പാവറട്ടി: കര്‍ഷകര്‍ക്ക് ആവേശം പകര്‍ന്ന് വടക്കേ കോഞ്ചിറ കോള്‍ പടവില്‍ കൊയ്ത്തുല്‍സവം നടന്നു. തൃശൂരിന്റെ നെല്ലറയിലെ ആദ്യ കൊയ്ത്തുല്സവത്തിനാണ് ഇതോടെ തുടക്കമായത്. കാലാവസ്ഥ അനുകൂലമായത് വിളവിനെയും നല്ല രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്.
മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ഉത്ഘാടനം ചെയ്തു. പടവ് കമ്മിറ്റി പ്രസിഡണ്ട് കെ.എ. കുരിയന്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി.എം.ശങ്കര്‍, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ജെന്നി ജോസഫ്, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ രത്നവല്ലി സുരേന്ദ്രന്,മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം. വാസന്തി, കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ വി.സന്ധ്യ, കൃഷി ഓഫീസര്‍ എം.കെ. അനിതകുമാരി, പടവ് കമ്മിറ്റി ഭാരവാഹികളായ രാജന് ജോണി, ആര്.എസ്.അബ്ദുട്ടി, കെ.വി. ഷാജു, ബിജോയ് പെരുമാട്ടില്‍, ടി.വി. ഹരിദാസ്, കെ.എച്. നജീബ്, രവി അമ്പാട്ട്, സി.കെ. ചന്ദ്രസേനന്, ടി.എ. ജയചന്ദ്രന്, തുടങ്ങിയവര്‍ സംസാരിച്ചു. മുന്നൂറ്റി പത്ത് ഏക്കര്‍ വിസ്തൃതിയുള്ള കോള്‍ പടവില്‍ 323 കര്‍ഷകരാണ് കൃഷി ഇറക്കിയത്.
ഉമ വിത്ത് ഉപയോഗിച്ച് ഇറക്കിയ കൃഷിയുടെ വിളവെടുപ്പ് യന്ത്രസഹായത്തോടെ എട്ടു ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കും.ഇതിനായി 6 കര്‍ത്താര്‍ കൊയ്ത്ത് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്നും എത്തിക്കഴിഞ്ഞു. മണിക്കൂറിന് 1900 രൂപയാണ് കൊയ്ത്തിനായി കര്ഷകന് നല്‍കേണ്ടത്.കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൊയ്ത്ത് ചാര്‍ജ് കൂടുതലാണെന്ന് കര്‍ഷകര്‍ പറയുന്നു.എന്നാല്‍ വക്കോല് ഇനത്തില്‍ 5500 രൂപ കര്ഷകന് തിരിച്ച് നല്‍കുകയും ചെയ്യും.പടവ് കമ്മിറ്റി സംഭരിക്കുന്ന നെല്ല് സപ്ലൈകോ ആണ് ഏറ്റെടുക്കുന്നത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കോള്‍ പടവുകളില്‍ കൊയത്ത് തുടങ്ങും.തെക്കേ കോഞ്ചിറ, മണലൂര്‍ താഴം, മണല്‍പുഴ കണ്ണോത്ത് പടവുകള്‍ വിളവെടുപ്പിനായി ഒരുങ്ങി കഴിഞ്ഞു.