Monday, January 08, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.19 AM

മുഹൂര്‍ത്തവും രാശിയും നോക്കി അധികൃതര്‍: പണി പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാതെ ചേകാടി പാലം

uploads/news/2018/01/181531/1.jpg

പുല്‍പ്പള്ളി: കേരള, കര്‍ണാടക അതിര്‍ത്തികള്‍ പങ്കിടുന്നതും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക്‌ ഏറെ സൗകര്യപ്രദവുമായ ചേകാടി പാലത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടും ഗതാഗതത്തിന്‌ തുറന്നുകൊടുക്കാതെ അധികൃതര്‍. അധികൃതര്‍ ഉദ്‌ഘാടനത്തിനുള്ള രാശിയും മുഹൂര്‍ത്തവും നോക്കിയിരിക്കുമ്പോള്‍ ചേകാടിക്കാരുടെ യാത്രാദുരിതം നീളുകയാണ്‌. 2010-ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ധനകാര്യമന്ത്രി തോമസ്‌ ഐസക്കാണ്‌ ഈ പാലത്തിന്‌ തറക്കല്ലിട്ടത്‌. മലബാര്‍ മാന്ദ്യവിരുദ്ധ പാക്കേജിലുള്‍പ്പെടുത്തി എട്ട്‌കോടി രൂപയാണ്‌ ഇതിലേക്ക്‌ വകയിരുത്തിയിരുന്നത്‌. 8 മീറ്റര്‍ വീതിയും 130 മീറ്റര്‍ നീളവുമാണ്‌ പാലത്തിനുള്ളത്‌. മൂന്ന്‌ വര്‍ഷംകൊണ്ട്‌ പണികള്‍ പൂര്‍ത്തീകരിക്കുമെന്ന്‌ അന്ന്‌ പറഞ്ഞിരുന്നു. കേരള കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു നിര്‍മ്മാണ ചുമതല. എന്നാല്‍ അവര്‍ മീനങ്ങാടി സ്വദേശിക്ക്‌ മറുകരാര്‍ നല്‍കുകയായിരുന്നു. പിന്നീട്‌ മറ്റുപല സബ്‌ കരാറുകളിലൂടെയാണ്‌ പാലത്തിന്റെ നിര്‍മ്മാണങ്ങള്‍ ഇഴഞ്ഞുനീങ്ങിയത്‌. ജനങ്ങളുടെ മുറവിളിയെതുടര്‍ന്ന്‌ മുന്‍ ജില്ലാ കലളക്‌ടര്‍ കേശവേന്ദ്രകുമാര്‍ പ്രശ്‌നത്തില്‍ നേരിട്ട്‌ ഇടപെടുകയും 2015 മാര്‍ച്ചില്‍ പണികള്‍ പൂര്‍ത്തീകരിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനിടയില്‍ എസ്‌റ്റിമേറ്റു തുക വര്‍ദ്ധിപ്പിച്ചു നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീടും പാലത്തിന്റെ അവശേഷിച്ച പണികള്‍ മന്ദഗതിയിലാവുകയായിരുന്നു. തുടര്‍ന്ന്‌ ഇലക്ക്‌ഷന്‍ പ്രഖ്യാപനത്തെ തുടര്‍ന്നു ഭരണകക്ഷിയായിരുന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍ അപ്രോച്ച്‌ റോഡിന്റെ പണികള്‍ തീര്‍ക്കാതെ തിരക്കിട്ടു പാലം ഉദ്‌ഘാടനം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നു ഭരണത്തിലേറിയ ഇടതുപക്ഷസര്‍ക്കാരും പാലത്തിന്റെ അപ്രോച്ച്‌ റോഡടക്കമുള്ള പ്രവര്‍ത്തികളില്‍ ഉദാസീനത കാട്ടുകയായിരുന്നു. തുടര്‍ന്ന്‌ അപ്രോച്ച്‌ റോഡിന്റെ മണ്‍പണികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ബാക്കിയുള്ള ടാറിംഗ്‌ അടക്കമുള്ള പ്രവര്‍ത്തികള്‍ അവശേഷിക്കുകയായിരുന്നു. അവസാനമായി 2017 ഫെബ്രുവരിയില്‍ പാലം ഉദ്‌ഘാടനം ചെയ്യുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും അതും സ്വപ്‌നമാകുകയായിരുന്നു. പുല്‍പ്പള്ളി, തിരുനെല്ലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും പുല്‍പ്പള്ളിയില്‍ നിന്ന്‌ 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബാവലിയിലും അവിടെനിന്ന്‌ എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാട്ടിക്കുളത്തും എത്താമെന്നതും ഈ പാലത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. എച്ച്‌.ഡി കോട്ടവഴി മൈസൂരിലെത്താനുള്ള ഏറ്റവും ദൂരംകുറഞ്ഞ പാതയുമാണിത്‌. എന്തൊക്കെയായാലും ഇതുവഴി ബസ്സ്‌ റൂട്ടടക്കമുള്ള യാത്രാസൗകര്യങ്ങള്‍ ഉണ്ടാകണമെങ്കില്‍ പാലത്തിന്റെ ഉദ്‌ഘാടനം നടക്കണം. കൂടാതെ പുല്‍പ്പള്ളിയില്‍ നിന്നുള്ള ചേകാടി റോഡിന്റെ ശോചനീയാവസ്‌ഥ മാറുകയുംവേണം. പൊളിഞ്ഞുകിടക്കുന്ന കൊണ്ടുവാടി മുതല്‍ ഉദയക്കരവരെയുള്ള റോഡിന്റെ പണികള്‍ അടിയന്തരമായി നടത്തുകയും വേണം. ടൂറിസം മേഖലയ്‌ക്ക് വളരെ പ്രാധാന്യമുള്ള ഈ പാലം തുറന്നാല്‍ ആന്ധ്രാ, കര്‍ണാടക സംസ്‌ഥാനങ്ങള്‍ക്ക്‌ വയനാട്ടില്‍ എത്താന്‍ എളുപ്പമാകും. എന്നാല്‍ ഈ കാര്യത്തില്‍ ജനപ്രതിനിധികളടക്കമുള്ള ജില്ലാ ഭരണകൂടം തികഞ്ഞ അനാസ്‌ഥയാണ്‌ കാട്ടുന്നത്‌. കോടികള്‍ ചിലവഴിക്കപ്പെട്ടിട്ടും പണികള്‍ പൂര്‍ത്തീകരിച്ചിട്ടും ജനങ്ങള്‍ക്കും നാടിനും ഉപകാരപ്പെടാതെ ചേകാടിപ്പാലം ഉദ്‌ഘാടനം കാത്ത്‌ സ്‌ഥിതിചെയ്യുന്നു. ആദിവാസികളും കര്‍ഷകരും അടങ്ങുന്ന പ്രദേശവാസികള്‍ ഇക്കാര്യത്തില്‍ അധികൃതര്‍ കാട്ടുന്ന അവഗണനയുടെ ദുരിതം അനുഭവിക്കുകയാണ്‌. ഉദ്‌ഘാടനം ചെയ്യാന്‍ ആളില്ലാത്തതാണോ ഉദ്‌ഘാടനം വൈകിപ്പിക്കുന്നതെന്നാണ്‌ ഇപ്പോള്‍ ചേകാടിക്കാരും ചോദിക്കുന്നത്‌.

Ads by Google
Advertisement
Monday 08 Jan 2018 12.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW