Thursday, December 07, 2017 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 12.13 AM

ആനത്താര ഉള്‍പ്പെടുന്ന വനപാത ടാറിംഗ്‌ വിവാദത്തിലേക്ക്‌

uploads/news/2017/12/172179/1.jpg

കാട്ടിക്കുളം: ചുരം റോഡ്‌ വീതികൂട്ടലും ബദല്‍പാതകളും ദേശീയപാതകളിലെ ഗതാഗത നിരോധനം പിന്‍വലിക്കലും വനം പരിസ്‌ഥിതി നിയമങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങിക്കിടക്കുമ്പോഴും കാട്ടിക്കുളത്ത്‌ അതീവ പരിസ്‌ഥിതി പ്രാധാന്യമുള്ള മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തി നടക്കുന്നതായി ആക്ഷേപം. നോര്‍ത്ത്‌ വയനാട്‌ ഡിവിഷനില്‍ ബേഗൂര്‍ റേഞ്ചില്‍പ്പെട്ട പനവല്ലിയില്‍ നിന്ന്‌ അപ്പപ്പാറ വരെയെത്തുന്ന ആനത്താരയിലൂടെയുള്ള സോളിങ്‌ പാത ടാര്‍ ചെയ്‌തു നവീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. മൂന്നുമീറ്റര്‍ വീതിയില്‍ രണ്ടു കിലോമീറ്ററിലധികം ദൂരം റോഡ്‌ കടന്നുപോവുന്നത്‌ ക്രിട്ടിക്കല്‍ എലിഫന്റ്‌ കോറിഡോറിലൂടെയാണ്‌. കാട്ടിക്കുളത്തു നിന്നു പനവല്ലി, സര്‍വാണി, പോത്തുമൂല വഴി തിരുനെല്ലിയിലേക്ക്‌ നിലവില്‍ ബസ്‌ സര്‍വീസ്‌ ഉണ്ടെന്നിരിക്കെയാണ്‌ എളുപ്പമാര്‍ഗമെന്ന നിലയില്‍ വന്യജീവികളുടെ സൈ്വരവിഹാരം തടസ്സപ്പെടുത്തിക്കൊണ്ട്‌ നിക്ഷിപ്‌ത വനമേഖലയില്‍ ടാറിങ്‌ പുരോഗമിക്കുന്നത്‌. ആനത്താരയ്‌ക്ക് പുറമെ ഏതുസമയവും കടുവകളെ കൂടി കാണാവുന്ന മേഖലയിലൂടെയാണ്‌ റോഡ്‌ നവീകരണം. രാഷ്‌ട്രീയ നേതൃത്വങ്ങളുടെ സമ്മര്‍ദഫലമായി വനംവകുപ്പ്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ്‌ ടാറിങിന്‌ അനുമതി നല്‍കിയതെന്നാണ്‌ വിവരം. എന്നാല്‍, പ്രവൃത്തിക്ക്‌ ടെന്‍ഡര്‍ ക്ഷണിച്ചോ, ആരാണ്‌ നവീകരണത്തിനു മേല്‍നോട്ടം വഹിക്കുന്നത്‌ എന്നും മറ്റുമുള്ള കാര്യങ്ങള്‍ പോലും ആര്‍ക്കുമറിയില്ലെന്ന്‌ ആക്ഷേപമുണ്ട്‌.
നോര്‍ത്ത്‌ വയനാട്‌ ഡിവിഷനില്‍പ്പെടുന്ന തിരുനെല്ലിക്കും വയനാട്‌ വന്യജീവി സങ്കേതം തോല്‍പ്പെട്ടി റേഞ്ചിലെ കുദ്രക്കോടിനുമിടയില്‍ നടന്ന കുടിയേറ്റം മൂലം പ്രദേശത്തെ ആനത്താര മുറിഞ്ഞുപോയിരുന്നു. പ്രദേശവാസികളായ പതിനാലോളം കര്‍ഷക കുടുംബങ്ങള്‍ക്ക്‌ പൊന്നുംവില കൊടുത്ത്‌ ഭൂമി വാങ്ങി വൈല്‍ഡ്‌ ട്രസ്‌റ്റ് ഓഫ്‌ ഇന്ത്യ (ഡബ്ല്യു.ടി.ഐ.) ആണ്‌ കഴിഞ്ഞ വര്‍ഷം വനംവകുപ്പിനെ ഏല്‍പ്പിച്ച്‌ മുറിഞ്ഞുകിടന്ന ആനത്താര പുനസ്‌ഥാപിച്ചത്‌. ഈ മേഖലയിലൂടെയുള്ള വനപാതയാണ്‌ ടാര്‍ ചെയ്യുന്നത്‌. വന്യജീവികളുടെ സൈ്വരവിഹാരത്തിന്‌ തടസ്സമുണ്ടാവാതിരിക്കാന്‍ കര്‍ണാടക വനംവകുപ്പ്‌ ദേശീയപാതകളിലൂടെയുള്ള രാത്രിയാത്ര വരെ നിരോധിക്കുകയും എതിര്‍പ്പുകളെയും സമ്മര്‍ദങ്ങളെയും അവഗണിച്ച്‌ നിശ്‌ചയദാര്‍ഢ്യത്തോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ അതിര്‍ത്തിക്കിപ്പുറം നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ക്കു വഴങ്ങി വനം നശിപ്പിക്കുന്നതെന്നാണ്‌ ആക്ഷേപം.
ഒരുവശത്ത്‌ സന്നദ്ധസംഘടനകള്‍ പോലും വില കൊടുത്ത്‌ ഭൂമി വാങ്ങിയും ഇതര സംസ്‌ഥാന വനംവകുപ്പുകള്‍ മുറിഞ്ഞ ആനത്താരകളും വനഖണ്ഡങ്ങളും കൂട്ടിയോജിപ്പിച്ച്‌ മാതൃകാപരമായ വനം-വന്യജീവി സംരക്ഷണ നടപടികള്‍ അനുവര്‍ത്തിക്കുമ്പോള്‍ കേരള വനംവകുപ്പ്‌ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നാണ്‌ പരിസ്‌ഥിതി പ്രവര്‍ത്തകരുടെ പരാതി.

Ads by Google
Advertisement
Thursday 07 Dec 2017 12.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW