Tuesday, December 11, 2018 Last Updated 41 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.28 AM

കേരളത്തിലെ ക്രമസമാധാനനില ഭദ്രം: പിണറായി വിജയന്‍

uploads/news/2018/01/181882/1.jpg

കട്ടപ്പന: കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്നും എന്നാല്‍ ഇതു തകര്‍ക്കാന്‍ ആര്‍.എസ്‌.എസും ബി.ജെ.പിയും ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സി.പി.എം. ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ടൗണ്‍ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി തൊട്ടുതീണ്ടാത്ത മതനിരപേക്ഷത സംരക്ഷിച്ചുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌.
പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും ഘട്ടം ഘട്ടമായി നടപ്പാക്കിവരുന്നു. കാര്‍ഷിക, ആരോഗ്യ മേഖലകള്‍ക്കു പ്രധാന്യം നല്‍കിയാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. പൊതു വിദ്യാഭ്യാസ സംരക്ഷണ, സാമൂഹിക സുരക്ഷാ പദ്ധതികളും ഭവനനിര്‍മാണം, പരമ്പരാഗത മേഖല, സ്‌ത്രീ സുരക്ഷ പദ്ധതികളും കുട്ടികള്‍ക്കായുള്ള വിവിധ പദ്ധതികളും സിവില്‍ സര്‍വീസ്‌ രംഗത്തെ മുന്നേറ്റവും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കിവരുന്നു. ഓഖി ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക്‌ ആവശ്യമായ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കു ജോലിയും നല്‍കും. ജോലി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ പരുക്കു പറ്റിയവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപയും ദുരന്തത്തില്‍ കടലില്‍ അകപെട്ടുപോകുകയും ഇതുവരെ തിരിച്ചു വരാത്തവരുടേതുമായ കുടുംബങ്ങള്‍ക്കു മാസം 10,000 രൂപ വീതവും നല്‍കും.
ആര്‍.എസ്‌.എസും ബി.ജെ.പിയും രാജ്യത്തിന്റെ മൂല്യങ്ങളെ വെല്ലുവിളിക്കുകയാണ്‌. വര്‍ഗീയവല്‍ക്കരണം ആളിക്കത്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഗോവധത്തിന്റെ പേരില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുന്നു. സംസ്‌ഥാനങ്ങളുടെ അധികാരം പിടിച്ചടക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്‌. സംസ്‌ഥാനങ്ങള്‍ക്ക്‌ അഭിപ്രായം രേഖപ്പെടുത്താന്‍ അവകാശമുണ്ടായിരുന്ന ആസൂത്രണ കമ്മിഷന്‍ ഇല്ലാതാക്കി. കള്ളപ്പണം പിടിച്ചെടുക്കാനെന്ന പേരില്‍ നോട്ട്‌നിരോധനം നടപ്പാക്കിയതിലൂടെ നിരവധി പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെടുകയും വ്യവസായങ്ങള്‍ പൂട്ടിപ്പോകുകയും ചെയ്‌തു.
പാര്‍ലമെന്ററി ജനാധിപത്യം തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നത്‌. ഇക്കൂട്ടര്‍ക്കെതിരേ പറയുകയും എഴുതുകയും ചെയ്യുന്ന സാഹിത്യകാരന്‍മാരെയും ഇല്ലാതാക്കുന്നു. ദളിത്‌ വിഭാഗങ്ങളും ആക്രമിക്കപ്പെടുന്നു. ലൗ ജിഹാദിന്റെ പേരില്‍ ജീവനോടെ മനുഷ്യനെ കത്തിച്ചു കളയുമ്പോള്‍ സംഘപരിവാര്‍ നേതാക്കള്‍ അതിനെ അനുകൂലിക്കുകയാണ്‌. രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാരിനെതിരേ പ്രക്ഷോഭം ഉയര്‍ന്നുവരികയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
സംസ്‌ഥാന കമ്മിറ്റിയംഗം കെ.പി. മേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. തുടര്‍ന്ന്‌ ഗ്രൂപ്പ്‌ ചര്‍ച്ചയും പൊതുചര്‍ച്ചയും നടന്നു. നേതാക്കളായ വൈക്കം വിശ്വന്‍, എം.സി. ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍, എം.എം. മണി, കെ.ജെ. തോമസ്‌, കെ.എസ്‌ മോഹനന്‍, ജോയ്‌സ്‌ ജോര്‍ജ്‌ എം.പി, സി.വി വര്‍ഗീസ്‌, പി.എസ്‌. രാജന്‍, വി.ആര്‍. സജി എന്നിവര്‍ പങ്കെടുത്തു.
സമ്മേളനത്തിനു തുടക്കംകുറിച്ചു ജില്ലാ കമ്മിറ്റിയംഗം പി.എം.എം. ബഷീര്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു നേതാക്കളും പ്രതിനിധികളും രക്‌തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി. സുഗതന്‍ കരുവാറ്റ, കെ.ടി. രാജീവ്‌ എന്നിവര്‍ രചന നിര്‍വഹിച്ച പതാക ഗാനവും സ്വാഗതഗാനവും ഗായകസംഘം ആലപിച്ചു. തുടര്‍ന്ന്‌ ജില്ലാ സെക്രട്ടേറിയറ്റംഗം പി.എസ്‌. രാജന്‍ രക്‌തസാക്ഷിപ്രമേയവും വി.എന്‍. മോഹനന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
വൈകിട്ട്‌ നഗരസഭ മിനി സ്‌റ്റേഡിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സംസ്‌ഥാന ന്യൂനപക്ഷ കോര്‍പ്പറേഷന്‍ വികസന കോര്‍പ്പറേഷന്‍ ഡയറക്‌ടര്‍ ഫാ. മാത്യൂസ്‌ വാഴക്കുന്നം ഉദ്‌ഘാടനം ചെയ്‌തു. വിനോദ്‌ വൈശാഖി, അജി സി.പണിക്കര്‍, കെ. ജയചന്ദ്രന്‍, കാഞ്ചിയാര്‍ രാജന്‍, ജോസ്‌ വെട്ടിക്കുഴ, മോബിന്‍ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്നു രാവിലെ മുതല്‍ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട്‌ അഞ്ചിനു സഫല സാംസ്‌കാരിക സംഗമത്തില്‍ സുഗതന്‍ കരുവാറ്റ അധ്യക്ഷത വഹിക്കും. പുരോഗമന കലാസാഹിത്യസംഘം സംസ്‌ഥാന കമ്മിറ്റിയംഗം കെ.ആര്‍. രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. 5.30 ന്‌ കവിരയങ്ങ്‌, 6.30 ന്‌ പാട്ടരങ്ങ്‌, ഏഴിന്‌ നാടന്‍ പാട്ടുകളും നവവത്സര ഗാനങ്ങളും കോര്‍ത്തിണക്കിയ പാട്ടുകൂട്ടം എന്നിവയും നടക്കും. നാളെ രാവിലെയും പ്രതിനിധി സമ്മേളനം തുടരും.
സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയേയും സംസ്‌ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുക്കും. ഉച്ചകഴിഞ്ഞു മൂന്നിന്‌ 50,000 പേര്‍ പങ്കെടുക്കുന്ന പ്രകടനം. നാലിന്‌ നഗരസഭാ സ്‌റ്റേഡിയത്തില്‍ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. അഞ്ചിന്‌ 10,000 പേരുടെ ചുവപ്പുസേനാ മാര്‍ച്ചും വൈകിട്ട്‌ എട്ടിനു പത്തനംതിട്ട സാരംഗിന്റെ ഗാനമേളയും നടക്കും.

Ads by Google
Advertisement
Tuesday 09 Jan 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW