Thursday, June 21, 2018 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.57 AM

അസൗകര്യങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടി മുക്കം കെ. എസ്‌. ഇ. ബി. ഓഫീസ്‌

uploads/news/2017/07/131403/1kd.jpg

മുക്കം: ചെറിയൊരു മഴ പെയ്‌താല്‍ കറന്റ്‌ പോകും. നന്നാക്കാന്‍ കെ എസ്‌ ഇ ബി മുക്കം സെക്ഷന്‍ ഓഫീസിലേക്ക്‌ വിളിച്ചാല്‍ ജീവനക്കാരില്ലെന്നും അല്‍പ്പം വൈകുമെന്നും മറുപടി. വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കാന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ കഴിയും.
സെക്ഷനില്‍ ആവശ്യത്തിന്‌ ജീവനാക്കാരും ഉപകരണങ്ങളും ഇല്ലാത്തതാണ്‌ ഈ മെല്ലെപ്പോക്കിന്‌ കാരണം. വാഹനങ്ങള്‍ നിര്‍ത്തിയിടാനോ ജോലികഴിഞ്ഞെത്തുന്ന ജീവനക്കാര്‍ക്ക്‌ വിശ്രമിക്കാനോ ഓഫീസില്‍ മതിയായ സൗകര്യമില്ല. കൈവശമുള്ള ഉപകരണങ്ങളും വൈദ്യുതലൈന്‍ കമ്പികളും സൂക്ഷിക്കുന്നത്‌ ബൈപ്പാസ്‌ റോഡരികിലാണ്‌. ഉപഭോക്‌താക്കള്‍ ബില്ലടയ്‌ക്കാന്‍ വരി നില്‍ക്കുന്നത്‌ ഇതേ റോഡരികില്‍ തന്നെ. സെക്ഷന്‍ ഓഫീസില്‍ കുറവില്ലാത്തത്‌ നിലയ്‌ക്കാതെ നിലവിളിക്കുന്ന ഫോണ്‍വിളിക്ക്‌ മാത്രം. അതെടുക്കുമ്പോഴാണെങ്കില്‍ പരാതികളുടെ പ്രളയവും.
മുക്കം കെ എസ്‌ ഇ ബി സെക്ഷന്‍ ഓഫീസ്‌ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്‌ വാടക കെട്ടിടത്തിലാണ്‌. സ്വന്തമായൊരു കെട്ടിടമെന്നത്‌ വെറുമൊരു സ്വപ്‌നമായി ഇന്നും നിലനില്‍ക്കുന്നു. മുക്കം നഗരസഭയും, കാരശ്ശേരി - തിരുവമ്പാടി പഞ്ചായത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന സെക്ഷന്റെ പരിധിയില്‍ 20000 ഓളം കണക്ഷനുകളാണുള്ളത്‌. ഏകദേശം 100 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വിവിധ വൈദ്യുതി ലൈനുകളും.
ഇത്രയും ഉപഭോക്‌താക്കള്‍ക്കിടയില്‍ നിന്നും വരുന്ന പരാതികള്‍ പരിഹരിക്കാന്‍ ആകെയുള്ളത്‌ 10 ലൈന്‍മാന്‍മാരും 6 വര്‍ക്കര്‍മാരും 4 ഓവര്‍സിയര്‍മാരും മാത്രം. ഇവരില്‍ രണ്ട്‌ ലൈന്‍മാന്‍മാര്‍ വൈദ്യുതി ബില്ലടയ്‌ക്കാത്ത കെട്ടിടങ്ങളുടെ ഫ്യൂസ്‌ അഴിച്ചുമാറ്റാന്‍ പോകും. ഒരാള്‍ ബില്ലിംഗ്‌ സ്‌റ്റാഫ്‌ ഇല്ലാത്തതിനാല്‍ ബില്‍ സെക്ഷന്‍ കൈകാര്യം ചെയ്ും. രണ്ടോ മൂന്നോ ലൈന്‍യമാന്‍മാര്‍ രാത്രി ഡ്യൂട്ടിയുള്ളവരായിരിക്കും. പകല്‍ സമയങ്ങളില്‍ ഓഫീസില്‍ ഉണ്ടാവുക വെറും നാല്‌ ലൈന്‍മാന്‍മാര്‍ മാത്രം!
12 ലൈന്‍മാന്‍മാര്‍ വേണ്ടിടത്ത്‌ 9 പേരും 6 ഓവര്‍സിയര്‍മാര്‍ വേണ്ട യിടത്ത്‌ 4 പേരുമാണുള്ളത്‌. വൈദ്യുതി ബില്‍ അടയ്‌ക്കാനെത്തുന്ന ഉപഭോക്‌താക്കള്‍ വരി നില്‍ക്കുന്നത്‌ മുക്കം - വെസ്‌റ്റ് മാമ്പറ്റ ബൈപ്പാസ്‌ റോഡരികിലാണ്‌. കനത്ത വെയിലും മഴയുമേറ്റാണ്‌ ഇവര്‍ പലപ്പോഴും ബില്ലടയ്‌ക്കുക. വരി നില്‍ക്കുന്നിടത്ത്‌ ഷീറ്റോ മറ്റു മേല്‍ക്കൂരകളോ ഇല്ല.
സംസ്‌ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി വിജയകരമായി നടപ്പാക്കിയതും ഇവര്‍ക്ക്‌ തിരിച്ചടിയായി. പദ്ധതി നടപ്പാക്കി തീരുന്നതിനൊപ്പം സെക്ഷനിലെ മെറ്റീരിയലുകളും തീര്‍ന്നു. പദ്ധതിയുമായി ബന്ധപ്പെട്ട്‌ 400 ഓളം പുതിയ കണക്ഷനുകളാണ്‌ മുക്കം സെക്ഷന്‍ നല്‍കിയത്‌. രണ്ട്‌ മാസത്തിനിടെയാണ്‌ ഇത്രയും കണക്ഷന്‍ നല്‍കിയത്‌. കണക്ഷനുകള്‍ നല്‍കി പദ്ധതി വിജയിപ്പിച്ചെങ്കിലും ഇതോടെയുണ്ടായ മെറ്റീരിയലിന്റെ കുറവ്‌ നികത്താന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ്‌ നിരവധി വൈദ്യുത പോസ്‌റ്റുകളും ലൈനുകളും നിലംപൊത്തി വൈദ്യുത വിതരണം താറുമാറായിരുന്നു. ഇതേ തുടര്‍ന്ന്‌ കഴിഞ്ഞ ബുധനാഴ്‌ച മാത്രം 500 ലധികം പരാതികളാണ്‌ ലഭിച്ചത്‌. അന്ന്‌ ഡ്യൂട്ടിയിലുണ്ടായിരുന്നത്‌ വെറും നാല്‌ ലൈന്‍മാന്‍മാത്രവും. അതായത്‌ ആ ഒരു ദിവസം ഒരാള്‍ പരിഹരിച്ചത്‌ ശരാശരി 100 പരാതികളിലേറെ പരാതികള്‍. ഇങ്ങനെയെല്ലാം ഓടിനടന്ന്‌ പണിയെടുത്തിട്ടും ഒടുവില്‍ പൊതുജനങ്ങളില്‍ നിന്നും കേള്‍ക്കുന്നത്‌ കെ എസ്‌ ഇ ബി ജീവനക്കാര്‍ മടിയന്മാരെന്ന വാക്കുകള്‍ മാത്രമെന്ന്‌ ജീവനക്കാര്‍ പറയുന്നു. സെക്ഷനിലെ ജീവനക്കാരുടെ കുറവ്‌ നികത്തണമെന്നും കുറച്ചു കൂടി സൗകര്യങ്ങളുള്ള ഒരു കെട്ടിടം ലഭ്യമാക്കണമെന്നും ഇവര്‍ പറയുന്നു.

Ads by Google
Advertisement
Friday 28 Jul 2017 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW