Wednesday, June 20, 2018 Last Updated 40 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.34 AM

വീഥികള്‍ നിറഞ്ഞ്‌ ഉണ്ണിക്കണ്ണന്മാര്‍

uploads/news/2017/09/145444/2.jpg

തൃശൂര്‍: നിരത്തിലെമ്പാടും ഗോപികമാര്‍ ചുവടുവെച്ചു. വെണ്ണക്കണ്ണന്മാര്‍ മനം നിറഞ്ഞു നടന്നു. പൂരനഗരിയെ അമ്പാടിയാക്കി ഇന്നലെ സന്ധ്യയ്‌ക്ക് സ്വരാജ്‌റൗണ്ടിന്റെ രാജവീഥികളില്‍ ചേതോഹരമായ ശോഭായാത്ര. കൃഷ്‌ണനും രാധമാരും അവതരിപ്പിച്ച മനോഹരമായ ഗോപീനൃത്തവും ആസ്വാദ്യകരമായി.
പതിനായിരങ്ങള്‍ ഭക്‌തിയുടെയും സൗന്ദര്യത്തിന്റെയും പീലിത്തുണ്ടുകളായി പറന്നുനടന്നപ്പോള്‍ പുരാണകഥകളിലെ ഇതിഹാസദൃശ്യങ്ങള്‍ക്കിതള്‍ വിടര്‍ന്നു. അധര്‍മത്തിന്റെ കോട്ടകളില്‍ ധാര്‍മ്മികതയുടെ കൊടി പറപ്പിച്ച കാര്‍വര്‍ണന്റെ ജന്‍മദിനാഘോഷം സാംസ്‌കാരികനഗരിയുടെ മനംനിറച്ചു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശ്രീകൃഷ്‌ണജയന്തിയോടനുബന്ധിച്ച്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ്‌ ഉണ്ണിക്കണ്ണന്മാരെത്തിയത്‌.
കൃഷ്‌ണഗാഥകളുടെ അപദാനം പാടിപ്പുകഴ്‌ത്തുന്ന ഫ്‌ളോട്ടുകള്‍ ധാരാളമുണ്ടായി. എല്‍.ഇ.ഡി സംവിധാത്തോടുകൂടിയ പ്ലോട്ടുകളാണ്‌ ഇക്കുറി ശോഭായാത്രയില്‍ നിരന്നത്‌്. കാളിയ മര്‍ദ്ദനവും, കുരുക്ഷേത്ര യുദ്ധവും, വെണ്ണകട്ടോടുന്ന ഉണ്ണിക്കണ്ണനും, ആലിലയില്‍ വിരിഞ്ഞ ഉണ്ണികണ്ണന്മാരും കംസനും കൃഷ്‌ണനും തമ്മിലുള്ള യുദ്ധവും കൃഷ്‌ണനും രാധയുമെല്ലാം നിറഞ്ഞു. സുദര്‍ശനചക്രം ഏന്തിയ കൃഷ്‌ണന്റെ രൂപം തുടങ്ങി ഗുരുവായൂര്‍ ശ്രീലകത്ത്‌ നിന്ന്‌ പുറത്തേക്ക്‌ എഴുന്നള്ളുന്ന കണ്ണനെ വരെ പ്ലോട്ടുകളില്‍ അവതരിപ്പിച്ചു.
മഹാശോഭായാത്ര മേജര്‍ വിവേകാനന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു. ഭഗിനി പ്രമുഖ്‌ ഡോ.ആശ ഗോപാലകൃഷ്‌ണന്‍ സംസാരിച്ചു. തുടര്‍ന്നാണ്‌ ഘോഷയാത്ര ആരംഭിച്ചത്‌. കൈക്കുഞ്ഞുങ്ങള്‍ പോലും കൃഷ്‌ണവേഷത്തില്‍ അണിനിരന്നു. മഞ്ഞചേലയുടുത്ത്‌, മയില്‍പ്പീലി കിരീടം ചാര്‍ത്തി, പൂമാലയിട്ട്‌ നിരന്ന ഉണ്ണികളെ കണ്‍കുളിര്‍ക്കെ കാണാന്‍ ജനം ആര്‍ത്തലച്ചുവന്നു.
അമ്മമാരുടെ കണ്ണുവെട്ടിച്ച്‌ കണ്ണന്‍മാര്‍ കുഞ്ഞിക്കുറുമ്പുകള്‍ കാട്ടിയത്‌ കൗതുകമായി. പലരും ആവശ്യത്തിലധികം വേഗത്തില്‍ റോഡിലൂടെ ഓടി നടന്നു. മാതാപിതാക്കളുടെ കൈപിടിച്ചും തോളിലേറിയും കുട്ടിക്കുറുമ്പന്മാര്‍ ബാലലീലകളാല്‍ നഗരത്തെ ഇളക്കിമറിച്ചു. ചിലര്‍ മാലകള്‍ ഊരിയെറിഞ്ഞു. ചിലര്‍ മയില്‍പീലി വലിച്ചെറിഞ്ഞു. ഭജനസംഘങ്ങളും ഘോഷയാത്രയെ അനുഗമിച്ചു.
നെട്ടിശേരി, മുക്കാട്ടുകര, നെല്ലങ്കര, രാജര്‍ഷി, പൂങ്കുന്നം, ചെമ്പുക്കാവ്‌, അഞ്ചേരി, കുട്ടനെല്ലൂര്‍, കണ്ണംകുളങ്ങര, പുല്ലഴി, തൃക്കുമാരം കുടം, നെല്ലിക്കുന്ന്‌ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ എത്തിയ ശോഭായാത്ര സംഘങ്ങള്‍ പാറമേക്കാവ്‌ ക്ഷേത്രത്തിന്‌ മുമ്പില്‍ സംഗമിച്ച്‌ വൈകീട്ട്‌ അഞ്ച്‌ മണിയോടുകൂടിയാണ്‌ മഹാശോഭായാത്ര ആരംഭിച്ചത്‌.
സംഘങ്ങള്‍ നായ്‌ക്കനാലില്‍ പ്രദക്ഷിണം അവസാനിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശോഭായാത്രകള്‍ നടന്നു. ഇന്നലെ രാവിലെ മുതല്‍ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.

പാലക്കാട്‌: ശ്രീകൃഷ്‌ണജയന്തി മഹാ ശോഭായാത്രകള്‍ കടന്നു പോയ വീഥികളില്‍ ഉണ്ണിക്കണ്ണന്മാര്‍ നിറഞ്ഞു. ശോഭായാത്രകള്‍ക്ക്‌ പഞ്ചവാദ്യം, മേളം, രാധാ കൃഷ്‌ണ വേഷങ്ങള്‍, നാമജപ ഘോഷയാത്ര എന്നിവ അകമ്പടിയായി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുതാലൂക്കുകളിലായി 362 സ്‌ഥലങ്ങളില്‍ നിന്നാണ്‌ ശോഭായാത്രകള്‍ അണിനിരന്നത്‌. നഗരത്തില്‍ കാവില്‍പ്പാട്‌, ഒലവക്കോട്‌,കല്‍പ്പാത്തി, പുത്തൂര്‍, താരേക്കാട്‌, മണില, മാങ്കാവ്‌,ചന്ദ്രനഗര്‍, മണപ്പുള്ളിക്കാവ്‌, കുന്നത്തൂര്‍മേട്‌,കല്ലേക്കാട്‌, നൂറണി, കൈകുത്തുപറമ്പ്‌, തിരുനെല്ലായ്‌, വിശ്വകര്‍മ്മ, കണ്ണകി, കേശവനഗര്‍, ശ്രീരാംപാളയം, എല്‍പിമഠം, കറുകോടി, കിഴക്കുംപുറം, വടക്കന്തറ, പട്ടിക്കര എന്നിവിടങ്ങളില്‍ നിന്ന്‌ ശോഭായാത്രകള്‍ ആരംഭിച്ച്‌ താരേക്കാട്‌ സിംഹനാദ ഭഗവതിക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
തുടര്‍ന്ന്‌ നടന്ന സാംസ്‌ക്കാരിക സമ്മേളനം വികേ്‌ടാറിയ കോളജ്‌ റിട്ട. പ്രിന്‍സിപ്പല്‍ ഡോ.പി. മുരളി ഉദ്‌ഘാടനം ചെയ്‌തു. ഭഗവദ്‌ഗീത ജീവിതത്തിന്റെ ഏറ്റവും വലിയ സാക്ഷാത്‌ക്കാരമാണെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം സംസ്‌ഥാന അധ്യക്ഷന്‍ കെ.പി.ബാബുരാജ്‌ ശ്രീകൃഷ്‌ണസന്ദേശം നല്‍കി. നഗരസഭാചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അന്താരാഷ്ര്‌ട ശ്രീകൃഷ്‌ണ കേന്ദ്രം നിധി സമര്‍പ്പണവും മഹാശോഭായാത്ര ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. സ്വാഗതസംഘം അധ്യക്ഷന്‍ പ്ര?ഫ.ഇ.ഗോപീകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ കെ.കേശവനുണ്ണി, ആര്‍എസ്‌എസ്‌ വിഭാഗ്‌ സംഘചാലക്‌ വി.കെ.സോമസുന്ദരന്‍, ബാലഗോകുലം ജില്ലാ കാര്യദര്‍ശി ബാലസുബ്രഹ്‌മണ്യന്‍, ഉപാധ്യക്ഷന്‍ സി.കരുണാകരന്‍, ട്രഷറര്‍ വി.പി.വേണുഗോപാല മേനോന്‍, കെ.മുരളീകൃഷ്‌ണന്‍ സംസാരിച്ചു. തുടര്‍ന്ന്‌ ശോഭായാത്ര മേല്‍പ്പാലം, ജിബിറോഡ്‌, കോര്‍ട്ട്‌റോഡ്‌, ടൗണ്‍ഹാള്‍ വഴി കോട്ട ഹനുമാന്‍ക്ഷേത്രത്തില്‍ സമാപിച്ചു.

ഗുരുവായൂര്‍: ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ സുദിനം ഗുരുവായൂര്‍ ക്ഷേത്രനഗരിയെ അമ്പാടിയാക്കി. കൃഷ്‌ണ വേഷമിട്ട്‌ ഭക്‌തിയുടെ രാസലീലകളില്‍ ആറാടിച്ച്‌ നൂറുകണക്കിന്‌ ഉണ്ണിക്കണ്ണന്മാരും ഗോപികാഗോപന്മാരും നഗരിയെ വര്‍ണനാതീതമാക്കി. ഗുരുവായൂര്‍ നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ ആയിരങ്ങളാണ്‌ അണിനിരന്നത്‌. രാവിലെ മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍നിന്നാരംഭിച്ച ഘോഷയാത്ര നഗരംചുറ്റി പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സമാപിച്ചു. ഗോപികാനൃത്തത്തോടെ ഉറിയുടച്ചാണ്‌ ഘോഷയാത്ര ആരംഭിച്ചത്‌. ദേവീദേവന്മാരുടെ തിടമ്പ്‌ എഴുന്നള്ളിച്ച ജീവത മമ്മിയൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി എഴുന്നള്ളിച്ചു. നഗര വീഥികളില്‍ അലങ്കരിച്ച്‌ കെട്ടിത്തൂക്കിയ ഉറികള്‍ രാധാ -കൃഷ്‌ണ വേഷമണിഞ്ഞ കുട്ടികള്‍ നൃത്തച്ചുവടുകളോടെ അടിച്ചുടച്ചാണ്‌ നീങ്ങിയത്‌. വാശിയേറിയ ഉറിയടിയില്‍ താഴെവീഴുന്ന അപ്പം പെറുക്കി കൂട്ടാന്‍ ഉണ്ണിക്കണ്ണന്മാര്‍ തിക്കിത്തിരക്കി. ഘോഷയാത്രയിലുടനീളം ഭക്‌തര്‍ക്ക്‌ അപ്പം വിതരണംചെയ്‌തു. പെരുന്തട്ട ശിവകൃഷ്‌ണ ഭക്‌തസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ഉറിയടിയുമായാണ്‌ ഘോഷയാത്ര നടത്തിയത്‌. പെരുന്തട്ട മഹാദേവക്ഷേത്രത്തില്‍നിന്നാരംഭിച്ച ഘോഷയാത്ര നഗരംചുറ്റി ഗുരുവായൂര്‍ ക്ഷേത്രനടയില്‍ സമാപിച്ചു.

Ads by Google
Advertisement
Wednesday 13 Sep 2017 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW