Tuesday, October 16, 2018 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.31 AM

ഒരേ പേരില്‍ രണ്ട്‌ ആധാര്‍: സഹോദരിമാരുടെ തര്‍ക്കം വനിതാ കമ്മിഷന്‍ അദാലത്തില്‍

uploads/news/2018/01/181898/1.jpg

കൊല്ലം: ഒരേ പേരില്‍ രണ്ട്‌ ആധാര്‍ കരസ്‌ഥമാക്കി സഹോദരി അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുവെന്നു യുവതി വനിതാ കമ്മിഷനില്‍ വെളിപ്പെടുത്തി. കമ്മിഷനില്‍ പരാതി നല്‍കിയ സഹോദരി കുഴപ്പക്കാരിയാണെന്നും തന്റെ ചിത്രം ദുരുപയോഗം ചെയ്‌ത് ആധാറെടുത്ത്‌ തന്നെ കുടുക്കുകയാണെന്നും എതിര്‍കക്ഷി ബോധിപ്പിച്ചതോടെ ഇന്നലെ കൊല്ലം ഗസ്‌റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി. ആധാര്‍ രജിസ്‌ട്രേഷന്‍ വേളയിലെ ഇത്തരം പിഴവുകള്‍ ഗൗരവതരമാണെന്നു നിരീക്ഷിച്ച കമ്മിഷന്‍ ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ആധാറുകളില്‍ പേരും വിലാസവും ഒന്നാണ്‌. പക്ഷേ, ഫോട്ടോയില്‍ വ്യത്യാസമുണ്ട്‌. താനറിയാതെ ആധാര്‍ രേഖയുണ്ടാക്കി ചതിക്കുന്നുവെന്ന്‌ എതിര്‍കക്ഷി വാദിച്ചു. ഇതോടെ പരാതിക്കാരിയുടെ വിശ്വാസ്യത പരിശോധിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചു.
ദീര്‍ഘകാലമായി വിദേശത്തു ജോലിയെടുക്കുന്ന തന്നെ സഹോദരി സാമ്പത്തികമായി വഞ്ചിച്ചുവെന്നാണ്‌ കമ്മിഷനു നല്‍കിയ പരാതിയില്‍ പറയുന്നത്‌. അഭിഭാഷകനുമായി പരാതിക്കാരി എത്തിയെങ്കിലും എതിര്‍കക്ഷി ആശുപത്രിയിലായതിനാല്‍ ഭര്‍ത്താവാണു പകരക്കാരനായി വന്നത്‌. ആധാറിന്റെ കാര്യത്തില്‍ സംശയമുയര്‍ന്നതോടെ പരാതിക്കാരി കമ്മിഷനു മുന്നില്‍ നിരക്ഷരയാണെന്നു പറഞ്ഞു രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാല്‍ എസ്‌.എസ്‌.എല്‍.സി ബുക്ക്‌ ഉള്‍പ്പെടെ അടുത്ത അദാലത്തില്‍ ഹാജരാക്കണമെന്നു പരാതിക്കാരിയോടു നിര്‍ദേശിച്ചു. ഒരേ പേരിലും ഒരേ വിലാസത്തിലും ആധാര്‍ കാര്‍ഡ്‌ എടുക്കാനായതു ഗൗരവമേറിയ പ്രശ്‌നമാണെന്ന്‌ കമ്മിഷന്‍ അംഗം അഡ്വ. എം.എസ്‌. താര അഭിപ്രായപ്പെട്ടു. കുറേക്കാലം ഗള്‍ഫില്‍ ഒരുമിച്ചു താമസിച്ചു മടങ്ങിയെത്തിയശേഷം ഭര്‍ത്താവ്‌ മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തു ഗള്‍ഫിലേക്കു കൊണ്ടുപോയതിനെതിരെയും അദാലത്തില്‍ പരാതിയെത്തി. സ്വത്തുസംബന്ധമായി സഹോദങ്ങള്‍ തമ്മിലെ തര്‍ക്കവും ഇന്നലെ പരിഗണിച്ച കേസുകളില്‍ ഉള്‍പ്പെടുന്നു. 90 പരാതികളില്‍ 11 എണ്ണത്തില്‍ തീര്‍പ്പുണ്ടാക്കി. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എം.എസ്‌. താര, ഷാഹിദാ കമാല്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അദാലത്ത്‌ നടന്നത്‌. അഞ്ചു കേസുകളില്‍ പോലീസ്‌ റിപ്പോര്‍ട്ട്‌ തേടാന്‍ തീരുമാനിച്ചു. അമ്പതോളം കേസുകള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. പരാതിക്കാര്‍ അദാലത്തിനെത്താത്ത കേസുകളുമുണ്ട്‌. ഇക്കാര്യം പ്രത്യേകം പരിശോധിക്കുമെന്ന്‌ കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 09 Jan 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW