭര്‍ത്താവിനെപ്പറ്റി വിവരമറിയാതിരുന്നതിനെ തുടര്‍ന്ന്‌ എം.എല്‍.എ, സംസ്‌ഥാന പോലീസ്‌ ചീഫ്‌, മുഖ്യമന്ത്രി എന്നിവര്‍ക്ക്‌ പരാതി സമര്‍പ്പിച്ചു. എന്നാല്‍ യാതൊരു നീതിയും ലഭിച്ചില്ല.
ആഴ്‌ചകള്‍ക്ക്‌ ശേഷം മാര്‍ച്ച്‌ 17 ന്‌ രാവിലെ 6.30 ന്‌ സി.പി.ഐ ലോക്കല്‍ സെക്രട്ടറിയാണ്‌ മധുസൂദനന്റെ മരണത്തെപ്പറ്റി ആദ്യം വിവരം നല്‍കിയത്‌.
150 കി.മീറ്റര്‍ അകലെ ഇടപ്പള്ളി റെയില്‍വേ ട്രാക്കിന്‌ സമീപം മധുസൂദനന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും കൈപ്പറ്റാന്‍ പോകണമെന്നുമായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചത്‌.
ലോക്കല്‍ സെക്രട്ടറിക്കൊപ്പം എറണാകുളം എളമക്കര പോലീസ്‌ സ്‌റ്റേഷനില്‍ എത്തി അതിനു ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും മധുസൂദനന്റെ മൃതദേഹം ഏറ്റുവാങ്ങിയശേഷം ധൃതി പിടിച്ച്‌ അടക്കം ചെയ്യുകയായിരുന്നു.
മധുസൂദനന്റെ മരണം കൊലപാതകമാണെന്ന്‌ സംശയിക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടെന്ന്‌ മണി പറയുന്നു. നിലവില്‍ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും മധുസൂദനന്‌ ഉണ്ടായിരുന്നില്ല. സാമ്പത്തിക ബാധ്യതയില്ല. അസുഖങ്ങളോ മാനസിക പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഇല്ലാത്തത്‌ ഒരു കുറവായി മധുസൂദനന്‌ ഒരിക്കലും തോന്നിയിരുന്നില്ല.
മൃതദേഹത്തില്‍ ഷര്‍ട്ടും മുണ്ടും ഉണ്ടായിരുന്നെങ്കിലും അടിവസ്‌ത്രം ഇല്ലാതിരുന്നതാണ്‌ സംശയം തോന്നാന്‍ മറ്റൊരു കാരണം. മധുസൂദനനെ കാണാതായ ദിവസം ഒരു പാര്‍ട്ടി പ്രവര്‍ത്തകനുമായി അടൂര്‍, പറന്തല്‍ എന്നിവിടങ്ങളില്‍ മധുസൂദനന്‍ സംസാരിച്ചു നില്‍ക്കുന്നത്‌ പലരും കണ്ടിരുന്നു.
മൃതദേഹം കണ്ടെത്തിയശേഷം ഉടന്‍ ദഹിപ്പിക്കണമെന്നുള്ള ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം ദൂരൂഹമാണ്‌.
മൃതദേഹം മധുസൂദനന്റെയാണോ എന്ന്‌ തീര്‍ച്ചയാകാത്ത സാഹചര്യത്തില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ മരണത്തില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച്‌ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചതും സംശയത്തിന്‌ ഇട നല്‍കുന്നു.
മധുസൂദനന്റെ മരണം സംബന്ധിച്ച്‌ മണി ഉന്നയിച്ച സംശയങ്ങള്‍ ഒന്നും മുഖവിലയ്‌ക്കെടുക്കാന്‍ കൊടുമണ്‍ പോലീസ്‌ തയാറാകാത്തത്‌ എന്തു കൊണ്ടാണെന്ന കാര്യം വ്യക്‌തമല്ല.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതി കണക്കാക്കാതെയാണ്‌ അടൂര്‍ ഡിവൈ.എസ്‌.പി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.
കുടുംബപ്രശ്‌നമോ സാമ്പത്തിക പരാധീനത മൂലമോ ആകാം മധൂസൂദനന്‍ ആത്മഹത്യ ചെയ്‌തതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നത്‌.
ആരുടെയോ സ്വാധീനത്തിന്‌ വഴങ്ങിയായിരുന്നു ഇതെന്നാണ്‌ ഇവരുടെ സംശയം. സാഹചര്യം ഇതായിരിക്കെ സത്യാവസ്‌ഥ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ്‌ മണിയും ബന്ധുക്കളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ആവശ്യപ്പെടുന്നത്‌.
ഈ ആവശ്യം ഉന്നയിച്ച്‌ ഡിവൈ.എസ്‌.പി ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും മണി, അഡ്വ.കെ.കെ.രാധാകൃഷ്‌ണന്‍, എം.ജി.മനോഹരന്‍, ജ്യോതിഷ്‌ പെരുമ്പുളിക്കല്‍, വിജയന്‍ മാമൂട്‌, സതീഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു.

Ads by Google
Advertisement
Saturday 19 May 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW