Saturday, July 29, 2017 Last Updated 1 Min 7 Sec ago English Edition
Todays E paper
Monday 24 Jul 2017 12.11 AM

കാട്ടാനകള്‍ നഗരത്തില്‍

uploads/news/2017/07/130065/1pl.jpg

പാലക്കാട്‌: ഒലവക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും കാട്ടാനകള്‍ വിലസിയതോടെ നഗരം ഭീതിയില്‍. ശനിയാഴ്‌ച രാത്രി 11.30 ഓടെയാണ്‌ ഏതുസമയത്തും വാഹനങ്ങളും ആളും തിരക്കുമുള്ള ഒലവക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത്‌ കാട്ടാനകളെത്തിയത്‌. ജനക്കൂട്ടത്തേയോ വാഹനങ്ങളേയോ വകവയ്‌ക്കാതെ ജനവാസമേഖലകളിലൂടെ രാത്രി നീങ്ങിയ കാട്ടാനകള്‍ നഗരവാസികളെയും വിറപ്പിക്കുകയാണ്‌. കമ്പിവേലികളും മതിലും കൃഷിയിടങ്ങളുമെല്ലാം ചവിട്ടിമെതിച്ചാണ്‌ കാട്ടാനകള്‍ നടന്നു നീങ്ങുന്നത്‌.
കാട്ടാനകളെ ധോണി കാട്ടിലേക്ക്‌ തുരത്തിയതായാണ്‌ വനംവകുപ്പ്‌ അവകാശപ്പെടുന്നതെങ്കിലും ഏതുസമയവും കാട്ടാന ആക്രമണം പ്രതീക്ഷിക്കുകയാണ്‌ നഗരവാസികള്‍. തിങ്ങിനിറഞ്ഞ വീടുകള്‍ക്കിടയിലൂടെ കാട്ടാനകള്‍ കടന്നുപോയത്‌ ഏവരുടേയും ഉറക്കംകെടുത്തുകയാണ്‌. ശനിയാഴ്‌ച രാത്രി ഒലവക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‌ മുന്നില്‍ കച്ചവടം നടത്തുന്ന പൂക്കാരത്തോട്ടം ചോലയില്‍ നൗഫലിന്‌ (44) കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇയാളുടെ കട ആന തകര്‍ത്തു.
സംഭവം അറിഞ്ഞെത്തിയ പോലീസും വനംവകുപ്പും പടക്കം പൊട്ടിച്ചും പന്തം കൊളുത്തിയും ഓടിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട്‌ കാട്ടാനകളും സമീപത്തെ മെമു ഷെഡില്‍ നിലയുറപ്പിച്ചു. പകല്‍ അക്കരക്കാട്‌ പ്രദേശത്ത്‌ ശാന്തരായി നിന്ന കാട്ടാനകള്‍ രാത്രിയോടെയാണ്‌ ഒലവക്കോടെത്തിയത്‌. ഇവിടെ നിന്നും നടക്കാവ്‌, കല്ലേക്കുളങ്ങര, പണ്ടാരകളം വഴിയാണ്‌ ആനകള്‍ നീങ്ങിയത്‌. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്‌ഥലങ്ങളാണിവ.
മതിലും കമ്പിവേലിയും കൃഷിയും ചവിട്ടിമെതിച്ചാണ്‌ കാട്ടാനകള്‍ ഇതുവഴി നീങ്ങിയത്‌. പുലര്‍ച്ചയോടെ വനംവകുപ്പും പോലീസും ചേര്‍ന്ന്‌ കാട്ടാനകളെ ധോണി കാട്ടിലേക്ക്‌ തുരത്തി. ധോണിയിലും പരിസരങ്ങളിലും താമസിക്കുന്നവരും ഭീതിയിലാണ്‌. ഏതുനിമിഷവും കാട്ടാനകള്‍ ഇനിയും കാടിറങ്ങുമെന്നാണ്‌ ജനങ്ങളുടെ പേടി. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ മലമ്പുഴ പഞ്ചായത്തിലെ ആറങ്ങോട്ടുകുളമ്പില്‍ പ്രധാന പാതകളില്‍ വഴിവിളക്ക്‌ സ്‌ഥാപിക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിര രാമചന്ദ്രന്‍ അറിയിച്ചു.കൊട്ടേക്കാട്‌, അകത്തേത്തറ ഫോറസ്‌റ്റ് സെക്ഷന്‍ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ കാട്ടാനകളെ കാട്ടിലേക്ക്‌ തുരത്തിയെങ്കിലും ജനങ്ങള്‍ ജാഗ്രത പാലക്കിക്കണമെന്ന്‌ വാളയാര്‍ റേഞ്ച്‌ ഓഫീസര്‍ അറിയിച്ചു. അക്കരക്കാട്‌, മുക്കൈ ശിവക്ഷേത്രം എന്നിവിടങ്ങളില്‍ പതുങ്ങിയിരുന്ന കാട്ടാനകള്‍ രാത്രിയോടെയാണ്‌ ഒലവക്കോട്‌ എത്തിയത്‌. പോലീസും വനവകുപ്പും പ്രദേശനങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നാണ്‌ സൂചന. കടുക്കാംകുന്നത്ത്‌ ജനവാസ മേഖലയില്‍ തുടര്‍ച്ചയായി കാട്ടാനയെത്തുന്നത്‌ ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്‌.

Ads by Google
Ads by Google
Monday 24 Jul 2017 12.11 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW