Sunday, February 25, 2018 Last Updated 57 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 12.23 AM

അഴിമതികൃഷിക്ക്‌ നീക്കം; കശുമാവ്‌ നടാന്‍ ഒരു കോടി

uploads/news/2017/10/151405/1.jpg

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത്‌ മറ്റൊരു തട്ടിക്കൂട്ട്‌ പദ്ധതിയുമായി രംഗത്ത്‌. ജില്ലയിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും അറിവില്ലാത്ത കശുമാവ്‌ കൃഷി നടത്തി വമ്പന്‍ കൊള്ളയ്‌ക്കുള്ള നീക്കമാണ്‌ നടക്കുന്നത്‌. ഇതിനെതിരേ ഭരണപക്ഷത്തെ ചില അംഗങ്ങളും പ്രതിപക്ഷം ഒന്നടങ്കവും രംഗത്തു വന്നു. സൗരോര്‍ജ പാനലുകള്‍ സ്‌ഥാപിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതി ഒരു മൂലയിലേക്ക്‌ മാറ്റി വച്ചാണ്‌ കശുമാവ്‌ കൃഷി എന്ന തുഗ്ലക്ക്‌ പദ്ധതിയുമായി ഭരണ സമിതി രംഗത്തു വന്നിരിക്കുന്നത്‌.
ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയില്‍ വ്യക്‌തികള്‍ക്ക്‌ നേരിട്ട്‌ നല്‍കുന്നതിനുള്ള പദ്ധതികള്‍ വളരെ കുറവാണ്‌. 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ച കശുമാവ്‌ കൃഷി ഏറ്റെടുത്തിരിക്കുകയാണ്‌ ജില്ലാ പഞ്ചായത്ത്‌. ഇതാകുമ്പോള്‍ വ്യക്‌തികളിലൂടെ നടപ്പാക്കാം. ഇങ്ങനെ നടപ്പാക്കുമ്പോഴാണ്‌ വന്‍ അഴിമതിക്കുള്ള സാധ്യത അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌.
യു.ഡി.എഫ്‌ ഭരിച്ച കഴിഞ്ഞ ജില്ലാ പഞ്ചായത്ത്‌ ഭരണ സമിതിയില്‍ വമ്പന്‍ ക്രമക്കേടുകളാണ്‌ നടന്നത്‌. മധുരം തേന്‍, വികലാംഗര്‍ക്ക്‌ മുച്ചക്രവിതരണം, തെങ്ങ്‌ കര്‍ഷകര്‍ക്ക്‌ സൗജന്യ വളം വിതരണം, ഇ-ടോയ്‌ലറ്റ്‌, ജലവൈദ്യുതി പദ്ധതി എന്നിങ്ങനെ ഭരണകര്‍ത്താക്കളില്‍ ചിലര്‍ അടിച്ചു മാറ്റിയത്‌ കോടികളാണ്‌.
തുടങ്ങി വച്ച ഈ പദ്ധതികള്‍ ഒന്നും ലക്ഷ്യത്തില്‍ എത്തിയില്ലെങ്കിലും അതിന്‌ വകയിരുത്തിയ തുക മുഴുവന്‍ ചെലവഴിച്ചിരുന്നു.
കഴിഞ്ഞ ഭരണസമിതി നിര്‍ത്തിയിടത്തു നിന്നാണ്‌ നിലവിലുള്ള ഭരണ സമിതി അഴിമതി കൃഷി തുടങ്ങുന്നത്‌ എന്നാണ്‌ ആരോപണം.
2017-18 വാര്‍ഷിക പദ്ധതിക്ക്‌ അംഗീകാരം നേടിയ മെയ്‌ 30 ന്‌ കശുമാവ്‌ കൃഷി എന്നൊരു പദ്ധതിക്ക്‌ അംഗീകാരം കിട്ടിയിരുന്നില്ല. എന്നാല്‍, ഒരു മാസം മുന്‍പ്‌ സ്‌ഥലം മാറിപ്പോയ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അവസാനമായി പങ്കെടുത്ത ജില്ലാ പഞ്ചായത്ത്‌ യോഗത്തിലാണ്‌ കശുമാവിന്‍ തൈ വിതരണത്തിന്‌ പുതിയ പദ്ധതി തീരുമാനിച്ചത്‌.
ജില്ലാ പഞ്ചായത്തിന്‌ കൈമാറിക്കിട്ടിയ സ്‌ഥാപനങ്ങളായ സ്‌കൂള്‍, ആശുപത്രി എന്നിവിടങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്‌ഥാപിച്ച്‌ സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്നതിനും അവിടെ ആവശ്യമുള്ളതിന്റെ ബാക്കി വൈദ്യുതി വകുപ്പിന്‌ കൈമാറുന്നതിനുമുള്ള പദ്ധതിക്ക്‌ മെയ്‌ 30 ന്‌ അംഗീകാരം നേടിയിരുന്നു.
ഇത്‌ ഉടന്‍ ആരംഭിക്കേണ്ടെന്നും തല്‍ക്കാലം കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ മാത്രം ആരംഭിച്ചാല്‍ മതിയെന്നും അന്ന്‌ തീരുമാനിച്ചു. ഈ പദ്ധതിക്ക്‌ അനുവദിച്ച തുക വകമാറ്റിയാണ്‌ ഇപ്പോള്‍ കശുമാവ്‌ കൃഷിക്ക്‌ ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌.
ഇതിനായി വകയിരുത്തിയതാകട്ടെ ഒരു കോടി രൂപയും.
സൗരോര്‍ജ പദ്ധതി ജില്ലാ പഞ്ചായത്തിന്‌ ഒരു വരുമാനമാകുമെന്നിരിക്കേ അതിന്‌ മാറ്റി വച്ച തുക വകമാറ്റി ചെലവഴിക്കുന്നത്‌ ശരിയല്ലെന്ന്‌ അംഗങ്ങള്‍ ജില്ലാ പഞ്ചായത്ത്‌ യോഗത്തില്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ്‌ പേരിന്‌ മാത്രമായി പദ്ധതി നടപ്പാക്കാമെന്ന്‌ പറഞ്ഞത്‌.
അംഗീകാരം ലഭിച്ച ഈ പദ്ധതിയില്‍ വലിയ മാറ്റം വരുത്തിയാണ്‌ കശുമാവിന്‍ തൈ വിതരണമാക്കി മാറ്റിയത്‌. ഇതിന്‌ പറയുന്ന കാരണം സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നാണ്‌. സര്‍ക്കാര്‍ ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്‌ കശുവണ്ടി തൊഴിലാളികള്‍ക്ക്‌ വേണ്ടിയാണ്‌. പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായത്തിന്‌ സഹായകമാകുമെന്ന കണക്കു കൂട്ടിലിലാണ്‌ സര്‍ക്കാര്‍ പദ്ധതിക്ക്‌ നിര്‍ദേശം നല്‍കിയത്‌.
അതിന്‌ ഏറെ കടമ്പകള്‍ ഉണ്ടു താനും. ഒന്നുകില്‍ തൈ സ്വയം ഉല്‍പാദിപ്പിക്കണം അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന്‌ വാങ്ങണം. നിലവില്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയും കശുമാവിന്‍ തൈ ഉല്‍പാദിപ്പിക്കുന്നില്ല. അതേസമയം, സ്വകാര്യ മേഖലയില്‍ ഉണ്ടു താനും. ഇവിടെ നിന്ന്‌ തൈ മേടിക്കാനുള്ള നീക്കം വമ്പന്‍ അഴിമതിക്ക്‌ കളമൊരുക്കും.
മഴക്കാലത്താണ്‌ കശുമാവ്‌ നടേണ്ടത്‌. ഇപ്പോള്‍ മഴക്കാലം കഴിഞ്ഞു. തൈ നട്ടാലും അത്‌ വളര്‍ന്ന്‌ പൂവിട്ട്‌ കായ്‌ ഉണ്ടാകമെങ്കില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ വേണ്ടി വരും. അത്രയും കാലം തൈകള്‍ക്ക്‌ സുരക്ഷയൊരുക്കേണ്ടതുണ്ട്‌. അതിന്‌ ആര്‌ തയാറാകുമെന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്‌.
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറാണ്‌ നിര്‍വഹണ ഉദ്യോഗസ്‌ഥന്‍. സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ നിന്ന്‌ തൈകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ച്‌ സ്വകാര്യ മേഖലയില്‍ നിന്ന്‌ തൈ വാങ്ങേണ്ടി വരുമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.
തൈ വാങ്ങുന്ന കാര്യത്തിലാകും അഴിമതി നടക്കാന്‍ പോകുന്നതെന്ന്‌ ഇടതുപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു.
രണ്ടുമാസം മുമ്പാണ്‌ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്‌. അന്ന്‌ തന്നെ ശ്രമിച്ചിരുന്നുവെങ്കില്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള അടൂര്‍, പുല്ലാട്‌ സീഡ്‌ ഫാമുകളില്‍ തൈ ഉല്‍പാദിപ്പിക്കാന്‍ കഴിയുമായിരുന്നു. ആറു മാസം കൊണ്ട്‌ വിതരണത്തിന്‌ തൈകള്‍ തയാറാകുമായിരുന്നു.
അടുത്ത പരിസ്‌ഥിതി ദിനത്തില്‍ നടേണ്ട വൃക്ഷത്തൈകള്‍ ഗ്രാമപഞ്ചായത്തുകളില്‍ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഉല്‍പാദിപ്പിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഇതേ മാതൃകയില്‍ കശുമാവിന്‍ തൈകളും നട്ടുവളര്‍ത്താന്‍ കഴിയുമായിരുന്നുവെന്ന്‌ ഇടതുപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.ഭരണപക്ഷത്ത്‌ നിന്നുള്ള വികസന കാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എലിസബത്ത്‌ അബു സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നല്ലാതെ തൈ വാങ്ങുന്നത്‌ എതിര്‍ത്തിരുന്നു. പുളിക്കീഴ്‌ ബ്ലോക്കില്‍ 20 വര്‍ഷം മുന്‍പ്‌ നട്ടുപിടിപ്പിച്ച കശുമാവിന്‍ തൈകള്‍ ഇതുവരെ കായ്‌ഫലം തന്നിട്ടില്ലെന്ന്‌ മറ്റൊരു ഭരണപക്ഷ അംഗം സാം ഈപ്പനും ചൂണ്ടിക്കാട്ടി. ഇടതു പക്ഷ അംഗങ്ങളായ ആര്‍.ബി. രാജീവ്‌കുമാര്‍, എസ്‌.വി. സുബിന്‍, കെ.ബി. മുരുകേശ്‌ എന്നിവരും അഴിമതിയില്ലാതെ പദ്ധതി നടപ്പാക്കണമെന്ന്‌ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Monday 02 Oct 2017 12.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW