Saturday, November 25, 2017 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.20 AM

റേഷന്‍ കടകളില്‍ വ്യാപക ക്രമക്കേട്‌

uploads/news/2017/07/131337/1kg.jpg

കോട്ടയം: റേഷന്‍ കടയില്‍നിന്ന്‌ അരിയും ഗോതമ്പും പഞ്ചസാരയും നല്‍കിയെന്ന്‌ ബില്‍, കാര്‍ഡുടമയ്‌ക്ക്‌ കിട്ടിയത്‌ അരി മാത്രം.
വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണു കാഞ്ഞിരപ്പള്ളിയിലെ ഒരു റേഷന്‍ കടയില്‍നിന്നു ബില്ലിലെ കൃത്രിമം കണ്ടെത്തിയത്‌. പൊതുവിതരണ കേന്ദ്രങ്ങളില്‍ ക്രമക്കേടുകള്‍ നടക്കുന്നതായ പരാതിയെത്തുടര്‍ന്നു സംസ്‌ഥാനവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണു താലൂക്ക്‌ സപ്ലൈ ഓഫീസുകളിലും റേഷന്‍ കടകളിലും വിജിലന്‍സ്‌ സംഘം റെയ്‌ഡിനെത്തിയത്‌.
പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം, ചിങ്ങവനം എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. പലയിടങ്ങളിലും നാള്‍വഴികള്‍ കൃത്യമായി ഏഴുതി സൂക്ഷിക്കുന്നില്ലെന്നും അളവില്‍ പറയുന്ന സാധനങ്ങള്‍ നല്‍കുന്നില്ലെന്നും കണ്ടെത്തി. ചിങ്ങവനം എഫ്‌.സി.ഐ ഗോഡൗണിലും പരിശോധന നടത്തിയിരുന്നു.
റേഷന്‍ കടകളില്‍ പരിശോധന കൃത്യമായി നടക്കുന്നില്ല. ചില കടകളില്‍ റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ എത്തിയിട്ട്‌ മാസങ്ങളായെന്നും അന്വേഷണത്തില്‍ വ്യക്‌തമായി.
വകുപ്പിന്റെ സീല്‍ ഇല്ലാത്ത ബില്‍ ബുക്കുകള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി. പല കടകളിലും സര്‍ക്കാര്‍ നിര്‍ദേശിച്ച അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നില്ല, എഫ്‌.സി.ഐയില്‍ നിന്നുള്ള അരിയുടെ സാമ്പിളുകള്‍ സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്‌ഥര്‍ കൃത്യമായി എടുത്ത്‌ സൂക്ഷിക്കുന്നില്ലെന്നും പരിശോധന നടത്തിയ വിജിലന്‍സ്‌സംഘം പറഞ്ഞു. ചിലയിടങ്ങളില്‍ ചെള്ള്‌ അടക്കമുള്ളവ അരിയിലുള്ളതായും സ്‌റ്റോക്കില്‍ കുറവുള്ളതായും കണ്ടെത്തി. പലയിടങ്ങളിലും കണക്കുകള്‍ ബുക്കുകള്‍ കൃത്യമല്ല. കഴിഞ്ഞ ദിവസങ്ങളിലെ കണക്ക്‌ മിക്ക കടക്കാരും ബുക്കുകളില്‍ രേഖപ്പെടുത്തിയിട്ടില്ല.
വിലവിവരപ്പട്ടിക പൊതുജനങ്ങള്‍ക്ക്‌ കൃത്യമായി കാണത്തക്ക വിധമല്ല സജ്‌ജീകരിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിരിക്കുന്നത്‌. വൈക്കം താലൂക്ക്‌ സപ്ലൈ ഓഫീസില്‍ സീറ്റില്‍ ഇല്ലാതിരുന്ന ഒരു ഉദ്യോഗസ്‌ഥന്‍ അവധി രേഖപ്പെടുത്തിയിരുന്നില്ല. കടകള്‍ പരിശോധിക്കാന്‍ പോയെന്നാണ്‌ സഹപ്രവര്‍ത്തകര്‍ അറിയിച്ചത്‌. എന്നാല്‍, വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഇത്‌ തെറ്റാണെന്ന്‌ തെളിഞ്ഞു.
ചിങ്ങവനം എഫ്‌.സി.ഐയുടെ പ്രവര്‍ത്തനം തൃപ്‌തികരമാണെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായതായി വിജിലന്‍സ്‌ അറിയിച്ചു. ഭക്ഷ്യധാന്യങ്ങളെല്ലാം വൃത്തിയായാണു സൂക്ഷിച്ചിരിക്കുന്നത്‌. പഴയ അരി കെട്ടികിടക്കുന്നില്ല.
മികച്ച നിലവാരമാണ്‌ ഇവിടെയുള്ള സ്‌റ്റോക്കിലെന്നും വ്യക്‌തമായി. കണക്കുകളും രേഖകളും കൃത്യമാണ്‌. എന്നാല്‍, കടകളില്‍ മോശം അരി എങ്ങനെ എത്തുന്നുവെന്നതു വ്യക്‌തമല്ലെന്നു വിജിലന്‍സ്‌ അറിയിച്ചു.
പരിശോധനയിലെ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട്‌ അടുത്ത ദിവസം വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക്‌ നല്‍കും.
ചിങ്ങവനം എഫ്‌.സി.ഐ ഗോഡൗണില്‍ വിജിലന്‍സ്‌ ഡിവൈ.എസ്‌.പി എസ്‌.കുമാര്‍, പാലാ സപ്ലൈ ഓഫീസിലും സമീപകടകളിലും ഇന്‍സ്‌പെക്‌ടര്‍ സി.ഐമാരായ ടി.ആര്‍.ജിജു,വൈക്കത്ത്‌ എസ്‌.എസ്‌.ബൈജു, കാഞ്ഞിരപ്പള്ളിയില്‍ റിജോ.പി.ജോസഫ്‌ എന്നിവര്‍ പരിശോധന നടത്തി.

Ads by Google
Advertisement
Friday 28 Jul 2017 12.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW