Thursday, January 24, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 12.25 AM

രാജ്യത്തെ മികച്ച ശുചിത്വനഗരം: മത്സരത്തിന്‌ ആലപ്പുഴയും

uploads/news/2018/01/181866/1.jpg

ആലപ്പുഴ: രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ കണ്ടെത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശുചിത്വ പരിശോധന സര്‍വേയില്‍ മികച്ച പ്രകടനത്തിനൊരുങ്ങി സര്‍ക്കാരും ആലപ്പുഴ നഗരസഭയും.
ദീര്‍ഘവീക്ഷണമുള്ള പദ്ധതികളിലൂടെ നഗരത്തെ മുന്നിലെത്തിക്കാനുള്ള നടപടികള്‍ക്ക്‌ ഈ മത്സരാധിഷ്‌ഠിത സര്‍വേ തുടക്കംകുറിക്കുമെന്നു ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. ബജറ്റ്‌ തയാറാക്കലിന്റെ തിരക്കുകള്‍ക്കിടയിലായിരുന്ന മന്ത്രി മത്സരത്തിന്റെ പ്രധാന്യമുള്‍ക്കൊണ്ടാണ്‌ ആലോചനയോഗത്തില്‍ എത്തിയത്‌.
ഈ മാസം അവസാനത്തോടെ നഗരസഭയില്‍ സര്‍വേ തുടങ്ങും. അതിനകം കുറവുകള്‍ പരിഹരിച്ച്‌ എല്ലാം ഭദ്രമാക്കാനുള്ള ഒരുക്കത്തിനു രാഷ്‌ട്രീയ കക്ഷികളും സംഘടനകളും ജില്ലാ ഭരണകൂടത്തിനും നഗരസഭയ്‌ക്കും പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. റെയില്‍വേ സ്‌റ്റേഷന്‍, ബസ്‌ സ്‌റ്റാന്‍ഡ്‌, ചന്ത പോലുള്ള പൊതു ഇടങ്ങളുടെ ശുചീകരണം സംഘടനകളും രാഷ്‌ട്രീയ കക്ഷികളും ഏറ്റെടുത്തിട്ടുണ്ട്‌.
ഈ പരിശോധനയില്‍ നാട്ടുകാരോടും ചോദ്യമുണ്ടാകും. ഇതിനായി നഗരസഭാവാസികളെ തയാറെടുപ്പിക്കാനും ബോധവല്‍ക്കരിക്കാനും വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധരായി.
നഗരസഭയുടെ മാലിന്യ സംസ്‌കരണ സംവിധാനം, പൊതുനിരത്തുകളിലെ ശുചിത്വം, ചന്തകള്‍, മറ്റ്‌ കച്ചവട സ്‌ഥാപനങ്ങള്‍ എന്നിവയിലെ ശുചിത്വം, പൊതുശൗചാലയങ്ങള്‍, വെളിയിട വിസര്‍ജ്‌ജ്യമുക്‌ത തല്‍സ്‌ഥിതി എന്നിവയും വീടുകളിലെ മാലിന്യ സംസ്‌കരണ രീതികളും പരിശോധിക്കും.
തെരുവോരക്കച്ചവടത്തിനു ചില ക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ടെന്നു ധനമന്ത്രി നിര്‍ദ്ദേശിച്ചു. കടകളില്‍നിന്നു റോഡുകളിലേക്കു മാലിന്യമിടുന്ന രീതിക്കു മാറ്റമുണ്ടാകണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു
റസിഡന്റസ്‌് അസോസിയേഷന്‍, സ്‌കൂള്‍, ഓഫീസ്‌ എന്നിവ കേന്ദ്രീകരിച്ചു മികച്ച ശുചിത്വ പ്രവര്‍ത്തനം നടത്തുന്നവയ്‌ക്ക്‌ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്നു ജില്ലാ കലക്‌ടര്‍ ടി.വി. അനുപമ പറഞ്ഞു. ജില്ലാ കലക്‌ടര്‍ രൂപീകരിച്ച പ്രത്യേക നഗരസഭാതല പരിശോധന സംഘത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ പൊതുയിടങ്ങളിലും കടകളിലും സംഘം പരിശോധന നടത്തുന്നത്‌. എതിര്‍പ്പുകള്‍ ബോധവല്‍ക്കരണത്തിലൂടെ പരിഹരിക്കുകയാണ്‌. മൂന്നു ദിവസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കും.
ബുധനാഴ്‌ച സ്‌കൂള്‍ അസംബ്ലികളില്‍ പ്രത്യേക ശുചിത്വ സന്ദേശപ്രചരണം നടത്തും. ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ശുചിത്വ സംവിധാനം കുറ്റമറ്റതെന്ന്‌ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.
ശുചിത്വവുമായി ബന്ധപ്പെട്ട്‌ ഹോട്ടലുകള്‍ക്ക്‌ ഗ്രേഡിങ്‌ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി കലക്‌ടര്‍ പറഞ്ഞു. നഗരസഭ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ സ്‌ഥാപനങ്ങള്‍ പരിശോധിക്കും. റോഡുകളിലെ മാലിന്യം അടിയന്തരമായി നീക്കാന്‍ പൊതുമരാമത്ത്‌ നിരത്ത്‌, ദേശീയപാത അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
വിവിധ കക്ഷികളും യുവജനസംഘടനകളും പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു.
ധനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ അധ്യക്ഷന്‍ തോമസ്‌ ജോസഫ്‌, പ്രതിപക്ഷ നേതാവ്‌ ഡി. ലക്ഷ്‌മണന്‍, ശുചിത്വമിഷന്‍ ജില്ലാ-കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സ്‌ സി. തോമസ്‌, വിവിധ കക്ഷി നേതാക്കള്‍, സ്‌കൂള്‍ പ്രധാനാധ്യാപകര്‍, വിവിധ സംഘടന പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 09 Jan 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW