കുന്നംകുളം: വിഷു ആഘോഷങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വന്ന ദുരന്തവാര്‍ത്ത അഞ്ഞൂര് ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. ഇന്നലെവരെ കളിച്ചുചിരിച്ചു നടന്നിരുന്ന അഞ്ഞൂര് ലക്ഷം വീട് കോളനിയിലെ പ്രതികയും സനയും. കഷ്ടപ്പാട് നിറഞ്ഞ ജീവിതം തള്ളിനീക്കി മകള്‍ക്കും മാനസികരോഗിയായ അമ്മയ്ക്കുംവേണ്ടി ജീവിക്കുന്ന സീത. ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഹാഷിം. എല്ലാവരെയും കണ്ണീരിലാഴ്ത്തിയാണ് ഈ നാലുപേര്‍ക്കും അഞ്ഞൂര് ഗ്രാമം യാത്രാമൊഴി നല്‍കിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാലു മൃതദേഹങ്ങളും അഞ്ഞൂര്‍കുന്ന് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനു വച്ചു. ഈ സമയം സ്ത്രീകളടക്കം നിരവധിപേര്‍ ഗ്രൗണ്ടില്‍ കാത്തുനിന്നിരുന്നു. സീതയുടെ അടുത്തുതന്നെയാണ് മകളെയും കിടത്തിയിരുന്നത്. സനയുടെ അടുത്ത് ഹാഷിമും. ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹങ്ങളില്‍ അഞ്ഞൂര് ഗ്രാമനിവാസികള്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു.
സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്, ഏരിയാസെക്രട്ടറി എം.എന്‍. സത്യന്, ജില്ലാ കമ്മിറ്റിയംഗം ടി.കെ. വാസു, ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്, ജോസഫ് ചാലിശേരി, ബ്ലോക്ക് പ്രസിഡന്റ് കെ. ജയശങ്കര്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്, വൈസ് ചെയര്മാന് പി.എം. സുരേഷ്, കുന്നംകുളം താലൂക്ക് തഹസില്‍ദാര്‍ ടി. ബ്രീജാകുമാരി, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംഭവദിവസംതന്നെ അപകടസ്ഥലത്തെത്തിയ മന്ത്രി എ.സി. മൊയ്തീന് മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി 10000 രൂപ അനുവദിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായം ലഭിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു.