Tuesday, January 09, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.33 AM

പോലീസുകാരന്‌ സസ്‌പെന്‍ഷന്‍

uploads/news/2018/01/181919/Kerala_Police_Logo1.jpg

പത്തനംതിട്ട: അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തന്നെ സ്‌ഥലം മാറ്റരുതെന്നും അവധി അനുവദിക്കണമെന്നുമുള്ള അപേക്ഷയ്‌ക്ക്‌ ബലമേകാന്‍ കളവായ രേഖ സമര്‍പ്പിച്ച സിവില്‍ പോലീസ്‌ ഓഫീസറെ സസ്‌പെന്‍ഡ്‌ ചെയ്‌തു. കീഴ്‌വായ്‌പൂര്‌ പോലീസ്‌ സ്‌റ്റേഷനിലെ ഡ്രൈവറായ റാഫി മീരയെയാണ്‌ ജില്ലാ പോലീസ്‌ മേധാവി സതീഷ്‌ ബിനോ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. തുടരന്വേഷണത്തിനായി അടൂര്‍ ഡിവൈ.എസ്‌.പിയെ ചുമതലപ്പെടുത്തി.
നേരത്തേ പത്തനംതിട്ടയിലെ ഫിംഗര്‍ പ്രിന്റ്‌ വിഭാഗത്തിലായിരുന്നു റാഫി ജോലി ചെയ്‌തിരുന്നത്‌. ഇതിനിടെ ഇദ്ദേഹത്തെ കീഴ്‌വായ്‌പൂര്‌ സ്‌റ്റേഷനിലേക്ക്‌ സ്‌ഥലം മാറ്റി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഉണ്ടായ അപകടത്തെ തുടര്‍ന്ന്‌ തനിക്ക്‌ ശാരീരിക വൈകല്യമുണ്ടെന്നും കഠിനമായ ജോലികള്‍ നല്‍കരുതെന്നും കാട്ടി റാഫി ജില്ലാ പോലീസ്‌ മേധാവിക്ക്‌ അപേക്ഷ നല്‍കുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌ സര്‍ജന്റെ സാക്ഷ്യപത്രവും തെളിവിനായി ഹാജരാക്കി. ഇയാളുടെ ശാരീരിക അവസ്‌ഥയെപ്പറ്റി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജില്ലാ പോലീസ്‌ മേധാവി സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി പി.കെ. ജഗദീശിനോട്‌ ആവശ്യപ്പെട്ടു.
വൈകല്യമുള്ളയാള്‍ വാഹനമോടിച്ചാല്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇയാളുടെ ശാരീരിക ക്ഷമത മെഡിക്കല്‍ ബോര്‍ഡ്‌ പരിശോധിച്ച്‌ ഉറപ്പു വരുത്തേണ്ടതുണ്ടെന്നുമാണ്‌ ഡിവൈ.എസ്‌.പി റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
ഇതിന്റെ അടിസ്‌ഥാനത്തില്‍ നാലംഗ മെഡിക്കല്‍ ബോര്‍ഡിന്‌ മുന്‍പാകെ ഹാജരായി പരിശോധന നടത്താന്‍ എസ്‌.പി റാഫിയോട്‌ ആവശ്യപ്പെട്ടു. പരിശോധനയ്‌ക്ക്‌ ശേഷം റാഫിക്ക്‌ ശാരീരികമായി കുഴപ്പമൊന്നും കാണുന്നില്ലെന്ന റിപ്പോര്‍ട്ടാണ്‌ മെഡിക്കല്‍ ബോര്‍ഡ്‌ നല്‍കിയത്‌. തെറ്റായ രേഖകള്‍ നിരത്തി അവധിയെടുക്കാന്‍ ശ്രമിച്ചതിനും സ്‌ഥലം മാറ്റം റദ്ദാക്കാനും ശ്രമിച്ചതിനുമാണ്‌ സസ്‌പെന്‍ഷന്‍. തുടരന്വേഷണത്തിന്‌ ശേഷം കൂടുതല്‍ നടപടി വേണമോ എന്ന കാര്യം തീരുമാനിക്കും. അടൂര്‍ ഡിവൈ.എസ്‌.പി ആര്‍. ജോസിനോട്‌ വേഗത്തില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ എസ്‌.പിയുടെ ഉത്തരവ്‌.
പോലീസ്‌ വാഹനത്തിന്റെ ടയര്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു വാഹനം വന്നിടിച്ച്‌ ഗുരുതരമായി പരുക്കേറ്റുവെന്നും കാലിന്‌ സ്വാധീനക്കുറവുണ്ടെന്നും അതിനാല്‍ മൃദുവായ ജോലികള്‍ മാത്ര േനല്‍കാവു എന്നുമായിരുന്നു റാഫി ആവശ്യപ്പെട്ടിരുന്നത്‌. മെഡിക്കല്‍ ബോര്‍ഡ്‌ തെളിവെടുപ്പിന്‌ വിളിച്ചപ്പോള്‍ കാലില്‍ പ്ലാസ്‌റ്ററുമിട്ടാണ്‌ ഇയാള്‍ ചെന്നതത്രേ. സംശയം തോന്നിയ ഡോക്‌ടര്‍മാര്‍ അഴിച്ചു പരിശോധിച്ചപ്പോഴാണ്‌ ഇയാള്‍ക്ക്‌ കുഴപ്പമൊന്നുമില്ലെന്ന്‌ കണ്ടെത്തിയത്‌.
നേരത്തേ റാന്നി സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകയെ ജാതിപ്പേര്‌ വിളിച്ചാക്ഷേപിച്ചതിന്‌ റാഫിയ്‌ക്കും ഭാര്യയ്‌ക്കുമെതിരേ കേസ്‌ എടുത്തിരുന്നു. ഇയാളെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു. അതിന്‌ ശേഷം തനിക്കെതിരേ കള്ളക്കേസ്‌ എടുക്കാന്‍ കൂട്ടു നിന്നുവെന്നാരോപിച്ച്‌ മുന്‍ തിരുവല്ല ഡിവൈ.എസ്‌.പിയും ഇപ്പോള്‍ എസ്‌.പിയുമായ ആര്‍. ജയകുമാറിനെതിരേ വിവരാവകാശ നിയമപ്രകാരമുള്ള പോരാട്ടത്തിലാണ്‌ റാഫിയും ഭാര്യയും.

Ads by Google
Advertisement
Tuesday 09 Jan 2018 12.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW