Tuesday, July 25, 2017 Last Updated 21 Min 36 Sec ago English Edition
Todays E paper
Tuesday 25 Jul 2017 12.48 AM

മാവോയിസ്‌റ്റ് രക്‌തസാക്ഷി ദിനാഘോഷം; വയനാട്ടിലും പോലീസിന്‌ ജാഗ്രതാ നിര്‍ദ്ദേശം

uploads/news/2017/07/130423/1wn.jpg

മാനന്തവാടി: ജൂലൈ 28 മുതല്‍ മാവോയിസ്‌റ്റുകള്‍ രക്‌തസാക്ഷിവാരം ആചരിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം .ഇതിന്റെ ഭാഗമായി പോലീസ്‌ നിരീക്ഷണവും പരിശോധന കളും ഊര്‍ജ്‌ജിതമാക്കി. ജൂലൈ 28 മുതല്‍ ഓഗസ്‌റ്റ് രണ്ടുവരെ ഇന്ത്യ മുഴുവന്‍ രക്‌തസാക്ഷിത്വ ദിനാചരണം നടത്താനാണ്‌ വിവിധ ഘടകങ്ങള്‍ക്ക്‌ കേന്ദ്ര സമിതി ആഹ്വാനം ചെയ്‌തിരിക്കുന്നതെന്നാണ്‌ സൂചന. മാവോയിസ്‌റ്റ് സ്‌ഥാപക നേതാവായ ചാര്‌ മജൂംദാര്‍ പോലീസ്‌ കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ടത്‌ ബംഗാളില്‍ 1972 ജൂലൈ 28ന്‌ ആയതിനാലാണ്‌ ഈ ദിവസം രക്‌തസാക്ഷി ദിനാചരണത്തിന്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. കേരളത്തിലെ ശക്‌തികേന്ദ്രങ്ങളായ വയനാട്‌, നിലമ്പൂര്‍, പാലക്കാട്‌ തുടങ്ങിയ സ്‌ഥലങ്ങളിലാണ്‌ ദിനാചരണം നടക്കുക എന്നാണ്‌ പോലീസ്‌ കരുതുന്നത്‌. ഇവര്‍ ഇറക്കിയ ലഘുലേഖയില്‍ കേരളത്തിലും രക്‌തസാക്ഷികള്‍ ഉണ്ടെന്ന്‌ വ്യക്‌തമാക്കുന്നുണ്ട്‌. 2016 നവംബര്‍ 24 ന്‌ സംസ്‌ഥാന പോലീസ്‌ സേന കൊന്ന കേന്ദ്രസമിതി അംഗം കൂപ്പു ദേവരാജ്‌, പശ്‌ചിമ ഘട്ട പ്രത്യേക മേഖല സമിതി അംഗം അജിത എന്ന കാവേരി, കുഴിബോംബ്‌ നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട കബനി ദളം രാഷ്‌ട്രീയ കണ്‍വീനര്‍ സിനോജ്‌ എന്ന രമേശന്‍ തുടങ്ങി ഏഴു പേരാണ്‌ കര്‍ണാടക -തമിഴ്‌നാട്‌-കേരളം എന്നിവയുടെ സംഗമ കേന്ദ്രമായ ട്രൈ ജംഗ്‌ഷന്‍ കേന്ദ്രീകരിച്ച്‌ സി.പി.ഐ.മാവോയിസ്‌റ്റ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തി രക്‌തസാക്ഷികളായതെന്ന്‌ അര്‍ബന്‍ ഏരിയ കമ്മറ്റിയുടെ മുഖപത്രമെന്ന്‌ പറയപ്പെടുന്ന 'വര്‍ഗസമരം' മാസിക വ്യക്‌തമാക്കുന്നു. മാവോയിസ്‌റ്റുകളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന പോരാട്ടം പോലുള്ള സംഘടനകളിലെ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവും പോലീസ്‌ നിരീക്ഷിക്കുന്നുണ്ട്‌. അതോടൊപ്പം വനമേഖലകളില്‍ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്‌.മാവോയിസ്‌റ്റ് നേതാവ്‌ രൂപേഷിന്റെ അറസ്‌റ്റോടെ വയനാട്ടില്‍ മാവോയിസ്‌റ്റ് പ്രവര്‍ത്തനം പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും അതിര്‍ത്തി ഗ്രാമങ്ങളില്‍ സജീവമാണെന്നാണ്‌ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്‌.

Ads by Google
Ads by Google
Tuesday 25 Jul 2017 12.48 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW