Thursday, March 21, 2019 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 12.10 AM

വ്യാജ ഹര്‍ത്താല്‍ വ്യാപക അക്രമം

uploads/news/2018/04/209388/1.jpg

പാലക്കാട്‌: കശ്‌മീരില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ ചില സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപക സംഘര്‍ഷം. മുന്നറിയിപ്പില്ലാതെ പ്രത്യേകിച്ചൊരു സംഘടനയുടെയും ആഹ്വാനവുമില്ലാതിരുന്നിട്ടും ജില്ലയിലുടനീളം ചില പോക്കറ്റുകള്‍ കേന്ദ്രീകരിച്ച്‌ സംഘടിച്ചെത്തിയവരാണു ഹര്‍ത്താലിന്റെ മറവില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌. പതിവുപോലെ വാഹന ഗതാഗതം തുടരുകയും കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനിടെയാണ്‌ ഇരുചക്രവാഹനങ്ങളില്‍ സംഘടിച്ച്‌ നിരത്തിലിറങ്ങിയ ഒരു വിഭാഗം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌.
പാലക്കാട്‌ നഗരത്തില്‍ 250ല്‍ അധികം ബൈക്കുകളില്‍ സംഘടിച്ചെത്തിയവരാണ്‌ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചത്‌. ഒലവക്കോട്‌, വലിയങ്ങാടി, മേലാമുറി, ചുണ്ണാമ്പുത്തറ, വടക്കന്തറ തുടങ്ങിയ സ്‌ഥലങ്ങളിലൂടെ ഹോണ്‍ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌ പാഞ്ഞു. വാഹനങ്ങള്‍ തടഞ്ഞിടുകയും കടകള്‍ നിര്‍ബന്ധിച്ച്‌ അടപ്പിക്കുകയും ചെയ്‌തു. സംഘത്തിന്റെ ഈ മുന്നേറ്റം കലാപത്തിന്‌ സാധ്യതയായി മാറുമെന്ന്‌ തോന്നിയപ്പോള്‍ നോര്‍ത്ത്‌ സി.ഐ. ആര്‍. ശിവശങ്കരന്റെ നേതൃത്വത്തില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചവരെ പോലീസ്‌ നൂറണിയില്‍ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ പോലീസിനു നേരെ തിരിഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ്‌ ലാത്തിവീശി വിരട്ടിയോടിച്ചു. ഹര്‍ത്താലനുകൂലികള്‍ ഉപേക്ഷിച്ചിട്ടു പോയ എഴുപതോളം ബൈക്കുകള്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ എ.ആര്‍ ക്യാമ്പിലേയ്‌ക്ക് മാറ്റി.
ഹര്‍ത്താലിനെക്കുറിച്ച്‌ വാര്‍ത്തകളൊന്നും മറ്റു മാധ്യമങ്ങളില്‍ വരാത്തതിനെ തുടര്‍ന്ന്‌ നിരവധിപേരാണു സ്വകാര്യബസുകളില്‍ യാത്ര തിരിച്ചത്‌. ഒരു കൂട്ടം പ്രവര്‍ത്തകര്‍ സംഘടിതമായി നിരത്തിലിറങ്ങി അക്രമം തുടങ്ങിയതോടെ സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നിര്‍ത്തിവെച്ചു. ഇതോടെ ജനങ്ങള്‍ പെരുവഴിയിലായി. അക്രമം കണക്കിലെടുത്ത്‌ നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡ്‌ പരിസരത്ത്‌ ഹര്‍ത്താലനുകൂലികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബസ്‌ സര്‍വീസ്‌ നിര്‍ത്തിയതോടെ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെയുളളവര്‍ വലഞ്ഞു. പുതുനഗരം, ഒലവക്കോട്‌, പിരായിരി, മേമ്പറമ്പ്‌ തുടങ്ങിയ ഭാഗങ്ങളിലാണ്‌ ഗതാഗതം തടസപ്പെടുത്തി കൊണ്ട്‌ ഒരു വിഭാഗം നിരത്തിലിറങ്ങിയത്‌. പ്രത്യേകിച്ച്‌ ഒരു സംഘടനകളുടെയും പിന്തുണയില്ലാതെ തുടങ്ങിയ ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ സാധാരണ ജനങ്ങളെയാണ്‌ ഇവര്‍ നേരിട്ടത്‌.
ചെര്‍പ്പുളശേരിയില്‍ ഗതാഗതം തടസപ്പെടുത്താന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ട കല്ലെടുത്ത്‌ മാറ്റിയ പോലീസുകാരനെ ഒരു സംഘം മര്‍ദിച്ച്‌ അവശനാക്കി. സിവില്‍ പോലീസ്‌ ഓഫീസര്‍ കൃഷ്‌ണദാസിനാണ്‌ മര്‍ദനമേറ്റത്‌. സംഭവത്തില്‍ മുപ്പതോളം പേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇതില്‍ പ്രതിഷേധിച്ച്‌ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി. കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ സാധാരണ പോലെ സര്‍വീസ്‌ നടത്തി. ഒറ്റപ്പാലം ഗൂരുവായൂര്‍ റൂട്ടില്‍ സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ സര്‍വീസ്‌ നാലുവരെ നിര്‍ത്തിവെച്ചെങ്കിലും പിന്നീട്‌ പുനരാരംഭിച്ചു. വൈകിട്ട്‌ അഞ്ചിന്‌ ജില്ലാ മൃഗാശുപത്രിക്ക്‌ സമീപമുള്ള മേല്‍പ്പാലത്തില്‍ ഒരു സംഘം ആളുകള്‍ ടയര്‍ തീ കത്തിച്ച്‌ ഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസും അഗ്നിശമന സേനയും തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. ഹര്‍ത്താലിന്റെ മറവില്‍ സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ പ്രധാന പ്രദേശങ്ങളില്‍ പോലീസ്‌ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 17 Apr 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW