Tuesday, November 14, 2017 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 01.07 AM

ശബരിമല മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ യൂണിറ്റ്‌ സ്‌തംഭിച്ചിട്ടും പ്രവര്‍ത്തനാനുമതി

uploads/news/2017/11/165189/1.jpg

പത്തനംതിട്ട: ശബരിമല സന്നിധാനത്ത്‌ പ്രതിദിനം അഞ്ച്‌ ദശലക്ഷം ലിറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ഓസോണൈസേഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം സ്‌തംഭിച്ചിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനാനുമതി.
കഴിഞ്ഞ വര്‍ഷത്തെ ഉത്സവ കാലത്തു തന്നെ ഓസോണൈസേഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം സ്‌തംഭിച്ചിരുന്നു. അതിനാല്‍ മാലിന്യ സംസ്‌കരണം പാളുകയും ചെയ്‌തു. ഇതേ തുടര്‍ന്ന്‌ മലിനീകരണ നിയന്ത്രണബോര്‍ഡ്‌ പ്ലാന്റിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കി. എന്നാല്‍ ഇക്കുറി ഉപാധികള്‍ നിരത്തി പ്ലാന്റിന്‌ പ്രവര്‍ത്തനാനുമതി നല്‍കുകയാണ്‌ ഉണ്ടായതെന്ന്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ കെ. സജീവന്‍, എന്‍വിയോണ്‍മെന്റ്‌ എന്‍ജിനിയര്‍ അലക്‌സാണ്ടര്‍ എന്നിവര്‍ പറഞ്ഞു.
ശബരിമലയിലെ മാലിന്യ സംസ്‌കരണത്തിന്‌ നിര്‍മിച്ച ജൈവമാലിന്യ പ്ലാന്റില്‍ ഓസോണൈസേഷന്‍ നടക്കുന്നില്ലെങ്കില്‍ ക്ലോറിനേഷന്‍ നടത്തി മാലിന്യം സംസ്‌കരിക്കണമെന്നാണ്‌ ദേവസ്വം ബോര്‍ഡിന്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ജൈവമാലിന്യ സംസ്‌കരണ പ്ലാന്റില്‍ രാസവസ്‌തു ഉപയോഗിച്ച്‌ സംസ്‌കരണം നടത്തുന്നത്‌ ശാസ്‌ത്രീയമാണോ എന്ന ചോദ്യമാണ്‌ നിലനില്‍ക്കുന്നത്‌. കഴിഞ്ഞ മണ്ഡലകാലത്ത്‌ ഓസോണൈസേഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം സ്‌തംഭിച്ചതോടെ സംസ്‌കരണം നടക്കാതെ മാലിന്യം പുറത്തേക്ക്‌ ഒഴുകിയത്‌ ഏറെ വിവാദങ്ങള്‍ക്ക്‌ ഇടനല്‍കിയിരുന്നു. ഈ വര്‍ഷം എന്തുവന്നാലും പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നാണ്‌ അന്ന്‌ ബോര്‍ഡ്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോഴും തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ഇക്കുറി ഓസോണൈസേഷന്‍ പ്ലാന്റ്‌ നിരീക്ഷിക്കുന്ന സംവിധാനം സന്നിധാനത്ത്‌ ഒരുക്കിയിട്ടുണ്ട്‌.
എല്ലാ കെട്ടിടങ്ങളില്‍ നിന്നും സംസ്‌കരണ പ്ലാന്റിലേക്ക്‌ മാലിന്യമെത്തിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ്‌ ദേവസ്വം ബോര്‍ഡിനോട്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. എത്ര മാത്രം പ്രാവര്‍ത്തികമായിട്ടുണ്ടെന്ന്‌ വ്യക്‌തമല്ല. നിലവില്‍ ശബരിമലയിലെ ഖരമാലിന്യ സംസ്‌കരണവും കാര്യക്ഷമമല്ലെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി. ഇന്‍സിനേറ്ററിലൂടെയുള്ള സംസ്‌കരണം ഒരു പരിധി വരെ മാത്രമെ കാര്യക്ഷമാവുകയുള്ളൂ. ശേഷിക്കുന്ന മാലിന്യം ഉപയോഗിച്ച്‌ ബയോഗ്യാസ്‌ പ്ലാന്റ്‌ പ്രവര്‍ത്തിപ്പിക്കാനുള്ള പദ്ധതി ദേവസ്വം ബോര്‍ഡ്‌ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും നടപടി ടെന്‍ഡറില്‍ മാത്രം ഒതുങ്ങുകയാണ്‌. സന്നിധാനത്ത്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനം 16 മുതല്‍ ആരംഭിക്കും. പമ്പയിലും എരുമേലിയിലും ലാബുകള്‍ സജ്‌ജീകരിക്കുന്നുണ്ട്‌. പമ്പാ നദീജലവും കുടിവെള്ളവും പ്രത്യേകം പരിശോധിക്കും. പമ്പയിലെ മലിനീകരണ പ്ലാന്റില്‍ നിന്നും പുറം തള്ളുന്ന ജലവും പരിശോധനയ്‌ക്ക്‌ വിധേയമാക്കും.
വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ്‌ ശാലകളില്‍ നിന്നും വരുന്ന ജലം പ്രത്യേക നിരീക്ഷണത്തിന്‌ വിധേയമാക്കും. സന്നിധാനത്ത്‌ കുന്നാര്‍ ഡാമില്‍ നിന്നു വരുന്ന ജലത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്ന്‌ നിരീക്ഷിക്കാനും ദിവസവും സാമ്പിള്‍ എടുക്കും. മീനിനെ ജലത്തില്‍ നിക്ഷേപിച്ച്‌ അതിനെ നിരീക്ഷിച്ച്‌ ഗുണനിലവാരം കണ്ടെത്തുന്ന നൂതന രീതിയാണ്‌ ഇക്കാര്യത്തില്‍ പരീക്ഷിക്കുക. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജലത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്ന്‌ കണ്ടെത്താന്‍ ഇതുമൂലം കഴിയും. സന്നിധാനത്ത്‌ കെട്ടിക്കിടക്കുന്ന ഭസ്‌മക്കുളം ശുദ്ധമാക്കാനുള്ള യന്ത്ര സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്‌. ഇവിടുത്തെ ജലവും ദിവസവും പരിശോധിക്കും.
കോടതി വിധിയെ തുടര്‍ന്ന്‌ പമ്പാ നദിയില്‍ വസ്‌ത്രം ഉപേക്ഷിക്കുന്നത്‌ തടഞ്ഞിട്ടുണ്ട്‌. എങ്കിലും ആരെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കും. കോളജുകളിലെ എന്‍.എസ്‌.എസ്‌ വോളണ്ടിയര്‍മാരുടെയും പോലീസിന്റെയും സേവനം ഇതിനായി ഉപയോഗിക്കും. പ്ലാസ്‌റ്റിക്ക്‌ കാരി ബാഗുകള്‍, പായ്‌ക്ക്‌ ചെയ്‌ത ഭക്ഷണ വസ്‌തുക്കള്‍, ശീതളപാനീയങ്ങള്‍ എന്നിവ ഇത്തവണ നിരോധിച്ചിട്ടുണ്ട്‌. പായ്‌ക്ക്‌ ചെയ്‌ത പാനീയങ്ങളിലും ഭക്ഷ്യവസ്‌തുക്കളിലും അലൂമിനിയം കോട്ടിങ്‌ പേപ്പറുകള്‍ ഉള്ളതിനാലാണിത്‌.ഇ-കോളി ബാക്‌ടീരിയകളുടെ ശേഷി സൂര്യ പ്രകാശത്തില്‍ ഒരു പരിധി വരെ നശിക്കുമെങ്കിലും കുട്ടനാട്ടില്‍ വരെ ഇതിന്റെ ചെറിയ രീതിയിലുള്ള പ്രതിഫലനം കാണാം. അതിനാല്‍ പമ്പയിലെ മാലിന്യം കുറയ്‌ക്കുക മാത്രമാണ്‌ ഇതിന്‌ പ്രതിവിധിയെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ്‌ അധികൃതര്‍ വ്യക്‌തമാക്കി. പ്രസ്‌ ക്ലബ്‌ ജോയിന്റ്‌ സെക്രട്ടറി അരുണ്‍ എഴുത്തഛന്‍ മോഡറേറ്ററായിരുന്നു.

Ads by Google
Advertisement
Tuesday 14 Nov 2017 01.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW