Monday, December 17, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Mar 2018 12.05 AM

ജീവന്മരണ പോരാട്ടത്തിനു മുന്നണികള്‍

uploads/news/2018/03/200112/cngrCand2018a.jpg

ആലപ്പുഴ: രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു തെരഞ്ഞെടുപ്പിന്‌ അരങ്ങൊരുങ്ങുന്ന ചെങ്ങന്നൂരിലേക്കാണ്‌ ഇനി രാഷ്‌ട്രീയ കേരളത്തിന്റെ ശ്രദ്ധയത്രയും. മൂന്നു മുന്നണികളും വിജയം മാത്രം ലക്ഷ്യം വയ്‌ക്കുന്ന ഉപതെരഞ്ഞെടുപ്പ്‌ എന്നതാണ്‌ ഈ പോരാട്ടത്തിനു ചൂടും ചൂരും പകരുന്നത്‌. സിറ്റിങ്‌ സീറ്റ്‌ നിലനിര്‍ത്തേണ്ടത്‌ എല്‍.എഡി.എഫിനും പ്രത്യേകിച്ച്‌ സി.പി.എമ്മിനും അഭിമാന പ്രശ്‌നമാണ്‌. കഴിഞ്ഞ രണ്ട്‌ ഉപതെരഞ്ഞെടുപ്പുകളിലും വിജയം നേടിയ യു.ഡി.എഫിനാകട്ടെ ത്രികോണമത്സരത്തില്‍ കൈവഴുതിപ്പോയ തങ്ങളുടെ കുത്തക മണ്ഡലം തിരിച്ചുപിടിക്കേണ്ടതു നിലനില്‍പ്പിന്റെ ആവശ്യമാകുന്നു. ത്രിപുരയിലെ വിജയലഹരിയില്‍ കേരളം കീഴടക്കുമെന്നു പ്രഖ്യാപിച്ച ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ഷായും കൂട്ടരുമാകട്ടെ സംസ്‌ഥാനത്തെ എന്‍.ഡി.എയോട്‌ ആവശ്യപ്പെടുന്നത്‌ ചെങ്ങന്നൂരില്‍ വിജയക്കൊടി ഉയര്‍ത്തുകയെന്നല്ലാതെ മറ്റൊന്നുമല്ല.

1,88,702 വോട്ടര്‍മാരാണു ചെങ്ങന്നൂരുള്ളത്‌. 1,00,907 സ്‌ത്രീ വോട്ടര്‍മാരും 87,795 പുരുഷ വോട്ടര്‍മാരുമാണു നിലവിലെ പട്ടികപ്രകാരം ഇവിടെയുള്ളത്‌.
കേരളാ നിയമസഭയിലെ ആദ്യ സ്‌പീക്കര്‍ മത്സരിച്ചു ജയിച്ച മണ്ഡലം എന്ന വിശേഷണത്തിന്‌ അര്‍ഹമായ മണ്ഡലമാണു ചെങ്ങന്നൂര്‍. 1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായി മത്സരിച്ച ആര്‍. ശങ്കരനാരായണന്‍ തമ്പി വിജയിച്ചതു ചെങ്ങന്നൂരില്‍ നിന്നായിരുന്നു.

മണ്ഡലം രൂപീകരിച്ചതുമുതല്‍ നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തില്‍ വിജയിച്ചത്‌ ഇടതുപക്ഷമായിരുന്നു. 1991 മുതല്‍ മണ്ഡലത്തിനു വലത്തേക്കാണു ചായ്‌വ്‌. 1991 മുതല്‍ മൂന്നു തവണ തുടര്‍ച്ചയായി ശോഭനാ ജോര്‍ജ്‌ വിജയിച്ചു. 2006 ല്‍ സി.പി.എമ്മിലെ സജി ചെറിയാനെ തോല്‍പിച്ചു മണ്ഡലം നിലനിര്‍ത്തിയ പി.സി. വിഷ്‌ണുനാഥ്‌ 2011 ല്‍ സി.എസ്‌. സുജാതയെ കീഴടക്കി ചെങ്ങന്നൂരില്‍ തന്റെ രണ്ടാം വിജയം നേടി.

തുടര്‍ച്ചയായി യു.ഡി.എഫ്‌. മാത്രം വിജയിച്ചു പോന്ന ചെങ്ങന്നൂര്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണിയെ കൈവിട്ടു. മാത്രമല്ല ഇരുമുന്നണികളെയും വിറപ്പിച്ച്‌ എന്‍.ഡി.എ. വന്‍ മുന്നേറ്റം നടത്തി. 2011 ല്‍ ബി.ജെ.പിക്ക്‌ 4.84 ശതമാനമായിരുന്നു വോട്ടു വിഹിതം. 2016 ല്‍ യു.ഡി.എഫിലെ പി.സി. വിഷ്‌ണുനാഥിനെ 7983 വോട്ടിന്‌ പരാജയപ്പെടുത്തിയാണു സി.പി.എമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായര്‍ നിയമസഭയിലെത്തിയത്‌.
കെ.കെ. രാമചന്ദ്രന്‍ നായര്‍ (52880), പി.സി. വിഷ്‌ണുനാഥ്‌ (44897), പി.എസ്‌. ശ്രീധരന്‍പിള്ള (42682) എന്നിങ്ങനെയായിരുന്നു വോട്ടുനില.

മാന്നാര്‍, ബുധനൂര്‍, പുലിയൂര്‍, ചെന്നിത്തല, തൃപ്പെരുന്തുറ, ചെറിയനാട്‌, ആല, വെണ്‍മണി, മുളക്കുഴ, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്‌ പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും ചേര്‍ന്നതാണു പുതിയ ചെങ്ങന്നൂര്‍ മണ്ഡലം. നാട്ടുകാര്‍ തമ്മിലുള്ള മത്സരമാണ്‌ ഇത്തവണത്തേത്‌. സജി ചെറിയാനാണ്‌ എല്‍.ഡി.എഫിന്റെ സ്‌ഥാനാര്‍ഥിയായി ഒരിക്കല്‍കൂടി എത്തുന്നത്‌. എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി പി.എസ്‌. ശ്രീധരന്‍പിള്ള തുടര്‍ച്ചയായ രണ്ടാംവട്ടവും മത്സരിക്കുന്നു. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി ഡി. വിജയകുമാര്‍ കൂടി എത്തിയതോടെ നാട്ടങ്കം പൊടിപൊടിക്കുമെന്ന്‌ ഉറപ്പായി.

ത്രിപുര തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്‌ചാത്തലത്തില്‍ ബി.ജെ.പിയുടെ വോട്ടുവര്‍ധന തടയുക എന്നതായിരിക്കും ഇരുമുന്നണികളെയും പ്രധാനലക്ഷ്യം. എന്നാല്‍ ബി.ഡി.ജെ.എസ്‌. ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ ബി.ജെ.പിയും അങ്കലാപ്പിലാണ്‌. ന്യൂനപക്ഷങ്ങളുടെ വോട്ടും ഈഴവസമുദായത്തിന്റെ വോട്ടും തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്നതിനാല്‍ കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും നിലപാടുകള്‍ നിര്‍ണായകമാണ്‌. ബി.ഡി.ജെ.എസ്‌. എന്തു നിലപാട്‌ സ്വീകരിക്കുമെന്നതു പ്രധാനമാണ്‌. തുഷാര്‍ വെള്ളാപ്പള്ളിയെ തഴഞ്ഞതിനു പിന്നാലെ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെങ്ങന്നൂരില്‍ എന്‍.ഡി.എയ്‌ക്കു വോട്ടു കുറയുമെന്നു പറഞ്ഞത്‌ മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌.

എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന്‌ ഇന്നലെ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്‌. മുന്നണി വിടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണു തുഷാര്‍ വെള്ളാപ്പള്ളിയും പറയുന്നത്‌. മുന്നണി വിപുലീകരണവുമായി എല്‍.ഡി.എഫില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ കേരള കോണ്‍ഗ്രസിന്റെ പിന്തുണ ആര്‍ക്കെന്നതു ശ്രദ്ധേയമാകും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന ഏതുകക്ഷിയുടെയും പിന്തുണ തേടുമെന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. അതു കേരളാ കോണ്‍ഗ്രസിനുള്ള സ്വാഗതമായാണു വിലയിരുത്തപ്പെടുന്നത്‌. എന്നാല്‍ സി.പി.ഐ. നിലപാട്‌ ഇതിന്‌ എതിരാണ്‌.

ശക്‌തമായ ത്രികോണമത്സരം ഉറപ്പായ സാഹചര്യത്തില്‍ യു.ഡി.എഫ്‌. വോട്ടുകള്‍ ഉറപ്പിക്കാനും എന്‍.ഡി.എ. വോട്ടുകളില്‍ വിള്ളല്‍ വീഴ്‌ത്താനുമാണു വിജയകുമാറിനെ രംഗത്തിറക്കി കോണ്‍ഗ്രസ്‌ നേതൃത്വം ശ്രമിക്കുന്നത്‌. അയ്യപ്പസേവാസംഘം നേതാവെന്ന നിലയില്‍ ചെങ്ങന്നൂര്‍ മേഖലയില്‍ വിജയകുമാറിനുള്ള സ്വാധീനവും സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ അനുകൂലമായി. 18 നു കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയോഗം കോട്ടയത്തു ചേരുന്നുണ്ട്‌. യോഗത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു സംബന്ധിച്ച്‌ പാര്‍ട്ടിയുടെ ചായ്‌വ്‌ വ്യക്‌തമാകുമെന്നാണു പ്രതീക്ഷ.

Ads by Google
Advertisement
Wednesday 14 Mar 2018 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW