Thursday, February 22, 2018 Last Updated 38 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.36 AM

ഉപഭോക്‌താക്കള്‍ കച്ചവടക്കാരായി മാറുന്നു; കഞ്ചാവ്‌ പൊതികള്‍ സുലഭം

uploads/news/2018/01/181553/1.jpg

കാട്ടാക്കട: മലയോരമേഖലയുള്‍പ്പെടെ കാട്ടാക്കട താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ്‌ കച്ചവടം പൊടിപൊടിക്കുന്നു. സ്‌കൂള്‍ കോളജ്‌ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ്‌ കഞ്ചാവ്‌ കച്ചവടം. ചന്തദിവസങ്ങളിലും കാട്ടാക്കട കെ.എസ്‌.ആര്‍.ടി ബസ്‌ സ്‌റ്റാന്‍ഡ്‌, അവരുടെ തന്നെ വ്യാപാര സമുച്ചയം, തൂങ്ങാംപാറ, ആമച്ചല്‍, കള്ളിക്കാട്‌, നെയ്യാര്‍ഡാം തുടങ്ങിയ സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ വില്‍പന.കഞ്ചാവ്‌ ചെറുപൊതികളാക്കി പുലര്‍ച്ചെയും രാത്രിയിലും ഉപഭോക്‌താക്കളായ ഏജന്റുമാരാണ്‌ മറ്റുള്ളവര്‍ക്ക്‌ എത്തിക്കുന്നത്‌. മാസങ്ങള്‍ക്കു മുന്‍പ്‌ കുറ്റിച്ചലിലുള്ള ഒരു സ്വകാര്യ കോളജിനു സമീപം ലഹരി മരുന്ന്‌ വില്‍പ്പന നടത്തിയതിനു രണ്ടുപേരെ എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിംഗിന്റെ നിര്‍ദ്ദേശപ്രകാരം കാട്ടാക്കട പോലീസും ആര്യനാട്‌ എക്‌സൈസ്‌ സംഘവും പിടികൂടിയിരുന്നു. സമാനസംഭവങ്ങള്‍ കാട്ടാക്കട പട്ടണത്തിലും മലയോരമേഖലയിലും ഉണ്ടായിട്ടുണ്ട്‌. ഉപഭോക്‌താവ്‌ തന്നെ കഞ്ചാവ്‌ വില്‍പനയ്‌ക്ക് മുതിരുന്നത്‌ ഉദ്യോഗസ്‌ഥതലത്തില്‍പോലും ചര്‍ച്ചയായിട്ടുണ്ട്‌. കഞ്ചാവ്‌ ഉപയോഗത്തിനായി ഏജന്റുമാരെ തേടി എത്തുന്ന ഉപഭോക്‌താക്കളാണ്‌ കഞ്ചാവ്‌ കച്ചവടക്കാരായി മാറുന്നത്‌. ഉപഭോക്‌താക്കള്‍ കഞ്ചാവിന്റെ മൊത്തകച്ചവടക്കാരില്‍ നിന്നും കഞ്ചാവ്‌ വാങ്ങി ചെറുപൊതികളാക്കിയ ശേഷം ഇരട്ടി വിലയ്‌ക്കാണ്‌ വില്‍പ്പന നടത്തുന്നത്‌. ആദ്യഘട്ടത്തില്‍ ഉപഭോക്‌താക്കള്‍ ഏജന്റുമാര്‍ വഴി മൊത്തവിതരണക്കാരുടെ പക്കല്‍ എത്തിക്കുന്നു. മൊത്തവിതരണക്കാരില്‍ നിന്നെടുക്കുന്ന സാധനം ഉപഭോക്‌താവ്‌ തനിക്കു ആവശ്യമുള്ളത്‌ എടുത്ത ശേഷം ബാക്കിയുള്ളവ ചെറുപൊതികളാക്കി ആവശ്യക്കര്‍ക്കെത്തിക്കുകയാണ്‌ പതിവ്‌. ഇത്തരത്തിലുള്ള പ്രക്രീയ ദിനംപ്രതി നടന്നു പോകുന്നുണ്ടെങ്കിലും ചെറുകിട കച്ചവടം ആയതിനാല്‍ പലപ്പോഴും അധികൃതരുടെ ശ്രദ്ധ ഇവരുടെമേല്‍ പതിയുന്നില്ലെന്നുള്ളത്‌ സത്യം. കഞ്ചാവ്‌ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ കച്ചവടത്തിലൂടെ തന്നെ ആയിരങ്ങള്‍ സമ്പാധിക്കുന്നതായാണ്‌ അറിവ്‌. കഞ്ചാവ്‌ ഉപയോഗിക്കുന്നവര്‍ പലരും കച്ചവടക്കാരാകാന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കിലും കഞ്ചാവ്‌ ബിസിനസിന്റെ രുചിയറിഞ്ഞ പലരും ഈ ബിസിനസുമായി മുന്നോട്ട്‌ പോകുകയാണ്‌. ദൂരെ ദേശങ്ങളില്‍ നിന്നും തമിഴ്‌നാട്‌ അതിര്‍ത്തികളില്‍ നിന്നും ഒരു ഇടവേളവരെ കഞ്ചാവിന്റെ മൊത്ത കച്ചവടക്കാര്‍ കഞ്ചാവുമായി മലയോര മേഖലകളിലും കാട്ടാക്കട ഉള്‍പ്പെടെയുള്ള പട്ടണങ്ങളിലും കച്ചവടം നടത്തിയിരുന്നെങ്കിലും ഇവരില്‍ പലരെയും അധികൃതര്‍ പിടികൂടിയിരുന്നു. ജില്ലയുടെ പല ചെക്ക്‌ പോസ്‌റ്റുകളിലും ഇവര്‍ക്കായി അധികൃതര്‍ വലവിരിച്ചതോടെ മൊത്ത കച്ചവടക്കാരുടെ വരവ്‌ നിലച്ചു. ഇതോടെ ഉപഭോക്‌താക്കള്‍ സാധനത്തിനായി പരക്കം പാഞ്ഞു. ഇതില്‍ ഒരു വിഭാഗമാണ്‌ ഉപയോഗവും ബിസിനസുമായി രംഗത്തുള്ളത്‌. മൊത്ത കച്ചവടക്കാര്‍ കച്ചവടം നിര്‍ത്തിയതോടെ ചെറുകിട കച്ചവടക്കാരുടെ കടന്നു കയറ്റം ഈ മേഖലയില്‍ വ്യാപകമായി. ഒരു ചെറു ശതമാനം മാത്രം കഞ്ചാവ്‌ തൊണ്ടി മുതലാക്കിവച്ച്‌ കൊണ്ട്‌ കേസെടുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. ഇതില്‍ ചില ഉപഭോക്‌താക്കള്‍ ഉന്നത രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന്‌ സ്‌റ്റേഷന്‍ ജാമ്യത്തില്‍ പുറത്തെത്തിയാലും വീണ്ടും പഴയ പടിയിലേക്കാണ്‌ പോകുന്നത്‌. ചെറുകിട കച്ചവടക്കാരായ ഉപഭോക്‌താക്കളെ പലതവണ പിടികൂടാറുണ്ടെങ്കിലും മൊത്ത കച്ചവടത്തിന്റെ ഉറവിടം അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട്‌ ആയതിനാല്‍ കൂടുതല്‍ അന്വേഷണം നടക്കാതെ പോകുന്നതാണ്‌ കേസ്‌ ദുര്‍ബലമാകുന്ന അവസ്‌ഥയുമാണ്‌ കണ്ടുവരാറുള്ളതത്രേ. ഇതോടെ പിടിയിലാകുന്ന പലരും വലിയ അന്വേഷണങ്ങളില്‍ നിന്നും ഒഴിവാകുന്ന അവസ്‌ഥയാണ്‌ നിലവിലുള്ളത്‌.

Ads by Google
Advertisement
Monday 08 Jan 2018 12.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW