Thursday, December 13, 2018 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.14 AM

പമ്പാ നദി കുഴിച്ച്‌ കുളംതോണ്ടുന്നു

uploads/news/2018/04/206117/2.jpg

പത്തനംതിട്ട: നദീപുനരുദ്ധാരണത്തിന്റെ ഭാഗമായി കോടികള്‍ വെള്ളത്തില്‍ കലക്കുന്ന സര്‍ക്കാര്‍, പമ്പാ നദി കുഴിച്ച്‌ കുളം തോണ്ടുന്നു.
മൂന്നു പതിറ്റാണ്ടായി തുടര്‍ന്നു വന്ന അനധികൃത മണല്‍ഖനനം മൂലം പമ്പയുടെ അടിത്തട്ട്‌ ആറ്‌ മീറ്ററില്‍ അധികം താണതിനാല്‍ വരട്ടാര്‍, കോലറയാര്‍ തുടങ്ങിയ കൈവഴികള്‍ പോലും അപ്രത്യക്ഷമായ സാഹചര്യത്തിലാണ്‌ വീണ്ടും പമ്പയുടെ മാറു പിളര്‍ന്ന്‌ ആറന്മുളയില്‍ ഇറിഗേഷന്‍ വകുപ്പ്‌ ഖനനം ആരംഭിച്ചിട്ടുള്ളത്‌.
ഉത്രട്ടാതി ജലമേള സുഗമമാക്കുന്നതിന്റെ ഭാഗമായി നദിയിലെ പുറ്റ്‌ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ ഖനനം ആരംഭിച്ചത്‌. ഇതോടൊപ്പം നദിക്ക്‌ ആഴംകൂട്ടുന്ന ജോലികളും തുടങ്ങിയതോടെ പമ്പാനദി തോടിന്‌ സമാനമായി മാറി കഴിഞ്ഞു. നദിയുടെ അടിത്തട്ട്‌ താണതിനെ തുടര്‍ന്ന്‌ തീരത്തെ കിണറ്റില്‍ പോലും വെള്ളമില്ലാത്ത അവസ്‌ഥയാണിപ്പോള്‍.
പരിസ്‌ഥിതി പഠനം നടത്താതെയാണ്‌ ഇവിടെ ഖനനം നടത്തുന്നതെന്ന്‌ പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ.സുകുമാരന്‍ നായര്‍ പറയുന്നു.
ശാസ്‌ത്രീയ പഠനങ്ങള്‍ കൂടാതെ നദിയുടെ സ്വാഭാവിക ഒഴുക്ക്‌ തടസപ്പെടുത്തുന്ന യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും പാടില്ലെന്ന 2012 ഫെബ്രുവരി 12-ലെ സുപ്രീം കോടതി വിധി മറികടന്നു കൊണ്ടാണിത്‌.
നെയ്യാര്‍ ഡാമില്‍ നിന്നും എത്തിച്ച ഡ്രഡ്‌ജര്‍ ഉപയോഗിച്ച്‌ 1.21 കോടി രൂപ ചെലവില്‍ 1.75 മീറ്റര്‍ ഭാഗത്താണ്‌ ഖനനം. ഇതിനോടകം ആറ്‌ മീറ്ററില്‍ അധികം അടിത്തട്ട്‌ താണ പമ്പാനദിയെ വീണ്ടും കുഴിക്കുന്നത്‌ വന്‍ പാരസ്‌ഥിതിക പ്രശ്‌നം സൃഷ്‌ടിക്കുമെന്ന്‌ വാട്ടര്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഏജന്‍സിയുടെയും സെന്റര്‍ ഫോര്‍ എര്‍ത്തിലെയും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
1997-ല്‍ ഇറിഗേഷന്‍ വകുപ്പ്‌ ഇതേ മേഖലയില്‍ ഡ്രഡ്‌ജര്‍ ഉപയോഗിച്ച്‌ അശാസ്‌ത്രീയ ഖനനം നടത്തിയതിനെ തുടര്‍ന്നാണ്‌ പമ്പയുടെ വീതി ഗണ്യമായി കുറഞ്ഞത്‌.
ഇരുനൂറ്‌ മീറ്ററോളം വീതിയുണ്ടായിരുന്ന പമ്പയുടെ ഇപ്പോഴത്തെ വീതി 50 മീറ്ററില്‍ താഴെയാണ്‌. വീണ്ടും അടിത്തട്ട്‌ കുഴിച്ചാല്‍ നദിയുടെ വീതി ഇനിയും കുറയുമെന്നും പമ്പാ പരിരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
നദിയുടെ അടിത്തട്ട്‌ താണതിനെ തുടര്‍ന്നാണ്‌ ആദിപമ്പയിലേക്കും വരട്ടാറിലേക്കും ജലപ്രവേശനം നിലച്ചത്‌.
അടിത്തട്ട്‌ ഉയര്‍ത്തിയാല്‍ മാത്രമെ പമ്പയുടെ കൈവഴികള്‍ക്ക്‌ പുനര്‍ജീവനം ഉണ്ടാകൂ എന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനായി നദിയുടെ അടിത്തട്ടില്‍ അമ്പത്‌ മീറ്റര്‍ ഇടവിട്ട്‌ താത്‌കാലിക തടയണ നിര്‍മിക്കുകയാണ്‌ വേണ്ടത്‌. ഓരോ വര്‍ഷവും തടയണ തടഞ്ഞു നിര്‍ത്തുന്ന മണല്‍ അടിയുന്നതു മൂലം അടിത്തട്ട്‌ ഉയര്‍ത്താന്‍ സാധിക്കും.
ഇത്തരത്തില്‍ 5-6 വര്‍ഷം കൊണ്ട്‌ അടിത്തട്ട്‌ മൂന്നടിയിലേറെ ഉയര്‍ത്താന്‍ കഴിയുമെന്നാണ്‌ പഠനം. ഇതൊന്നും വകവയ്‌ക്കാതെയാണ്‌ ഇറിഗേഷന്‍ വകുപ്പ്‌ ഇപ്പോള്‍ അശാസ്‌ത്രീയ മാര്‍ഗം സ്വീകരിച്ചിട്ടുള്ളത്‌.

Ads by Google
Advertisement
Thursday 05 Apr 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW