Tuesday, August 22, 2017 Last Updated 19 Min 48 Sec ago English Edition
Todays E paper
Sunday 23 Jul 2017 12.18 AM

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു നീലിമംഗലംപാലത്തില്‍ അപകടം തുടര്‍ക്കഥ

uploads/news/2017/07/129872/1kg.jpg

കോട്ടയം: നീലിമംഗലം പാലത്തില്‍ അപകടം തുടര്‍ക്കഥയാകുന്നു. പാലം പൂര്‍ത്തിയായിട്ട്‌ ഏറെ നാളായെങ്കിലും ബലക്ഷയുമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ പുതിയ പാലം അടച്ചിട്ടിരിക്കുകയാണ്‌. ഇതേത്തുടര്‍ന്ന്‌ പഴയ പാലത്തിലൂടെയാണു വാഹനങ്ങള്‍ സഞ്ചരിക്കുന്നത്‌. ഇവിടെയാണ്‌ തുടര്‍ച്ചെയായി അപകടം സംഭവിക്കുന്നത്‌.
പുതിയ പാലം അടിച്ചിട്ടിരിക്കുന്നതറിയാതെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളാണ്‌ അപകടത്തില്‍പ്പെടുന്നത്‌. കഴിഞ്ഞ ദിവസം രാത്രി കാറും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും അപകടത്തില്‍പ്പെട്ടതാണ്‌ ഏറ്റവും ഒടുവിലത്തെ സംഭവം. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ജോലി കഴിഞ്ഞു താമസസ്‌ഥലത്തേക്കു മടങ്ങുമ്പോഴായിരുന്നഒ അപകടം.
ഏറ്റുമാനൂരില്‍നിന്നു വന്ന പാലാസ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ്‌ അപകടത്തിനിടയാക്കിയത്‌. നീലിമംഗലം പുതിയ പാലത്തിലേക്കു കാര്‍ പ്രവേശിച്ചപ്പോഴാണ്‌ പാലത്തിനു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടത്‌. തുടര്‍ന്നു പഴയ പാലത്തിലേയ്‌ക്കു വെട്ടിച്ചിറക്കിയതാണ്‌ അപകടത്തിനു കാരണം. എതിര്‍വശത്തു നിന്നു വരികയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇത്തരത്തില്‍ ചെറുതും വലുതുമായ നിരവധി സംഭവങ്ങളാണ്‌ ദിവസേന ഇവിടെ ഉണ്ടാകുന്നത്‌. മൂന്നുവര്‍ഷം മുന്‍പു നിര്‍മാണം തുടങ്ങിയ പാലം കഴിഞ്ഞ ഡിസംബറിലാണ്‌ പൂര്‍ത്തിയാക്കിയത്‌. അതേ സമയം പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാരോപിച്ചു നാട്ടുകാരില്‍ ചിലര്‍ ലോകബാങ്കില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന്‌ ലോകബാങ്ക്‌ ബംഗളുരു ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയെക്കൊണ്ടു പഠനം നടത്തിയിരുന്നു. പരിശോധനയുടെ ഭാഗമായി നാലു ടോറസ്‌ ലോറികളില്‍ ഓരോന്നിലും 38.2 ടണ്‍വീതം കയറ്റി പാലത്തില്‍ നിര്‍ത്തിയിട്ടായിരുന്നു ഭാരപരിശോധന.
ഭാരം കയറ്റുമ്പോള്‍ പാലത്തിന്റെ ബീമിനു പരമാവധി നാലു മില്ലിമീറ്റര്‍ വരെ സ്വാഭാവിക വളവ്‌ ഉണ്ടാകാം. ഭാരം മാറുമ്പോള്‍ വളവു മാറി ബീം പൂര്‍വസ്‌ഥിതിയിലാകും. എന്നാല്‍ നീലിമംഗലം പാലത്തില്‍ ഭാരപരിശോധന നടക്കുമ്പോള്‍ ഇത്‌ ആറു മില്ലിമീറ്റര്‍ വരെയുണ്ടായി എന്നാണു പരിശോധനാ റിപ്പോര്‍ട്ട്‌. ഇതു ഗുരുതര ബലക്ഷയ മാണെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രതിഷേധവുമായെത്തി. തുടര്‍ന്നു പാലം തുറന്നു കൊടുക്കുന്നതു ലോകബാങ്ക്‌ തടഞ്ഞിരിക്കുകയാണ്‌. എന്നാല്‍ പരിശോധനയില്‍ കണ്ടെത്തിയത്‌ ഗുരുതര പിഴവല്ലെന്ന നിലപാടിലാണു കെ.എസ്‌.ടി.പി. അധികൃതര്‍. അതേസമയം പാലം ഉടന്‍ തുറന്നു കൊടുക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധവുമായി രംഗത്തുവരുമെന്നും നാട്ടുകാര്‍ പറഞ്ഞു.

Ads by Google
Ads by Google
Sunday 23 Jul 2017 12.18 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW