Tuesday, January 09, 2018 Last Updated 12 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.37 AM

നിയമാനുസൃത ഇളവുകള്‍ നല്‍കിയിട്ടും നിരവധി മലയാളികള്‍ ഇപ്പോഴും ഒമാന്‍ ജയിലില്‍

uploads/news/2017/12/172185/1.jpg

കൊല്ലം: ഒമാന്‍ ജയിലില്‍ വിവിധ കേസുകളില്‍ ശിക്ഷയനുഭവിച്ചു കഴിയുന്ന മലയാളികള്‍ക്ക്‌ ഒമാന്‍ ഭരണകൂടം നിയമാനുസൃത ഇളവുകള്‍ നല്‍കിയിട്ടും അതു പ്രയോജനപ്പെടുത്തി ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി മുന്‍കൈയെടുക്കുന്നില്ല.
ഒമാനിലെ നിയമമനുസരിച്ചു ജയിലില്‍ ശിക്ഷയുടെ മുക്കാല്‍ഭാഗം പൂര്‍ത്തിയാക്കിയാല്‍ ഓരോ രാജ്യത്തേയും സര്‍ക്കാരുകള്‍ മാപ്പപേക്ഷ ഒമാന്‍ ഭരണാധികാരികള്‍ക്കു നല്‍കിയാല്‍ ജയിലില്‍ കിടക്കുന്നവരെ മോചിപ്പിക്കും. എന്നാല്‍ ഇന്ത്യന്‍ എംബസി ഇത്തരത്തിലുള്ള ഒരു കാര്യവും ചെയ്യുന്നില്ല.
തിരുവനന്തപുരം സ്വദേശിയായ ഷാജഹാന്‍, ആലപ്പുഴ സ്വമദശി സന്തോഷ്‌ എന്നിവര്‍ 20 വര്‍ഷമായി ജയിലിലാണ്‌. കൊല്ലം കാവനാട്‌ കന്നിമേല്‍ചേരിയില്‍ അബ്‌ദുള്‍ മനാഫ്‌ ഒന്‍പതു വര്‍ഷമായി ജയിലില്‍ കഴിയുന്നു. 10 വര്‍ഷമാണു ജയില്‍ശിക്ഷ. ഇന്ത്യന്‍ എംബസി ശ്രമിച്ചിരുന്നെങ്കില്‍ ഒന്നരവര്‍ഷം മുന്‍പു നാട്ടിലെത്തിക്കാമായിരുന്നു. എറണാകുളം കോതമംഗലം സ്വദേശി നവാസ്‌ 12 വര്‍ഷമായി ജയിലില്‍ കഴിയുന്നു. 15 വര്‍ഷമാണു ശിക്ഷാ കാലാവധി. ശിക്ഷയുടെ മുക്കാല്‍ഭാഗവും അനുഭവിച്ചുകഴിഞ്ഞു. ആലപ്പുഴ കുന്നേല്‍ ലക്ഷംവീട്‌ കോളനിയിലെ സുരേന്ദ്രന്‍ 15 വര്‍ഷമായും കോഴിക്കോട്‌ കൊടുവള്ളി ചെറുമല ഹൗസില്‍ ഭരതന്‍ 14 വര്‍ഷമായും തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ സ്വദേശി ഷീജ ഏഴരവര്‍ഷമായും ജയിലില്‍ കഴിയുന്നു. ഇവരെല്ലാം ശിക്ഷാ കാലാവധിയുടെ മുക്കാല്‍ഭാഗവും പൂര്‍ത്തിയാക്കിയവരാണ്‌. ഇവരില്‍ പലരും നിരപരാധികളാണ്‌. സ്‌പോണ്‍സര്‍ ഉള്‍പ്പടെയുള്ളവരുടെ ചതിയില്‍പെട്ടും മനപൂര്‍വമല്ലാത്ത കുറ്റത്തിനു ജയില്‍ശിക്ഷ ലഭിച്ചവരുമാണ്‌. കൃത്യമായ നിയമസഹായവും വിദഗ്‌ധരായ പരിഭാഷകരേയും ലഭിയ്‌ക്കാത്ത കാരണത്താല്‍ ജയിലില്‍ കിടക്കുന്നവരാണു പലരും. കൊല്ലം തെന്മല കഴുതുരുട്ടി വികാസ്‌ഭവനില്‍ വികാസ്‌ നിയമസഹായം കിട്ടാത്തതിന്റെ പേരില്‍ വധശിക്ഷക്കു വിധിക്കപ്പെട്ടു. പിന്നീട്‌ അമ്പതോളം അപേക്ഷകള്‍ അയച്ചതിന്റെ ഫലമായി ഇന്ത്യന്‍ എംബസി ഒരു അഭിഭാഷകനെ നിയമിക്കുകയും കേസ്‌ പുനഃവിചാരണ നടത്തുകയും ചെയ്‌തു. ഇതിന്റെ ഫലമായി വധശിക്ഷയില്‍ ഇളവു ലഭിച്ചു. ഏഴു വര്‍ഷമായി വികാസ്‌ ജയിലിലാണ്‌.
കൊല്ലം കടയ്‌ക്കല്‍ പ്ലാവിള വീട്ടില്‍ ഷൈന്‍ ശശിധരന്‍ രണ്ടുവര്‍ഷമായി സൗദിയില്‍ ജയിലില്‍ കിടക്കുന്നു. ഡ്രൈവിങ്‌ ലൈസന്‍സുള്ള ഷൈന്‍ സ്‌പോണ്‍സര്‍ നല്‍കിയ വാഹനം വര്‍ക്‌ഷോപ്പില്‍ പണിയിക്കാന്‍ കൊണ്ടുപോകവെ വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മറ്റൊരു വാഹനത്തിനു കേടുപറ്റി. ഇവിടെയും നിയമസഹായം കിട്ടാത്തതിന്റെ പേരില്‍ ഷൈന്‍ രണ്ടുവര്‍ഷമായി ജയിലിലാണ്‌. ഒമാന്‍ ഭരണകൂടത്തിന്റെ നിയമാനുസൃത ഇളവുകള്‍ ലഭിച്ചിട്ടും ഇന്ത്യന്‍ എംബസി ഇടപെടാത്ത കാരണം ഒന്നുകൊണ്ടുമാത്രമാണ്‌ ഇവര്‍ക്ക്‌ ഇപ്പോഴും ജയിലില്‍ കഴിയേണ്ട ദുരവസ്‌ഥയുണ്ടായത്‌. ഇതുസംബന്ധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കു ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന്‌ അവര്‍ ആവശ്യപ്പെടുന്നു. ഇന്നലെ ബന്ധുക്കള്‍ ഒന്നടങ്കം കൊല്ലത്തെത്തി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിക്കും പരാതി നല്‍കി.

Ads by Google
Advertisement
Thursday 07 Dec 2017 12.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW