Tuesday, October 16, 2018 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.47 AM

കലയുടെ കേളികൊട്ട്‌ ഉയര്‍ന്നു

uploads/news/2017/12/172205/1.jpg

മൂവാറ്റുപുഴ: കൗമാര കലാപ്രതിഭകളുടെ മിന്നുന്ന പ്രകടനത്തോടെ 30 ാമത്‌ എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്‌ മൂവാറ്റുപുഴയില്‍ തിരി തെളിഞ്ഞു. 300 ലധികം ഇനങ്ങളില്‍ എണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്‌ക്കും. പരിഷ്‌കരിച്ച മാനുവല്‍ പ്രകാരം നടത്തുന്ന കലാമേളയില്‍ പരിഭവങ്ങളില്ലാതെ ആദ്യദിനം കടന്നുപോയി. പതിവിന്‌ വിപരീതമായി ഇക്കുറി അപ്പീലുകളുടെ പ്രവാഹവുമില്ല. ഒരു മണിക്കൂര്‍ വൈകിയാണ്‌ ഉദ്‌ഘാടനവേദി ഉണര്‍ന്നതെങ്കിലും ഭൂരിപക്ഷം വേദികളിലും സമയബന്ധിതമായി മത്സരം പൂര്‍ത്തിയാക്കാനായി. കുച്ചുപ്പുടിയും മോഹിനിയാട്ടവും ഒരേ സമയം നടത്തിയത്‌ മത്സരാര്‍ഥികളെ വലച്ചു. ഇരു ഇനങ്ങളിലും മത്സരിക്കേണ്ടവര്‍ ഏറെക്കുറെ ഒന്നുതന്നെയായിരുന്നു. സെന്റ്‌ അഗസ്‌റ്റ്യന്‍സ്‌ സ്‌കൂളില്‍ മോഹിനിയാട്ടവും അതേസമയം തന്നെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കുച്ചുപ്പുടി മത്സരവും അരങ്ങേറിയതാണ്‌ വിനയായത്‌. ഒരു ഇനത്തില്‍ പങ്കെടുത്ത്‌ അടുത്തതിനായി ചമയങ്ങള്‍ ഇടുന്നതിന്‌ പലര്‍ക്കും കഴിയാതെ വന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്ത്‌ വന്നു. ഇതോടെ സെന്റ്‌ അഗസ്‌റ്റ്യന്‍സ്‌ സ്‌കൂളില്‍ നടന്നു വന്ന മോഹിനിയാട്ട മത്സരം മണിക്കൂറുകളോളം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ടൗണ്‍ ഹാളിലെ കുച്ചുപ്പുടി മത്സരം പൂര്‍ത്തിയായതിനുശേഷമാണ്‌ ഇവിടെ മത്സരം പുന:രാരംഭിച്ചത്‌.
അതുകൊണ്ട്‌ തന്നെ രാത്രി വൈകിയും പരിപാടി തുടരേണ്ടിവന്നു. ഇതൊഴിച്ചാല്‍ മറ്റു വേദികളിലെല്ലാം ഇരുള്‍ പരക്കുംമുമ്പേ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനായി. വിധി കര്‍ത്താക്കളെ സ്വാധീനിക്കുമെന്ന സൂചനയെ തുടര്‍ന്ന്‌ കലോത്സവവേദികളില്‍ പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. പ്രസ്‌റ്റീജ്‌ മത്സരങ്ങളെല്ലാം ഇന്നും നാളെയുമായാണ്‌ അരങ്ങിലെത്തുക. മുന്‍ വര്‍ഷത്തെ പോലെ കോഴ വിവാദം ഒഴിവാക്കുകയാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. യു.പി., എച്ച്‌.എസ്‌. വിഭാഗങ്ങളിലെ അറബി-സംസ്‌കൃതോത്സവത്തിനും തിരിതെളിഞ്ഞു. ആദ്യദിനം ഏറെയും രചനാ മത്സരങ്ങളായിരുന്നു. ഇവയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ വൈകിയും ഫലപ്രഖ്യാപനമുണ്ടായില്ല.
തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എല്‍ദോ എബ്രാഹാം എം.എല്‍.എ. കലോത്സവത്തിന്‌ തിരിതെളിയിച്ചു. നഗരസഭാ ചെയര്‍പഴ്‌സണ്‍ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു.
വി.പി. സജീന്ദ്രന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഡപ്യട്ടി ഡയറക്‌ടര്‍ സി.എ. സന്തോഷ്‌ സ്വാഗതം പറഞ്ഞു. പി.കെ. ബാബുരാജ്‌, മേരി ബേബി, എന്‍. അരുണ്‍, നഗരസഭാ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ. സഹീര്‍, സി.എം. സീതി, പ്രമീള ഗിരീഷ്‌ കുമാര്‍, ഉമാമത്ത്‌ സലീം, രാജി ദിലീപ്‌, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ. സാവിത്രി, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജോസ്‌ മാനുവല്‍ എന്നിവര്‍ സംസാരിച്ചു.
കലോത്സവ ലോഗോ തയാറാക്കിയ പേഴയ്‌ക്കാപ്പിള്ളി ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി റുമൈസ റഫീഖ്‌, സംസ്‌ഥാന അധ്യാപക അവാര്‍ഡ്‌ ജേതാക്കളായ സി.എന്‍. കുഞ്ഞുമോള്‍, എന്‍.റ്റി. റാല്‍റി എന്നിവരെ യോഗത്തില്‍ ആദരിച്ചു. പതിവുപോലെ ഇക്കുറിയും പ്രധാന ജനപ്രതിനിധികളെല്ലാം ഉദ്‌ഘാടന സമ്മേളനത്തില്‍ നിന്ന്‌ വിട്ടു നിന്നു. ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജിനെയാണ്‌ ഉദ്‌ഘാടകനായി നിശ്‌ചയിച്ചിരുന്നത്‌. പാര്‍ലമെന്റ്‌ ഉപസമിതിയില്‍ പങ്കെടുക്കണമെന്ന കാരണത്താല്‍ എം.പി. ചടങ്ങിനെത്തിയില്ല. ഭരണ പ്രതിപക്ഷ കക്ഷികളിലെ ജില്ലയിലെ 14 എം.എല്‍.എ. മാരേയും ചടങ്ങിന്‌ ക്ഷണിച്ചിരുന്നെങ്കിലും സ്‌ഥലം എം.എല്‍.എ.യും കുന്നത്തുനാട്‌ എം.എല്‍.എ.യും ഒഴികെയുള്ളവര്‍ എത്തിയില്ല. വര്‍ഷങ്ങളായി കലോത്സവങ്ങളോട്‌ അയിത്തം കല്‍പിച്ചുവരുന്ന ജനപ്രതിനിധികള്‍ ഇക്കുറിയും അത്‌ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ കുരുന്ന്‌ പ്രതിഭകളുടെ കലാപ്രകടനം ആസ്വദിക്കാന്‍ നിരവധിപേര്‍ സദസില്‍ ഇടം നേടിയിരുന്നു.

Ads by Google
Advertisement
Thursday 07 Dec 2017 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW