Monday, October 30, 2017 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 12.42 AM

കെ.പി.സി.സി പട്ടികയില്‍ കെട്ടിയിറക്കല്‍

uploads/news/2017/10/160318/1.jpg

പത്തനംതിട്ട: ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി പട്ടികയിലേക്ക്‌ ഇതരജില്ലയില്‍ നിന്ന്‌ ഒരാളെ ഇറക്കുമതി ചെയ്‌തു. നേരത്തേ നിശ്‌ചയിച്ചിരുന്നതില്‍ നിന്ന്‌ നേതാക്കന്മാരുടെ ബ്ലോക്കുകളില്‍ മാറ്റവും വന്നിട്ടുണ്ട്‌. നിലവിലെ അംഗം എന്‍.ജി. സുരേന്ദ്രന്‍ പട്ടികയില്‍ നിന്ന്‌ പുറത്തായി.
പന്തളം ബ്ലോക്കിലേക്കാണ്‌ ഇറക്കുമതി അംഗം വന്നിട്ടുള്ളത്‌. കൊല്ലം ജില്ലയില്‍ നിന്നുള്ള സരോജിനിയെയാണ്‌ ഇവിടെ കൊണ്ടു വന്നത്‌. ഇതോടെയാണ്‌ നിലവിലുള്ള അംഗം എന്‍.ജി. സുരേന്ദ്രന്‍ പുറത്തായത്‌. വനിത-പട്ടികജാതി പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിന്‌ വേണ്ടി സരോജിനിയെ കൊണ്ടു വന്നത്‌.
ഇതോടെ ഡി.സി.സി പ്രസിഡന്റിന്റെ വലംകൈയായ ജില്ലാ പഞ്ചായത്തംഗം കെ.ജി. അനിതയ്‌ക്കും നിരാശപ്പെടേണ്ടി വന്നു. എന്‍.ജി. സുരേന്ദ്രനെ തഴഞ്ഞ്‌ പകരം, പന്തളത്തേക്ക്‌ ഡി.സി.സി നല്‍കിയ പട്ടികയില്‍ കെ.ജി. അനിതയുടെ പേരാണ്‌ ഉണ്ടായിരുന്നത്‌. പട്ടിക രാഹുല്‍ഗാന്ധി അംഗീകരിക്കുന്നതിന്‌ വേണ്ടി ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയുടെ ആളായ സരോജിനിയെ പന്തളത്തേക്ക്‌ കൊണ്ടു വരികയായിരുന്നു. നേരത്തേ നിശ്‌ചയിച്ച നേതാക്കന്മാരെല്ലാം പട്ടികയില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്‌.
പക്ഷേ, ചിലരുടെ ബ്ലോക്കുകളില്‍ മാറ്റം വന്നിട്ടുണ്ട്‌. കെ.കെ. റോയിസണ്‍(പത്തനംതിട്ട), കെ. ശിവദാസന്‍ നായര്‍ (ആറന്മുള), മാലേത്ത്‌ സരളാദേവി (എഴുമറ്റൂര്‍), പി. മോഹന്‍രാജ്‌ (റാന്നി), പ്രഫ. സതീഷ്‌ കൊച്ചുപറമ്പില്‍ (തിരുവല്ല), പി.ജെ. കുര്യന്‍ (മല്ലപ്പള്ളി), പന്തളം സുധാകരന്‍ (അടൂര്‍), മാത്യു കുളത്തുങ്കല്‍ (കോന്നി), പഴകുളം മധു (തണ്ണിത്തോട്‌), സരോജിനി (പന്തളം) എന്നിവരാണ്‌ ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി അംഗങ്ങള്‍.
മാലേത്ത്‌ സരളാദേവിയെ തിരുവല്ലയിലും സതീഷ്‌ കൊച്ചു പറമ്പിലിനെ റാന്നിയിലും മോഹന്‍രാജിനെ മല്ലപ്പള്ളിയിലും പി.ജെ. കുര്യനെ എഴുമറ്റൂരിലുമാണ്‌ ഡി.സി.സി നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. ഇതിനാണ്‌ മാറ്റം വന്നത്‌.
കെ.ജി. അനിതയെ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുന്നത്‌ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിഭാഗീയതയ്‌ക്ക്‌ കാരണമായിരുന്നു. യാതൊരു പ്രവര്‍ത്തന പാരമ്പര്യവുമില്ലാത്തയാളാണ്‌ അനിതയെന്നും ആരോപണം ഉയര്‍ന്നു. പാര്‍ട്ടിക്ക്‌ വേണ്ടി പോലീസിന്റെ തല്ലു കൊള്ളുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്‌തവരെ തഴഞ്ഞാണ്‌ അനിതയെ ഉള്‍ക്കൊള്ളിച്ചത്‌ എന്നായിരുന്നു പരാതി. മലയാലപ്പുഴ ഡിവിഷനില്‍ നിന്ന്‌ ജില്ലാ പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്ന അനിതയ്‌ക്കെതിരേ നാട്ടുകാര്‍ ബോര്‍ഡും സ്‌ഥാപിച്ചിരുന്നു.
ജില്ലാ പഞ്ചായത്തംഗത്തെ കണ്ടവരുണ്ടോ? എന്ന അടിക്കുറിപ്പോടു കൂടിയുള്ള ബോര്‍ഡ്‌ മൈലപ്രയിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌. പട്ടികജാതി-യുവജന-വനിതാ പ്രാതിനിധ്യം എന്നു പറഞ്ഞാണ്‌ അനിതയെ ഡി.സി.സി പ്രസിഡന്റ്‌ ബാബു ജോര്‍ജ്‌ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചത്‌. ആദ്യം കോന്നിയിലേക്കായിരുന്നു അനിതയെ നിശ്‌ചയിച്ചത്‌. മുതിര്‍ന്ന നേതാവ്‌ മാത്യു കുളത്തുങ്കലിനെ വെട്ടി നിരത്തി അനിതയെ ഉള്‍ക്കൊള്ളിച്ചുവെന്ന്‌ മംഗളം വാര്‍ത്ത നല്‍കിയതോടെ പി.ജെ. കുര്യന്‍ ഇടപെട്ടു. ഇതോടെ കുളത്തുങ്കല്‍ പട്ടികയില്‍ തിരിച്ചു വന്നു. പകരം, പന്തളത്ത്‌ നിന്ന്‌ എന്‍.ജി. സുരേന്ദ്രന്‍ പുറത്തു പോകേണ്ടി വന്നു.

Ads by Google
Advertisement
Monday 30 Oct 2017 12.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW