Monday, May 28, 2018 Last Updated 55 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.36 AM

ആര്‍ക്കും വേണ്ടാത്ത ജലപാതകള്‍

uploads/news/2018/01/181560/1.jpg

ആലപ്പുഴയോളം വരില്ലെങ്കിലും ആറുകളും പുഴകളും കൊണ്ടു സമൃദ്ധമാണു കോട്ടയം. പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ ഉപയോഗിച്ചിരുന്ന നിരവധി ജലപാതകളാണു ജില്ലയിലുള്ളത്‌. ഇതില്‍ ദേശീയ ജലപാതകളും ഉള്‍പ്പെടുന്നു. കോട്ടയം- വൈക്കം കനാല്‍, ചങ്ങനാശേരി -ആലപ്പുഴ കനാല്‍ എന്നിവയാണു ദേശീയ ജലപാതയായി ഉയര്‍ത്തിയത്‌. ഇതോടൊപ്പം മറ്റു ചെറു കനാലുകളും യാത്രാ സൗകര്യത്തിനു ഉപയോഗിക്കാം.
ചങ്ങനാശേരി- ആലപ്പുഴ കനാല്‍

ചങ്ങനാശേരിയിലെ മനയ്‌ക്കചിറയില്‍ തുടങ്ങി ആലപ്പുഴ ജില്ലയില്‍ അവസാനിക്കുന്നതാണു ചങ്ങനാശേരി - ആലപ്പുഴ കനാല്‍. ദൂരം പതിനാറു കിലോമീറ്റര്‍. മുമ്പ്‌ ഇതുവഴി സ്‌ഥിരമായ ബോട്ട്‌ സര്‍വീസും ഉണ്ടായിരുന്നു. എ.സി. റോഡ്‌ വന്നതോടെ കനാലിന്റെ പ്രസക്‌തി കുറയുകയും കാലക്രമേണ കനാല്‍ ആരും ഉപയോഗിക്കാതെയായി. ഇതോടെ കനാല്‍ പോളയും കടകലും (പുല്ല്‌) നിറഞ്ഞു പ്രദേശവാസികള്‍ക്കു പോലും വെള്ളം ഉപയോഗിക്കാന്‍ കഴിയാതെയായി. കനാലിനു കുറുകെ ഉയരം കുറഞ്ഞ പാലങ്ങള്‍ സ്‌ഥാപിച്ചതും വലിയ ബോട്ടുകള്‍ക്കു സഞ്ചരിക്കുന്നതിനു തടസമുണ്ടാക്കി. കനാല്‍ വീണ്ടും സജീവമാക്കിയാല്‍ ആലപ്പുഴയിലേയ്‌ക്കും കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലേയ്‌ക്കും തിരക്കില്ലാതെ സഞ്ചരിക്കാനാവും. ഇതോടൊപ്പം കുട്ടനാട്ടിലെ ഒന്നാം കലുങ്കു മുതല്‍ പള്ളാത്തുരുത്തിവരെയുള്ള കനാല്‍ നവീകരിച്ചാല്‍ യാത്ര സുഗമമാക്കാം.
ആലപ്പുഴ- കോട്ടയം കനാല്‍

ആലപ്പുഴയില്‍ നിന്നാരംഭിച്ചു കോട്ടയം വഴി അതിരമ്പുഴയില്‍ എത്തിച്ചേരുന്ന കനാലാണിത്‌.
കോടിമത, കാഞ്ഞിരം, ഇല്ലിക്കല്‍, പുലിക്കുട്ടിശേരി എന്നിവിടങ്ങളിലൂടെയാണ്‌ കനാല്‍ അതിരമ്പുഴയില്‍ എത്തിച്ചേരുന്നത്‌. പണ്ടുകാലത്ത്‌ അതിരമ്പുഴയുടെ വിണിജ്യ വികസനത്തിനു പ്രധാന പങ്കു വഹിച്ചത്‌ ഈ കനാലാണ്‌. വിശുദ്ധ ചാവറയച്ചന്റെ തീര്‍ഥാടന കേന്ദ്രമായ മാന്നാനത്തെ അദ്ദേഹത്തിന്റെ ജന്മനാടായ കൈനകരിയെയും ബന്ധിപ്പിക്കുന്ന കനാലിനു തീര്‍ഥാടന ടൂറിസത്തിനും സാധ്യതകളുണ്ട്‌. ദശാബ്‌ദങ്ങള്‍ക്കു മുന്‍പു ചീപ്പുങ്കല്‍ -മാങ്ങാനം എന്നിവിടങ്ങളെ ബന്ധിപ്പിച്ചു ബോട്ട്‌ സര്‍വീസും ഉണ്ടായിരുന്നു. ഇതു നിലച്ചതോടെയാണു കനാലിന്റെ ദുരവസ്‌ഥയ്‌ക്കു തുടക്കമായത്‌. ഇതിനിടെ പലപ്പോഴായി ജനപ്രതിനിധികള്‍ ഇടപെട്ടു കനാലിന്റെ നവീകരണത്തിനായി തുക വകയിരിത്തിയിരുന്നുവെങ്കിലും കനാലിന്റെ അവ്‌ഥ പരിതാപകരമാണ്‌.
കോട്ടയം -വൈക്കം കനാല്‍

കോടിമതയില്‍ നിന്നു വൈക്കം വരെ എത്തിനില്‍ക്കുന്ന കനാലാണിത്‌. കേന്ദ്ര സര്‍ക്കാര്‍ ദേശീയ ജലപാതയായി ഉയര്‍ത്തിയ കനാല്‍ കോട്ടയത്തിന്റെ വികസനത്തിനു ഏറെ ഗുണകരമാണ്‌. നാട്ടകം തുറമുഖത്തെ ചരക്കു നീക്കം മുതല്‍ വിനോദ സഞ്ചാര രംഗത്തു വരെ ഏറെ പ്രയോജനകരമാണ്‌ ഈ കനാല്‍. കോട്ടയത്തു നിന്നു വൈക്കം വരെയുള്ള ബോട്ട്‌ സര്‍വീസ്‌ ആരംഭിച്ചാല്‍ തിരക്കുകളില്‍പ്പെടാതെ കോട്ടയത്തു നിന്നു വൈക്കത്തേയ്‌ക്ക്‌ എത്തിച്ചേരാം. കനാലിന്‌ ആഴം കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്‌.
കോട്ടയം -ആലപ്പുഴ ബോട്ട്‌ സര്‍വീസ്‌

വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കോട്ടയം ആലപ്പുഴ ബോട്ട്‌ സര്‍വീസ്‌ പുനരാരംഭിച്ചപ്പോള്‍ ഏവരും ഉന്നയിച്ച ചോദ്യമാണു ബോട്ട്‌ സര്‍വീസ്‌ ആരംഭിച്ചാല്‍ ലാഭം കിട്ടുമോയെന്ന്‌. എന്നാല്‍ സര്‍വീസ്‌ ആരംഭിച്ച ദിവസം മുതല്‍ യാത്രക്കാരുടെ വന്‍ തിരക്കാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. പ്രത്യേകിച്ചും രാവിലെയും വൈകിട്ടുമാണു ബോട്ടില്‍ യാത്രചെയ്യാന്‍ ഏറെയും ആളുകള്‍ വരുന്നത്‌. കോടിമതയില്‍ നിന്നു രണ്ടു ബോട്ടുകളും ആലപ്പുഴയില്‍ നിന്നു ഒരു ബോട്ടുകളുമാണ്‌ ഇവിടെ സര്‍വീസ്‌ നടത്തുന്നത്‌. 18 രൂപയാണു കോടിമത ആലപ്പുഴ ടിക്കറ്റ്‌ നിരക്ക.്‌
കായല്‍ സൗന്ദര്യം നുകരാനൊരു
എ.സി. യാത്ര

യാത്രക്കാരെ ആകര്‍ഷിക്കാന്‍ എറണാകുളം വൈക്കം, ആലപ്പുഴ കോട്ടയം റൂട്ടുകളില്‍ എ.സി. ബോട്ട്‌ സര്‍വീസ്‌ നടപ്പാക്കാനൊരുങ്ങുകയാണ്‌ ജലഗതാഗത വകുപ്പ്‌. ചരിത്രത്തിലാദ്യമായാണു ജലഗതാഗത വകുപ്പ്‌ എ.സി. ബോട്ടുകള്‍ ഇറക്കുന്നത്‌. അതിവേഗം എത്തുന്നതിനൊപ്പം സൗകര്യപ്രദമായ കായല്‍ യാത്രയാണ്‌ അധികൃതര്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.
എന്നാല്‍, ഓണത്തിനു മുമ്പ്‌ ആരംഭിയ്‌ക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ബോട്ട്‌ സര്‍വീസ്‌ ഇനിയും ആരംഭിച്ചിട്ടില്ല. ബോട്ടിന്റെ നിര്‍മാണം വൈകിയതാണ്‌ സര്‍വീസ്‌ അരംഭിക്കാന്‍ വൈകിയതിനു കാരണം. 1.80 കോടിയാണ്‌ ഒരു ബോട്ടിന്റെ നിര്‍മാണ ചെലവ്‌. മണിക്കൂറില്‍ 28-30 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. ബോട്ടില്‍ 120 പേര്‍ക്ക്‌ ഇരിക്കാമെങ്കിലും 50 പേര്‍ക്കാണ്‌ എ.സി ക്യാബിന്‍ ഒരുക്കിയിരിക്കുന്നത്‌. വൈക്കം, ചെമ്മനാകരി, പെരുമ്പളം, പാണാവള്ളി, തേവര, നേവല്‍ബേസ്‌ വഴി എറണാകുളം ജെട്ടിയിലെത്തുന്നതാണു പാത. കോടിമതയിലേയ്‌ക്കു സര്‍വീസ്‌ നീട്ടുന്നതോടെ പരമാവധി യാത്രക്കാരെ എത്തിക്കുകയാണു കോട്ടയത്തേക്കുള്ള ബോട്ടിന്റെ ലക്ഷ്യം.

Ads by Google
Advertisement
Monday 08 Jan 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW