Sunday, July 30, 2017 Last Updated 4 Min 24 Sec ago English Edition
Todays E paper
Thursday 27 Jul 2017 12.51 AM

കല്ലാറ്റില്‍ വെള്ളമില്ല: കുട്ടവഞ്ചി സവാരി പ്രതിസന്ധിയില്‍

uploads/news/2017/07/131070/1pg.jpg

കോന്നി: കല്ലാറ്റില്‍ ജലനിരപ്പ്‌ താഴ്‌ന്നത്‌ അടവിയിലെ കുട്ട വഞ്ചി സവാരി പ്രതിസന്ധിയിലാക്കി. ദിനംപ്രതി നൂറുകണക്കിന്‌ വിദേശികളും സ്വദേശികളുമടക്കമുള്ള വിനോദ സഞ്ചാരികളാണ്‌ കാനന മധ്യത്തിലെ കുട്ട വഞ്ചി സവാരി കേന്ദ്രത്തിലെത്തുന്നത്‌.
മുണ്ടോംമൂഴി പഴയ വള്ളക്കടത്ത്‌ കടവ്‌ കേന്ദ്രീകരിച്ചാണ്‌ വഞ്ചി സവാരി ക്രമീകരിച്ചിട്ടുള്ളത്‌. തുടക്കത്തില്‍ അര കിലോമീറ്റര്‍ മുകള്‍ ഭാഗത്തേക്കും തിരിച്ചു മായിരുന്നു സവാരി. പിന്നീട്‌ താഴ്‌ഭാഗം പേരുവലി വരെ രണ്ട്‌ കിലോമീറ്ററായി സഞ്ചാര പരിധി ഉയര്‍ത്തിയിരുന്നു.
മഴയുടെ ലഭ്യത കുറഞ്ഞതോടെ താഴ്‌ഭാഗത്തേക്കുള്ള സവാരി ഒഴിവാക്കിയതാണ്‌ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളെ ഏറെ നിരാശരാക്കുന്നത്‌.
ഇക്കോ ടൂറിസം വകുപ്പ്‌ എല്ലാ സീസണിലും കുട്ട വഞ്ചി സവാരി മുടക്കം കൂടാതെ നടത്താനുള്ള പദ്ധതികള്‍ നടപ്പാക്കാത്തതാണ്‌ പ്രധാന കാരണം.
തടയണകള്‍ നിര്‍മിച്ച്‌ മഴക്കാലത്ത്‌ പെയ്യുന്ന വെള്ളം സംഭരിച്ച്‌ നിര്‍ത്താന്‍ കല്ലാറ്റില്‍ പദ്ധതികള്‍ ഒന്നും ആവിഷ്‌കരിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ സവാരി പുറപ്പെടുന്ന കടവിനു തൊട്ടു താഴെയായി ചാക്കുകളില്‍ മണല്‍ നിറച്ച്‌ ചെറിയ ഉയരത്തില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചിരിക്കുന്നതിനാലും മുകള്‍ ഭാഗത്ത്‌ കയങ്ങള്‍ ഉള്ളതു കൊണ്ടും അല്‍പദൂരം സവാരി ചെയ്യാന്‍ കഴിയുന്നുണ്ട്‌. എന്നാല്‍, ഇവിടെ താല്‍കാലികമായതിന്‌ പകരം കരിങ്കല്‍കെട്ട്‌ കൊണ്ട്‌ സ്‌ഥിരമായ തടയണ നദിക്ക്‌ കുറുകെ നിര്‍മിച്ചാല്‍ കുട്ട വഞ്ചി സവാരിക്കാവശ്യമായ ജലം എല്ലാ സീസണിലും നിലനിര്‍ത്താനാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.
പേരുവാലിയില്‍ തടയണ നിര്‍മിച്ച്‌ രണ്ട്‌ കിലോമീറ്റര്‍ ദൂരം വെള്ളം കെട്ടിനിര്‍ത്തുക പ്രയാസകരമാകും. ഇത്‌ ഒഴിവാക്കി അരക്കിലോമീറ്റര്‍ ദൂരം 30 മിനിറ്റ്‌ കൊണ്ട്‌ സവാരി നടത്തി മടങ്ങാന്‍ വള്ളക്കടവിലെ തടയണ പ്രയോജനകരമാകും.
30 കുട്ട വഞ്ചിക്ക്‌ 30 തുഴച്ചില്‍ക്കാരെയും നിയമിച്ചിട്ടുണ്ടെങ്കിലും വെള്ളത്തിന്റെ കുറവ്‌ മൂലം എണ്ണത്തില്‍ കുറവ്‌ വരുത്തിയിട്ടുണ്ട്‌.
ശനി, ഞായര്‍, അവധി ദിവസങ്ങളിലാണ്‌ ഇവിടെ വന്‍ തിരക്ക്‌ അനുഭവപ്പെടുന്നത്‌.ഗള്‍ഫ്‌ രാജ്യങ്ങളില്‍ അവധിക്കാലം തുടങ്ങിയതോടെ വിദേശ മലയാളികള്‍ കുടുംബസമേതമായും, കൂട്ടമായും ഇവിടെ എത്തിത്തുടങ്ങി. പരിമിതികളുണ്ടെങ്കിലും ഇവിടെ എത്തുന്നവര്‍ വളരെ സന്തോഷത്തോടെയാണ്‌ മടങ്ങുന്നത്‌. ഇവിടെ സഞ്ചാരികള്‍ക്കായി അഞ്ച്‌ ഏറുമാടങ്ങളും മനോഹരമായി നിര്‍മിച്ചിട്ടുണ്ടെങ്കിലും തങ്ങുന്നവര്‍ കുറവാണ്‌. ഒരു ദിവസത്തേക്ക്‌ 4,000 രൂപയാണ്‌ വാടക.
ഇക്കോ ടൂറിസം പദ്ധതിയില്‍ ഏറെ വിജയകരമായ പദ്ധതിയാണ്‌ അടവി കുട്ട വഞ്ചി സവാരി. 400 രൂപയാണ്‌ ഒരു കുട്ട വഞ്ചി സവാരിക്ക്‌ ഈടാക്കുന്നത്‌. പരമാവധി നാലുപേര്‍ക്ക്‌ യാത്ര ചെയ്യാം.കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍ മാത്രം91,80,800 രൂപയായിരുന്നു വരുമാനം ഈ വര്‍ഷം ഇന്നലെ വരെ 38,30,800 രൂപ വരുമാനം ലഭിച്ചു. ഈ മാസം ഇന്നലെ വരെ വരുമാനം ഏഴു ലക്ഷം കഴിഞ്ഞു.
പദ്ധതിക്ക്‌ തടസമാകുന്ന ജലക്കുറവ്‌ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തടയണ അടക്കമുള്ള മാര്‍ഗങ്ങളെ കുറിച്ച്‌ ചിന്തിക്കണമെന്നാണ്‌ വിനോദ സഞ്ചാരികളുടെ ആവശ്യം.

Ads by Google
Ads by Google
Thursday 27 Jul 2017 12.51 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW