Tuesday, November 14, 2017 Last Updated 31 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Nov 2017 12.14 AM

ഹര്‍ത്താല്‍ പൂര്‍ണം ക്ഷേത്രനഗരം നിശ്‌ചലമായി; ബസുകള്‍ തടഞ്ഞു

uploads/news/2017/11/165140/2.jpg

വാടാനപ്പള്ളി/ഗുരുവായൂര്‍: മണലൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ ബി.ജെ.പി. ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ വാടാനപ്പള്ളി മേഖലയില്‍ പൂര്‍ണം. എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക്‌ ബസുകള്‍ സര്‍വീസ്‌ നടത്തിയെങ്കിലും ഗുരുവായൂരില്‍നിന്നും സര്‍വീസ്‌ ഉണ്ടായില്ല. പിന്നീട്‌ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, കാഞ്ഞാണി എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസ്‌ തടഞ്ഞു. ഇതേത്തുടര്‍ന്ന്‌ സ്വകാര്യ ബസുകള്‍ തളിക്കുളം, തൃപ്രയാര്‍ എന്നിവിടങ്ങളിലായി സര്‍വീസ്‌ നിര്‍ത്തിവച്ചു. കെ.എസ്‌.ആര്‍.ടി. സി. ഒറ്റപ്പെട്ട നിലയില്‍ ഓടി. എറണാകുളം , കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും വന്ന കെ. എസ്‌.ആര്‍.ടി.സി. ഉള്‍പ്പെടെ മിക്ക ബസുകളും തളിക്കുളത്ത്‌ സര്‍വീസ്‌ അവസാനിപ്പിച്ചു. ടാക്‌സി കാറുകള്‍, ഓട്ടോ എന്നിവ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളും വ്യാപാര സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കാനായില്ല. സംഘര്‍ഷം ഒഴിവാക്കാന്‍ കനത്ത പോലീസ്‌ സന്നാഹത്തെ വിന്യസിച്ചിരുന്നു.
ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി. ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ ഗുരുവായൂര്‍ ക്ഷേത്രനഗരം നിശ്‌ചലമായി. പെട്ടിക്കടകള്‍ പോലും തുറന്ന്‌ പ്രവര്‍ത്തിച്ചില്ല. സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ കലക്‌ടര്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നതിനാല്‍ ജനക്കൂട്ടവും ഉണ്ടായില്ല.
സാധാരണ ഹര്‍ത്താലുകളില്‍ തുറന്ന്‌ പ്രവര്‍ത്തിക്കാറുള്ള ക്ഷേത്രനടപ്പുരയിലെ കടകളും ഹോട്ടലുകളും തുറന്നില്ല. ഏകാദശി വിളക്കാഘോഷം നടക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ ഭക്‌തരുടെ തിരക്കനുഭവപ്പെട്ടു. ഹര്‍ത്താലായിരുന്നിട്ടും മൂന്ന്‌ വിവാഹങ്ങള്‍ ക്ഷേത്രസന്നിധിയില്‍ നടന്നു. അഞ്ഞൂറോളം കുട്ടികള്‍ക്ക്‌ ചോറൂണും നല്‍കി. കെ.എസ്‌.ആര്‍.ടി.സിയും ട്രെയിനുമാണ്‌ യാത്രക്കാര്‍ക്ക്‌ ആശ്രയമായത്‌.
കെ.എസ്‌.ആര്‍.ടി.സി. 52 സര്‍വീസുകള്‍ നടത്തി. പ്രശ്‌ന സാധ്യതാ മേഖലകളിലൂടെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വാടനപ്പള്ളി മേഖലയിലേക്ക്‌ പോലീസ്‌ അകമ്പടിയോടെയായിരുന്നു സര്‍വീസ്‌ നടത്തിയത്‌. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ കവലകളിലും പ്രശ്‌നബാധിത സ്‌ഥലങ്ങളിലും പോലീസ്‌ പിക്കറ്റ്‌ ഏര്‍പ്പെടുത്തിയിരുന്നു.

Ads by Google
Advertisement
Tuesday 14 Nov 2017 12.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW