Saturday, February 16, 2019 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 12.15 AM

സി.പി.എം. ജില്ലാ സമ്മേളനം ഇന്നുമുതല്‍ കട്ടപ്പനയില്‍

uploads/news/2018/01/181498/1.jpg

കട്ടപ്പന: സി.പി.എം. ജില്ലാ സമ്മേളനം ഇന്നു മുതല്‍ 10 വരെ ടൗണ്‍ ഹാളില്‍ നടക്കും. ഇന്ന്‌ രാവിലെ എട്ടിന്‌ രജിസ്‌ട്രേഷന്‍. തുടര്‍ന്ന്‌ പതാക ഉയര്‍ത്തലും പുഷ്‌പാര്‍ച്ചനയും. 10.30-ന്‌ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ റിപ്പോര്‍ട്ട്‌ അവതരണവും ഗ്രൂപ്പ്‌ ചര്‍ച്ചയും പൊതുചര്‍ച്ചയും നടക്കും.
വൈകിട്ട്‌ അഞ്ചിന്‌ നഗരസഭാ മിനി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സാസ്‌കാരിക സമ്മേളനം സ്‌റ്റേറ്റ്‌ മൈനോരിറ്റി ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ഡയറക്‌ടര്‍ ഫാ. മാത്യൂസ്‌ വാഴക്കുന്നം ഉദ്‌ഘാടനം ചെയ്യും. ഏഴിന്‌ ആതിര വി. നായരും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും നടക്കും. എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍, പി.കെ. ഗുരുദാസന്‍, ഡോ. തോമസ്‌ ഐസക്ക്‌, എം.സി. ജോസഫൈന്‍, ആനത്തലവട്ടം ആനന്ദന്‍, എം.എം. മണി, ബേബി ജോണ്‍, കെ.ജെ. തോമസ്‌ എന്നിവരും പങ്കെടുക്കുന്നുണ്ട്‌. മൂന്നാര്‍, കൊട്ടക്കാമ്പൂര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ചര്‍ച്ചയില്‍ സി.പി.ഐയ്‌ക്കെതിരേ രൂക്ഷവിമര്‍ശനമുണ്ടാകുമെന്നുറപ്പാണ്‌. നവംബര്‍ 26 ന്‌ സി.പി.എം. കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടന വേദിയില്‍ മന്ത്രി എം.എം. മണി, സി.പി.ഐ. ജില്ലാ കമ്മിറ്റിയേയും ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജോയ്‌സ്‌ ജോര്‍ജ്‌ എം.പിയുടെ പട്ടയം റദ്ദാക്കിയതിനു പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്നു സി.പി.ഐ. ജില്ലാ നേതൃത്വം വിശദീകരിക്കണമെന്നായിരുന്നു മന്ത്രി പറഞ്ഞത്‌. സി.പി.ഐ. ഇതു മനപ്പൂര്‍വം ചെയ്‌തതാണെന്നും ശിവരാമനല്ല, ഏതു രാമന്‍ വന്നാലും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ എം.എം. മണി പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ ഇതിനെതിരേ രൂക്ഷവിമര്‍ശനവുമായി തിരിച്ചടിച്ചു. മന്ത്രി എം.എം. മണി കൈയേറ്റക്കാരുടെ മിശിഹയാണെന്നായിരുന്നു ശിവരാമന്‍ തൊടുപുഴയില്‍ പറഞ്ഞത്‌. മന്ത്രിയുടെ ആരോപണം കൈയേറ്റക്കാരെ സഹായിക്കാനാണെന്നും സി.പി.എം. ആരില്‍നിന്നൊക്കെ പണം വാങ്ങിയെന്നു അറിയാമെന്നും പേരു പറയാന്‍ നിര്‍ബന്ധിക്കരുതെന്നും ശിവരാമന്‍ വിമര്‍ശിച്ചിരുന്നു.
ഇതു സംബന്ധിച്ച വാഗ്വാദങ്ങള്‍ മുറുകുന്നതിനിടെയാണ്‌ സി.പി.ഐ. കട്ടപ്പന മണ്ഡലം കമ്മിറ്റിയും മന്ത്രി മണിക്കെതിരേ പരസ്യമായി രംഗത്തെത്തിയത്‌. മണിയുടെ അഭ്യാസം സി.പി.ഐയോടു വേണ്ടെന്നായിരുന്നു മണ്ഡലം സെക്രട്ടറി പറഞ്ഞത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലുള്ളവര്‍ തന്നെ മണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നന്നും സി.പി.ഐയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ്‌ ജയിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. സി.പി.ഐയുടെ പ്രസ്‌താവനയ്‌ക്കെതിരേ അടുത്ത ദിവസം ഡി.വൈ.എഫ്‌.ഐ, കര്‍ഷക സംഘം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
കേരള കോണ്‍ഗ്രസി(എം)നെ മുന്നണിയിലെടുക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ടാകും. കേരള കോണ്‍ഗ്രസ്‌ അംഗത്തിന്റെ പിന്തുണയോടെയാണ്‌ അഴുത ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണം എല്‍.ഡി.എഫ്‌. പിടിച്ചെടുത്തത്‌. യു.ഡി.എഫ്‌. ഭരണസമിതിക്കെതിരേ എല്‍.ഡി.എഫ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ കേരള കോണ്‍ഗ്രസ്‌, ആര്‍.എസ്‌.പി. അംഗങ്ങള്‍ ഒപ്പിട്ടതോടെയാണ്‌ ഭരണമാറ്റത്തിനു കളമൊരുങ്ങിയത്‌. ആര്‍.എസ്‌.പി. അംഗം പിന്നീട്‌ സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.
കൂടാതെ തൊടുപുഴ മേഖലയിലെ ചില നേതാക്കളുടെ ബ്ലേഡ്‌ മാഫിയാ ബന്ധവും ചര്‍ച്ച ചെയ്യപ്പെടും. കഴിഞ്ഞ ദിവസം സംസ്‌ഥാന വ്യാപകമായി നടന്ന റെയ്‌ഡില്‍ മേഖലയിലെ ബ്രാഞ്ച്‌ സെക്രട്ടറിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടിരുന്നു. നേതാക്കളുടെ ബ്ലേഡ്‌ മാഫിയാ ബന്ധം സംബന്ധിച്ച്‌ നിരവധി പരാതികളാണ്‌ ജില്ലാ കമ്മിറ്റിക്ക്‌ ലഭിച്ചിട്ടുള്ളത്‌.10-നാണ്‌ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്‌. നിലവില്‍ 37 പേരാണ്‌ ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്നത്‌.
എന്നാല്‍ പി.എ. രാജു, എസ്‌. പാല്‍രാജ്‌ എന്നിവരുടെ മരണത്തേത്തുടര്‍ന്ന്‌ അംഗസംഖ്യ 35 ആയി കുറഞ്ഞിട്ടുണ്ട്‌. നിലവിലുള്ള അംഗങ്ങളില്‍ ആറു പേരെ ഒഴിവാക്കി പകരം ആറു ഏരിയ സെക്രട്ടറിമാരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ്‌ സാധ്യത. ഇതിനായി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ഹൈറേഞ്ചിലെയും ലോറേഞ്ചിലെയും ഏരിയ സെക്രട്ടറിമാരെ പരിഗണിച്ചേക്കും.

Ads by Google
Advertisement
Monday 08 Jan 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW