Tuesday, March 26, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.16 AM

രേഖകള്‍ മറച്ചുവച്ചു; വനഭൂമി മറിച്ചുവിറ്റു

uploads/news/2018/05/217288/1.jpg

നിബിഡമായ വനഭുമിയുടെ പച്ചപ്പിനെ പിഴുതെറിഞ്ഞ്‌ കോടികള്‍ വിലമതിക്കുന്ന വനസമ്പത്ത്‌ വിറ്റ്‌ കാശാക്കുക എന്നതുതന്നെയായിരുന്നു ഭൂമാഫയയുടെ ലക്ഷ്യം. ഇത്‌ സമര്‍ഥിക്കാന്‍ ധാരാളം തെളിവുകള്‍ ഇനിയും ബാക്കി. പൊന്തന്‍പുഴയുടെ ഉടമസ്‌ഥത കോടതിയില്‍ ചോദ്യചിഹ്‌നമായി നിലനില്‍ക്കുമ്പോള്‍തന്നെ നിയമം മറികടന്ന്‌ ഭൂമി വിറ്റുകാശാക്കാനാണ്‌ നൈയ്‌തല്ലൂര്‍ കോവിലകം ശ്രമിച്ചത്‌.
കേന്ദ്ര വനനിയമവും ഭൂപരിഷ്‌ക്കരണ നിയമവും അവര്‍ക്കുമുന്നില്‍ തടസമായില്ല. ഉന്നത വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും റവന്യൂ അധികൃതരും കൂട്ടുനിന്ന കാട്ടുകൊള്ളയ്‌ക്ക്‌ കുടപിടിക്കാന്‍ കാലാകാലങ്ങളില്‍ എത്തിയ ഭരണ നേതൃത്വവും തയ്യാറായി എന്നതാണ്‌ പ്രത്യേകത.
സംസ്‌ഥാന സര്‍ക്കാര്‍ സംരക്ഷിത വനമായി പ്രഖ്യാപിച്ച വനഭൂമി എങ്ങനെ 283 പേര്‍ക്കായി വില്‍ക്കാന്‍ കഴിഞ്ഞു എന്നതാണ്‌ പ്രധാന ചോദ്യം. ഈ ചോദ്യത്തെകടത്തിവെട്ടുന്നതാണ്‌ ഭൂമിയുടെ വില്‍പ്പനയും മറിച്ചുവില്‍പ്പനയും.
നെയ്‌തല്ലൂര്‍ കോവിലകത്തിനിന്നും ഭൂമി വാങ്ങിയ 283 പേരില്‍ ഒരാളായിരുന്നു ആലപ്പുഴ ഹരിപ്പാട്‌ കരുവാറ്റ മീനത്തേതില്‍ മാധവപിള്ള. അദ്ദേഹത്തിന്റെ മകന്‍ രഘുനാഥപിള്ള 2006-ല്‍ പിതാവ്‌ നെയ്‌തല്ലൂര്‍ കോവിലകത്തുനിന്നും വാങ്ങിയ 400 ഏക്കര്‍ ഭൂമി തൃശൂര്‍ സ്വദേശി ദിവാകരന്‍, പാലാ സ്വദേശി സെബാസ്‌റ്റ്യന്‍ എന്നിവര്‍ക്ക്‌ മറിച്ചുവില്‍ക്കുകയായിരുന്നു. റവന്യൂ, വനം വകുപ്പ്‌ അധികൃതരും അതിന്‌ കൂട്ടുനിന്നു. ഇത്തരത്തില്‍ ലഭിച്ച ഭൂമി ദിവാകരനും സെബാസ്‌റ്റ്യനും ചേര്‍ന്ന്‌ പത്തനംതിട്ട ജില്ലാ ബാങ്കില്‍ പണയം വച്ച്‌ നാലുലക്ഷം രൂപാ ലോണ്‍ എടുക്കുകയും ചെയ്‌തു.
ഈ ആവശ്യത്തിനായി പെരുമ്പട്ടി വില്ലേജ്‌ ഓഫീസില്‍ എത്തിയ ദിവാകരനേയും സെബാസ്‌റ്റ്യനേയും പെരുമ്പട്ടി പൗരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചിരുന്നു. പോലീസ്‌ എത്തി ഇവരെ പിന്നീട്‌ രക്ഷിക്കുകയായിരുന്നു. അനധികൃതമായി ഭൂമി വാങ്ങിയ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ പൗരസമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടും പോലീസ്‌ അതിന്‌ തയ്യാറായില്ല. കേസ്‌ ഇപ്പോഴൂം കോടതിയില്‍ നിലനില്‍ക്കുകയാണ്‌.
കോടതിക്കുമുന്നില്‍
സര്‍ക്കാര്‍ കാഴ്‌ചക്കാരനായി

1968-ലെ ഫോറസ്‌റ്റ്‌ റഗുലേഷന്‍ ആക്‌റ്റ്‌ പ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്‌തമായ വനഭൂമി മാത്രമെ സംരക്ഷിത വനമായി പ്രഖ്യാപിക്കാന്‍ പാടുള്ളു. ഈ വനം സര്‍ക്കാരില്‍ നിക്ഷിപ്‌തമായിരുന്നില്ലെന്നും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ നല്‍കിയ നീട്ടിന്‍ പ്രകാരം എഴുമറ്റൂര്‍ നൈതല്ലൂര്‍ കോവിലകം വകയായ ഭൂമിയാണെന്നുമായിരുന്നു എറണാകുളം ജില്ലാ കോടതിയുടെ വര്‍ഷങ്ങള്‍ക്കുമുമ്പുള്ള വിധി. ഇതിനെതിരെ കോട്ടയം ഡി.എഫ്‌.ഒ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മ ഇത്തരത്തിലൊരു നീട്ട്‌ നൈതല്ലൂര്‍ കോവിലകത്തിന്‌ കൊടുത്തിട്ടില്ലെന്നാണ്‌ 1962 മാര്‍ച്ച്‌ 16ന്‌ മന്ത്രി ഇ.പി.പൗലോസ്‌ നിയമസഭയെ അറിയിച്ചത്‌. സര്‍ക്കാര്‍ ഭൂമി തങ്ങളുടേതാണെന്ന്‌ അവകാശപ്പെട്ട്‌ ചിലര്‍ കച്ചവടം നടത്തുന്നതായും ഇത്‌ തടയണമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.
സംരക്ഷിത വനമായി പുനര്‍വിജ്‌ഞാപനം ചെയ്യണമെന്നുള്ള ഹൈക്കോടതിയും വിധിച്ചിരുന്നു. ഈ രേഖകള്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം..സംസ്‌ഥാന സര്‍ക്കാര്‍ നേരത്തെ മൂന്ന്‌ റിസര്‍വ്വായിട്ടാണ്‌ പൊന്തന്‍പുഴ വനം ഏറ്റെടുത്തിട്ടുള്ളത്‌.1905,1907,1917 എന്നിങ്ങനെ മൂന്ന്‌ നോട്ടിഫിക്കേഷന്‍ വഴി സര്‍ക്കാരില്‍ നിക്ഷിപ്‌തമയ ഭൂമിയാണിത്‌.
1971ലെ വന നിയമമനുസരിച്ച്‌ 100 ഏക്കറോ അതില്‍ കൂടുതലോ ഉള്ള സ്വകാര്യ വനങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കിയുള്ള ഉത്തരവ്‌ നിലവിലുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ ഭൂമി സര്‍ക്കാരിന്റെ തന്നെയാണ്‌.ഇക്കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ചെയ്യേണ്ടിയിരുന്നത്‌്. എന്നാല്‍ അതിന്‌ കഴിയാതെപോയി എന്നതാണ്‌ ഇപ്പോഴത്തെ ദുരവസ്‌ഥയ്‌ക്ക്‌ കാരണം.
കച്ചിത്തുരുമ്പ്‌

പൊന്തന്‍പുഴ വനം സംബന്ധിച്ച്‌ ഇനിയുള്ള നിയമപോരാട്ടത്തില്‍ 2016ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല വിധി സര്‍ക്കാരിന്‌ കച്ചിത്തുരുമ്പാവും. പൊന്തന്‍പുഴ വനം നൂറ്റാണ്ടായി സര്‍ക്കാരിന്റെ കൈവശം ഇരിക്കുന്നതാണെന്നും അത്‌ ജണ്ട (അതിരടയാളം) കെട്ടി സംരക്ഷിക്കണമെന്നുമായിരുന്നു 2016 മെയ്‌ 17ലെ കോടതിവിധി.വണ്‍ എര്‍ത്ത്‌, വണ്‍ ലൈഫ്‌ എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ്‌ അന്നു വിധി വന്നത്‌. വനഭൂമി സംരക്ഷിക്കുമെന്ന്‌ കാണിച്ച്‌ അന്ന്‌ സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുകയും ചെയ്‌തു. ഭൂമിയുടെ അവകാശവാദത്തെ ചൊല്ലിയുള്ള കേസ്‌ കോടതിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ്‌ കോടതി വനം സംരക്ഷിക്കണമെന്ന നിര്‍ദേശം നല്‍കിയത്‌. ഈ വിധിയും അന്നു കൊടുത്ത സത്യവാങ്‌മൂലവും 2018ലെ കേസില്‍ ഹാജരാക്കപ്പെട്ടില്ലെന്നാണ്‌ ആക്ഷേപം.
2018 ജനുവരിയിലെ വിധിയിലൂടെയാണ്‌ വനത്തിന്‌ സംരക്ഷിത പദവി നഷ്‌ടമായത്‌. കേസ്‌ നടത്തിപ്പിനായി ശേഖരിച്ച 5000ല്‍ പരം പേജുകള്‍ വരുന്ന രേഖകള്‍ പരിശോധിച്ചാല്‍ പ്രദേശം സംരക്ഷിത വനമാണെന്ന്‌ വ്യക്‌തമാകുമെന്ന്‌ വനം വകുപ്പ്‌ മുന്‍ സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീലാഭട്ട്‌ പറയുന്നു. ഇത്‌ ആരും കൈവശംവയ്‌ക്കാത്ത ഭൂമിയാണ്‌.
അവകാശവാദം ഉന്നയിച്ച കക്ഷികള്‍ക്കു ഭൂമി കൈവശാവകാശം ലഭിച്ചിട്ടില്ല. 100 വര്‍ഷമായി സര്‍ക്കാര്‍ സംരക്ഷിച്ചുവരുന്നതും കൃഷി ചെയ്യാത്തതുമാണ്‌ ഭൂമിയെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കേസ്‌ സംബന്ധിച്ച്‌ സുപ്രധാനമായ ഒരു വസ്‌തുത നെയ്‌തല്ലൂര്‍ കോവിലകം അവരുടെ ഭൂമി സര്‍ക്കാരിന്‌ മടക്കിക്കൊടുത്തിരുന്നു എന്നതാണ്‌.
മുമ്പ്‌ ഡിഎഫ്‌ഒ മാത്രമായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള കക്ഷിയെങ്കില്‍ പിന്നീട്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കൊണ്ട്‌ സര്‍ക്കാരിനു വേണ്ടി സത്യവാങ്‌മൂലം കൊടുപ്പിച്ചിരുന്നതായും സുശീലാഭട്ട്‌ പറഞ്ഞു. പുനപ്പരിശോധനാ ഹര്‍ജി സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ കൊടുത്തിട്ടുണ്ട്‌. എങ്കിലും നിയമസഭയില്‍ വിഷയം അവതരിപ്പിച്ച്‌ പൊന്തന്‍പുഴയെ സംരക്ഷിത വനമായി പ്രഖ്യാപിക്കാം. 100 വര്‍ഷത്തെ അവകാശരേഖകള്‍ കൊണ്ട്‌ തന്നെ ഇതിനു നിയമപരമായി നിലനില്‍പ്പുണ്ടാകുമെന്നും സുശീലാ ഭട്ട്‌ പറയുന്നു.
നാളെ : വനം കെട്ടുപോയാല്‍
ജനം പെട്ടുപോകും

Ads by Google
Advertisement
Wednesday 16 May 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW