Tuesday, December 18, 2018 Last Updated 16 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 12.56 AM

കടമ്പ്രയാറില്‍ വീണ്ടും പോളപ്പായല്‍ നിറയുന്നു

uploads/news/2018/01/182780/1.jpg

കാക്കനാട്‌: കടമ്പ്രയാര്‍ ടൂറിസം പദ്ധതി വീണ്ടും മന്ദഗതിയിലേക്ക്‌. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കപ്പെട്ടെങ്കിലും പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. ചിത്രപ്പുഴയിലെ ചിറ്റേത്തുകര ബോട്ട്‌ ജെട്ടിയിയില്‍ നിന്നും മനക്കക്കടവ്‌ വരെയുള്ള ബോട്ടു ടൂറിസം പദ്ധതിയും ഇതോടെ അവതാളത്തിലായി. ഇടച്ചിറ ഇന്‍ഫോപാര്‍ക്ക്‌ ബോട്ടുജെട്ടി വരെയുള്ള ബോട്ടു സര്‍വീസും ഉടനെങ്ങും ആരംഭിക്കാന്‍ ഇടയില്ല. ഏഴു കോടിയോളം രൂപ ചെലവഴിച്ച്‌ ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പുനരുദ്ധാരണ ജോലിയും കടമ്പ്രയാറിന്‌ ശാപമോക്ഷം നല്‍കിയില്ല. ചെളികോരി നീക്കി ആഴവും, നീരൊഴുക്കും വര്‍ധിപ്പിക്കാന്‍ കരാര്‍ എടുത്തയാള്‍ പാതിവഴിയില്‍ പദ്ധതി മതിയാക്കി മുങ്ങി. കടമ്പ്രയാറില്‍ നിന്നും കോരി ഇരുകരകളിലായി ശേഖരിച്ച പോളപ്പായല്‍ നീക്കം ചെയ്യാതെ അവിടങ്ങളില്‍ തന്നെ ഉപേക്ഷിച്ചു. മഴയത്ത്‌ പായല്‍ വിത്തുകള്‍ വീണ്ടും പുഴയിലേക്ക്‌ ഒഴുകിയെത്തി. രാജഗിരി വാലിക്ക്‌ പടിഞ്ഞാറുവശമുള്ള കോഴിച്ചിറ ബണ്ട്‌ മുതല്‍ മനക്കക്കടവ്‌ വരെ പതിനൊന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടമ്പ്രയാറിന്‌ 120 മീറ്റര്‍ വരെ വീതിയുണ്ടായിരുന്നു. കൈയേറ്റങ്ങള്‍ മൂലം ഈ ശുദ്ധജല സ്രോതസ്‌ കൂടുതല്‍ ചുരുങ്ങി. പലയിടത്തും വീതി 50 മീറ്ററിനു താഴെയായി. സ്വകാര്യ കെട്ടിടസമുച്ചയങ്ങളും, ഫാക്‌ടറികളും തുറന്നു വിടുന്ന മാലിന്യങ്ങള്‍ കടമ്പ്രയാറിനെ വിഷജല വാഹിനിയാക്കി മാറ്റി. കൊച്ചി നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ്‌ ഒരു നാടിന്റെ മുഴുവന്‍ കുടിനീര്‍ സംഭരണിയായിരുന്ന ഈ തെളിനീര്‍ വാഹിനിയെ കൂടുതല്‍ മലിനമാക്കി. പുനരുദ്ധാരണ പദ്ധതികള്‍ പലതും മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ കൊണ്ടുവന്നെങ്കിലും കടമ്പ്രയാര്‍ ടൂറിസം പദ്ധതി മാത്രം മെല്ലെപ്പോക്ക്‌ നയം തുടരുന്നു. ജില്ലാ കലക്‌ടര്‍ കെ.മുഹമ്മദ്‌.വൈ. സഫീറുള്ളയുടെ ഇടപെടല്‍ മൂലം ഇറിഗേഷന്‍ വിഭാഗം രണ്ടു തവണ പോളപ്പായല്‍ നീക്കം ചെയ്‌തെങ്കിലും അവ ഇരുകരകളില്‍ തന്നെ വീണ്ടും നിക്ഷേപിച്ചു. ആഴംകൂട്ടാന്‍ ഇറിഗേഷന്‍ വകുപ്പ്‌ മൂന്ന്‌ കൊല്ലം മുമ്പ്‌ ഡ്രഡ്‌ജര്‍ ഇറക്കിയെങ്കിലും ഉയരക്കൂടുതല്‍ കാരണം ബ്രഹ്‌മപുരം പാലം കടന്ന്‌ കിഴക്കോട്ട്‌ നീങ്ങാന്‍ ഇതിനായില്ല. കടമ്പ്രയാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി മനക്കക്കടവില്‍ ബോട്ടുസവാരിക്ക്‌ തുടക്കമിട്ടെങ്കിലും വിജയിച്ചില്ല. ടൈല്‍ പാകി മോടിപിടിപ്പിച്ച്‌ സ്‌റ്റീല്‍ റാഡുകള്‍ പിടിപ്പിച്ച വാക്‌ വേ ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ സ്‌ഥിതിയിലും. കടമ്പ്രയാര്‍ ടൂറിസം തന്റെ സ്വപ്‌ന പദ്ധതിയാണെന്ന്‌ പറഞ്ഞു നടന്ന സ്‌ഥലം എം.എല്‍.എ വി.പി.സജീന്ദ്രനും പദ്ധതി കൈവിട്ടെന്നാണ്‌ ആക്ഷേപം. 2017 ഡിസംബര്‍ 15ന്‌ കടമ്പ്രയാര്‍ ടൂറിസം പദ്ധതിക്കായി ബോട്ട്‌ സര്‍വീസ്‌ യാഥാര്‍ഥ്യമാക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പും ജലരേഖയായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പാതിവഴിയില്‍ തന്നെ. ചിറ്റേത്തുകര ജെട്ടിയില്‍ ഇപ്പോള്‍ അവസാനിക്കുന്ന ബോട്ടുസര്‍വീസ്‌ ഇടച്ചിറ ജട്ടി വരെ നീട്ടിയാല്‍ 100 കണക്കിന്‌ ഐ ടി പ്ര?ഫഷണലുകള്‍ക്കും അത്‌ പ്രയോജനപ്പെടും. ശരിയായ ഏകോപനവും, ശ്രദ്ധയും ഉണ്ടെങ്കില്‍ കടമ്പ്രയാര്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാവും.

Ads by Google
Advertisement
Friday 12 Jan 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW