പാലക്കാട്: സുരക്ഷിതമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, വര്‍ദ്ധിച്ചുവരുന്ന കോഴി വിലയ്ക്ക് പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ചിക്കന്‍ വരുന്നു. ജില്ലയിലെ 10 പഞ്ചായത്തുകളിലായി 13 കുടുംബശ്രീ ചിക്കന്‍ യൂനിറ്റുകളാണ് പ്രവര്ത്ത സജ്ജമാകുന്നത്്. ആരോഗ്യ സംരക്ഷണത്തില്‍ സുരക്ഷിത ഭക്ഷണത്തിന്റെ പ്രാധാന്യം ഉള്‍കൊണ്ടുള്ള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.ബി.രാജേഷ് എം.പി നിര്‍വഹിച്ചു.കുമരംപുത്തൂര്‍, അയിലൂര്‍, ലെക്കിടി പേരൂര്‍, അനങ്ങനടി, മാത്തൂര്‍, കുത്തന്നൂര്‍, കാവശ്ശേരി, കോങ്ങാട്, ചെര്‍പ്പുളശ്ശേരി, വണ്ടാഴി പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഒരു യൂനിറ്റില്‍ ആയിരം കോഴികള്‍ ഉണ്ടാകും. ഒരു ലക്ഷം രൂപയാണ് യൂനിറ്റിന് കുടുംബശ്രീ നല്കുന്ന സഹായം. കോഴി, തീറ്റ, മറ്റുപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ ഈ തുക ഉപയോഗിക്കാം. കുറഞ്ഞത് 60 സെന്റ് സ്ഥലം ഉള്ളവര്‍ക്കേ യൂനിറ്റ് തുടങ്ങാന്‍ സാധിക്കൂ. നിലവില്‍ തുടങ്ങുന്നവയൊക്കെ വ്യക്തിഗത സംരംഭങ്ങളാണ്. 250 കോഴികളെ വീതം വളര്‍ത്താന്‍ ശേഷിയുള്ള നാലുപേര്‍ ചേര്‍ന്ന് ഒരു സംരംഭം തുടങ്ങാം. രണ്ടാംഘട്ടത്തില്‍ ഇത്തരം സംരംഭങ്ങളാകും തുടങ്ങുക. പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പറേഷന്റേയും മൃഗസംരക്ഷണ വകുപ്പിന്റേയും സഹകരണത്തോടെയാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്.ഹോര്‍മോണ്‍ കുത്തിവെപ്പോ മറ്റ് ഹാനികരമായ മാര്ണ്മങ്ങളോ ഇല്ലാതെയാണ് കോഴികളെ വളര്‍ത്തുക. കുടുംബശ്രീ ചിക്കന്‍ യൂനിറ്റുകള്‍ മാര്‍ച്ചോടെ 50 എണ്ണമായി വര്‍ദ്ധിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി. സൈതലവി അറിയിച്ചു. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ ജില്ലയാണ് പാലക്കാട്.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ നിര്‍ഭയമായി പ്രതിരോധിക്കാനുള്ള ബോധവത്കരണം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മായകണ്ണാടി എന്ന തെരുവ് നാടകവും ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് നടന്നു.