Thursday, August 24, 2017 Last Updated 0 Min 31 Sec ago English Edition
Todays E paper
Tuesday 25 Jul 2017 12.34 AM

അദാലത്തിലെത്തിയ ഭാര്യയെ ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെതിരേ കേസ്‌

uploads/news/2017/07/130355/1ag.jpg

ആലപ്പുഴ: വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതി നല്‍കിയ ഭാര്യയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെതിരേ കേസെടുക്കാന്‍ കമ്മിഷനംഗം എം.എസ.്‌ താര പോലീസിനു നിര്‍ദേശം നല്‍കി. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ടു കായംകുളം സ്വദേശിനി നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെ വനിതാ കമ്മിഷന്‍ ഇന്നലെ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടത്തിയ അദാലത്തില്‍ വിളിപ്പിച്ചിരുന്നു. അദാലത്തിലെ വിസ്‌താരത്തിനുശേഷം ഇയാള്‍ ഭാര്യാ വീട്ടിലെത്തി ഭാര്യാമാതാവിനോട്‌ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അദാലത്തിനുശേഷം കായംകുളത്തെ വീട്ടിലെത്തിയ യുവതി വീണ്ടും പിതാവുമായി അദാലത്തിലെത്തി കമ്മിഷനെ വിവരം ധരിപ്പിക്കുകയായിരുന്നു.
ജോലിസ്‌ഥലത്ത്‌ മാനസികപീഡനം നേരിടുന്നതായി കാണിച്ച്‌ അധ്യാപിക ഉള്‍പ്പെടെ രണ്ടു വനിതകള്‍ നല്‍കിയ പരാതികള്‍ അദാലത്തില്‍ പരിഹരിച്ചതായി കമ്മിഷനംഗം പറഞ്ഞു. സദാചാര മേല്‍നോട്ടം ചമഞ്ഞ്‌ അയല്‍ക്കാരന്‍ ബുദ്ധിമുട്ടിക്കുന്നതായി കാണിച്ചു ലഭിച്ച മൂന്നുപരാതികളും അദാലത്തില്‍ പരിഹരിച്ചു. കമ്മിഷനോടും പരാതിക്കാരോടും മാപ്പു പറഞ്ഞ്‌ കുറ്റാരോപിതര്‍ കൂടുതല്‍ നടപടികളില്‍നിന്നും ഒഴിവായി.
കഴിഞ്ഞമാസം നെടുമുടിയില്‍ നടത്തേണ്ടിയിരുന്ന അദാലത്ത്‌ മഴക്കെടുതിമൂലം മാറ്റിവച്ച സാഹചര്യത്തില്‍ കൂടുതല്‍ കേസുകള്‍ അദാലത്തില്‍ പരിഗണിച്ചു. പരിഗണിച്ച 106 കേസുകളില്‍ 34 എണ്ണം തീര്‍പ്പാക്കി. 26 കേസുകളില്‍ എതിര്‍ കക്ഷികള്‍ ഹാജരായില്ല. മൂന്നുകേസുകള്‍ വിവിധ ഉദ്യോഗസ്‌ഥരുടെ റിപ്പോര്‍ട്ടിനായി അയച്ചു. 43 എണ്ണം അടുത്ത അദാലത്തിലേക്കു മാറ്റി.
സംസ്‌ഥാന വനിതാ കമ്മിഷന്‍ ഡയറക്‌ടര്‍ വി.യു. കുര്യാക്കോസ്‌, അഭിഭാഷകര്‍, വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍, കൗണ്‍സിലിങ്‌ വിദഗ്‌ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Ads by Google
Tuesday 25 Jul 2017 12.34 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW