Wednesday, October 18, 2017 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.49 AM

പോലീസിനു മണ്ണിനോടും മൈത്രി കതിരിട്ടു

uploads/news/2017/08/136483/1.jpg

മല്ലപ്പള്ളി: കതിരിട്ടു നില്‍ക്കുന്ന നെല്ല്‌, നിറയെ കായ്‌ച്ചു നില്‍ക്കുന്ന തക്കാളി, തഴച്ചു വളരുന്ന ചീര, കീടാണു തൊടാത്ത വെണ്ടയ്‌ക്ക... പെരുമ്പെട്ടി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ കയറിച്ചെല്ലുന്നവര്‍ വളപ്പിലെ കൃഷി കണ്ട്‌ ഒന്നമ്പരക്കും. 15 സെന്റ്‌ സ്‌ഥലത്ത്‌ വളര്‍ന്ന്‌ പടര്‍ന്ന്‌ നില്‍ക്കുകയാണ്‌ വിവിധ തരം പച്ചക്കറികള്‍.
കാക്കിയിട്ടു കേസ്‌ അന്വേഷിക്കാന്‍ മാത്രമല്ല, ഇങ്ങനെ കൃഷി ചെയ്യാനും അറിയാം എന്ന്‌ തെളിയിക്കുകയാണ്‌ എസ്‌.ഐ. സി.ടി. സഞ്‌ജയ്‌, സി.പി.ഒമാരായ മനു, സുഭാഷ്‌, കൃഷ്‌ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പെരുമ്പെട്ടിയിലെ പോലീസുകാര്‍.
സ്‌റ്റേഷനുംഇവിടുത്തെ പോലീസുകാര്‍ക്കും ഭീഷണി ഉയര്‍ത്തി നിന്നിരുന്ന പഴയ ക്വാര്‍ട്ടേഴ്‌സ്‌ പൊളിച്ചു നീക്കിയ സ്‌ഥലത്താണ്‌ ഇപ്പോള്‍ കൃഷിയിറക്കിയിരിക്കുന്നത്‌. കൊറ്റനാട്‌ പഞ്ചായത്ത്‌ രണ്ടാം വാര്‍ഡില്‍ 54 സെന്റ്‌ വസ്‌തുവാണ്‌ സ്‌റ്റേഷന്‌ ആകെയുള്ളത്‌. ഇവിടെ ആദ്യം പോലീസ്‌ ഔട്ട്‌ പോസ്‌റ്റാണുണ്ടായിരുന്നത്‌. 1990 ല്‍ ഇവിടെ പുതിയ പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടം പണിതതോടെ ഔട്ട്‌ പോസ്‌റ്റിന്റെയും രണ്ടുക്വാര്‍ട്ടേഴ്‌സിന്റെയും കെട്ടിടങ്ങള്‍ ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. കാടും പടര്‍പ്പും കയറി കെട്ടിടം മൂടി. മരപ്പട്ടി, പാമ്പ്‌, എലി എന്നിവ ഇതിനുള്ളില്‍ തമ്പടിക്കാന്‍ തുടങ്ങിയതോടെ ഇത്‌ പൊളിച്ചു കളയണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാരും പോലീസുകാരും പല തവണ നിവേദനം നല്‍കി. ഒടുവില്‍, രണ്ടു വര്‍ഷം മുന്‍പ്‌ കെട്ടിടം പൊളിച്ചു നീക്കാന്‍ അനുമതിയായി.
ഒരു കെട്ടിടത്തിന്‌ 6000 രൂപ ക്രമത്തില്‍ പൊതുമരാമത്ത്‌ കെട്ടിട വിഭാഗം ക്വാര്‍ട്ടേഴ്‌സിന്‌ വിലയിട്ടു. കെട്ടിടത്തിന്റെ ഭാഗങ്ങള്‍ അടര്‍ന്നു വീഴാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന്‌ കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട്‌ വീണ്ടും എസ്‌.പിക്ക്‌ റിപ്പോര്‍ട്ട്‌ അയച്ചു. കെട്ടിടം പൊളിച്ചു നീക്കാന്‍ എസ്‌.ഐക്ക്‌ ജില്ലാ പോലീസ്‌ മേധാവി നിര്‍ദേശം നല്‍കി.
കുണ്ടും കുഴിയുമായി കിടന്ന ഭാഗം ജെ.സി.ബി ഉപയോഗിച്ച്‌ നിരപ്പാക്കിയെടുത്താണ്‌ കൃഷിയിറക്കാന്‍ തീരുമാനിച്ചത്‌. കാടു പിടിച്ച്‌ കിടക്കുന്ന ഓഫീസ്‌ വളപ്പുകളില്‍ ജൈവപച്ചക്കറി കൃഷി ചെയ്യുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടാണ്‌ കൃഷി ഇറക്കാന്‍ തീരുമാനിച്ചതെന്ന്‌ എസ്‌.ഐ. സഞ്‌ജയ്‌ പറഞ്ഞു.
കൊറ്റനാട്‌ കൃഷി ഭവന്റെ സഹായം കൂടിയായതോടെ സ്‌റ്റേഷന്‍ വളപ്പില്‍ കൃഷിക്ക്‌ അരങ്ങൊരുങ്ങി. രാജു ഏബ്രഹാം എം.എല്‍.എയാണ്‌ പച്ചക്കറി കൃഷി ഉദ്‌ഘാടനം ചെയ്‌തത്‌.
വിത്തും വളവും കൃഷി ഭവനില്‍ നിന്ന്‌ നല്‍കി. പുറമേ 4000 രൂപ ഗ്രാന്റും. പോലീസുകാര്‍ക്കിടയില്‍ കൃഷിയോട്‌ താല്‍പര്യമുള്ള മൂന്നുപേര്‍ മുന്‍കൈയെടുത്തപ്പോള്‍ പ്രോട്ടോക്കോള്‍ നോക്കാതെ മുഴുവന്‍ ഉദ്യോഗസ്‌ഥരും പങ്കു ചേര്‍ന്നു.
12-85 ഇനം നെല്‍വിത്താണ്‌ ഉപയോഗിച്ചത്‌. കരയില്‍ 110 ദിവസം കൊണ്ട്‌ ഇതിന്റെ വിളവെടുക്കാന്‍ കഴിയും. 30 പോലീസുകാരാണ്‌ സ്‌റ്റേഷനിലുള്ളത്‌. ഇവര്‍ക്ക്‌ ഓണസദ്യയുണ്ണാനുള്ള പച്ചക്കറി മുഴുവന്‍ ഇവിടെ നിന്ന്‌ ലഭിക്കുമെന്ന്‌ എസ്‌.ഐ പറഞ്ഞു.

Ads by Google
Advertisement
Sunday 13 Aug 2017 12.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW